മുലപ്പാല്‍ നല്‍കി പൊന്നുമക്കളെ നാലു ദിവസം സംരക്ഷിച്ചു ! സ്വന്തം മൂത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ദാരുണാന്ത്യം;വേദനയായി വെനസ്വലയിലെ ഒരമ്മ…

പണപ്പെരുപ്പവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഒരു കാലത്ത് എണ്ണപ്പണത്താല്‍ സുവര്‍ണ ഭൂമിയായിരുന്ന വെനസ്വേലയെ കൊടും പട്ടിണിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.

ജോലിയും മികച്ച ജീവിതസൗകര്യവും തേടി ആളുകള്‍ അയല്‍നാടുകളിലേക്ക് പാലായനം തുടരുകയാണ്. സ്വന്തം മക്കളെ പോറ്റാന്‍ അയല്‍രാജ്യങ്ങളിലേക്ക് ലൈംഗികത്തൊഴിലിനായി പോകുന്ന അമ്മമാരും ഇവിടെ കുറവല്ല.

ഇങ്ങനെയുള്ള പരിതസ്ഥിതി തുടരുന്ന ഘട്ടത്തില്‍ തന്നെ ഹൃദയഭേദകമായ മറ്റൊരു വാര്‍ത്തകൂടി വെനസ്വേലയില്‍ നിന്ന് പുറത്തു വരികയാണ്.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍വച്ച് യാത്രാബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് സ്വന്തം ജീവന്‍ നല്‍കി മക്കളെ രക്ഷിച്ച ഒരു അമ്മയുടെ കഥയാണിത്.

അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള ഉല്ലാസയാത്രയ്ക്കിടെ ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ നടുക്കടലില്‍ അകപ്പെട്ടു പോവുകയായിരുന്നു.

തകര്‍ന്ന ബോട്ടിന്റെ വെള്ളത്തില്‍ ഉയര്‍ന്നു കിടന്ന ഒരു ഭാഗത്താണ് മരിലി ഷാകോണ്‍ എന്ന വനിതയും രണ്ടു മക്കളും പരിചാരകയും അടങ്ങുന്ന സംഘം രക്ഷ നേടിയത്.

എന്നാല്‍ ഭക്ഷണമോ വെള്ളമോ കയ്യില്‍ ഇല്ലാത്തതിനാല്‍ ആറുവയസ്സുകാരനായ ജോസ് ഡേവിഡിന്റെയും രണ്ടു വയസ്സുകാരിയായ മരിയയുടെയും ജീവന്‍ നിര്‍ത്തുന്നതിനായി മരിലി മുലപ്പാല്‍ നല്‍കുകയായിരുന്നു.

ഈ നാലുദിവസവും സ്വന്തം മൂത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്തിയാണ് മരിലി മക്കളെ മുലയൂട്ടിയത്.

ഒടുവില്‍ കടലില്‍ അകപ്പെട്ട ബോട്ട് യാത്രക്കാരെ തിരഞ്ഞിറങ്ങിയ രക്ഷാസംഘം ഇവരെ കണ്ടെത്തുമ്പോഴേക്കും മരിലി ജീവന്‍ വെടിഞ്ഞിരുന്നു. കുട്ടികള്‍ അമ്മയുടെ മൃതദേഹത്തില്‍ ചേര്‍ന്നിരിക്കുന്ന കാഴ്ചയാണ് രക്ഷാസംഘം കണ്ടത്.

മൂത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചാണ് മരിലി മരിച്ചത്.

കുട്ടികള്‍ ഇരുവരും നിര്‍ജലീകരണവും സൂര്യതാപമേറ്റതും മൂലം തികച്ചും അവശരായ നിലയിലായിരുന്നു. കൊടും ചൂടിനെ അതിജീവിക്കാന്‍ ബോട്ടിന്റെ തകര്‍ന്ന ഭാഗത്ത് അവശേഷിച്ച ചെറിയ ഫ്രിഡ്ജിനുള്ളിലാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവതി രക്ഷ നേടിയത്.

രക്ഷാസംഘം ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചു. വിശദമായ പരിശോധനയില്‍ ഇലക്ട്രോലൈറ്റുകളില്‍ കാര്യമായ കുറവ് വന്നതിനെ തുടര്‍ന്നാണ് മരിലിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചത് എന്ന് കണ്ടെത്തി.

മരിലിയുടെ ഭര്‍ത്താവടക്കം ബോട്ടിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടികളെ സന്തോഷിപ്പിക്കാനായാണ് സംഘം ദ്വീപിലേക്ക് യാത്ര പുറപ്പെട്ടത് എന്ന് മരിലിയുടെ അച്ഛനായ ഹംബേര്‍ട്ടോ പറയുന്നു.

ശക്തമായ തിരമാലകളെ തുടര്‍ന്നാണ് ബോട്ട് തകര്‍ന്നത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേ സമയം കുട്ടികളുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്നും അവര്‍ ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Related posts

Leave a Comment