എന്തു കൊണ്ട് ഇപ്പോള്‍ കോമഡി സിനിമകള്‍ ചെയ്യുന്നില്ല ! മറുപടി പറഞ്ഞ് മോഹന്‍ലാല്‍…

മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. ലാലേട്ടന്റെ ഹീറോയിസം പ്രകടമാകുന്ന ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമെങ്കിലും ഒരു കാലത്ത് താരത്തിന്റേതായി പുറത്തു വന്നത് നിരവധി കോമഡി ഹിറ്റുകളാണ്.

ബോയിംഗ് ബോയിംഗ്, പൂച്ചയ്ക്കൊരു മൂക്കൂത്തി, വെള്ളാനകളുടെ നാട് എന്നിങ്ങനെ പോകുന്നു അത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി കോമഡി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ എത്താറില്ല.

ലാല്‍ അതിന്റെ കാരണം വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ചാനലിനു മുമ്പ് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.

കാലഘട്ടത്തിന് അനുസരിച്ച് സിനിമകള്‍ മാറണമെന്ന അഭിപ്രായമാണ് തനിക്കുളളതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പണ്ട് താനും പ്രിയദര്‍ശനും ചെയ്ത സിനിമകള്‍ ഇപ്പോഴത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നു പോലും സംശയമാണ്.

അപ്പോള്‍ നമ്മള്‍ വേറൊരു തരം ഹ്യൂമറിലേക്ക് പോകേണ്ടി വരും. ഹലോ എന്ന സിനിമ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു എന്നു കരുതി വീണ്ടും അങ്ങനെ ചെയ്താല്‍ വിജയിക്കണം എന്നില്ലെന്ന് ലാലേട്ടന്‍ പറയുന്നു.

നമുക്ക് പ്രായത്തിന് അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നതു പോലെ സിനിമയും മാറും. ആ മാറ്റങ്ങളെ നമ്മള്‍ അംഗീകരിക്കുക ആണ് വേണ്ടത്. തമാശ അത്ര എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല.

നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ മുഴുവന്‍ വൃത്തികേടാകും. പ്രിയദര്‍ശനും ശ്രീനിവാസനുമെല്ലാം ഇക്കാര്യത്തില്‍ പയറ്റി തെളിഞ്ഞവരാണ്.

ഇതുവരെ താന്‍ ചെയ്ത കോമഡി സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമ എന്നെ തേടി വരാത്തതാണ് അത്തരം കാറ്റഗറികള്‍ തിരഞ്ഞെടുക്കാത്തതിന് പിന്നില്‍.

വൈകാതെ തന്നെ ഒരു കോമഡി ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം തനിക്കുണ്ടാകുമെന്നാണ് കരുതുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രം 1984ല്‍ പുറത്തിറങ്ങിയ പൂച്ചയ്ക്കൊരു മൂക്കൂത്തി എന്ന സിനിമയാണ്. മോഹന്‍ലാല്‍ തന്നെയായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

അക്കരെയക്കരെ, ഹലോ മൈഡിയര്‍ റോങ്ങ് നമ്പര്‍, കിലുക്കം,കിളിച്ചുണ്ടന്‍ മാമ്പഴം, മിന്നാരം എന്നിങ്ങനെ നിരവധി കോമഡി പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ ചെയ്തു. എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് ഈ സിനിമകളില്‍ കോമഡിയുടെ രീതിയും മാറിയിരുന്നു. മോഹന്‍ലാല്‍ പറയുന്നു.

മരയ്ക്കാര്‍ അറബികടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ അടുത്തതായി പുറത്തിറങ്ങാന്‍ ഇരിക്കുന്നത്.

Related posts

Leave a Comment