മേക്കപ്പിട്ട് കപടജീവിതം ജീവിക്കുന്നവരേ… ഒരാളുടെ മരണത്തിലെങ്കിലും അല്‍പം മനുഷ്യത്വം കാണിക്കൂ; ശ്രീദേവിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ താരങ്ങളുടെ തനിനിറം തുറന്നുകാട്ടി ഡിസൈനര്‍…

ഇന്ത്യന്‍ സിനിമാപ്രേമികളെയാകെ കണ്ണീരിലാഴ്ത്തിയാണ് പ്രിയ നടി ശ്രീദേവി വിടവാങ്ങിയത്. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം ലോഖണ്ഡവാലയിലെ സെലിബ്രേഷന്‍സ് സ്‌പോര്ട്‌സ് ക്ലബില്‍ നടന്ന പൊതുദര്‍ശനത്തിലും വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടന്ന സംസ്‌കാര ചടങ്ങുകളിലും പങ്കെടുക്കാന്‍ എത്തിയിരുന്നു. എന്നാല്‍ മരണത്തില്‍ അനുശോചനം അറിയിക്കാനും ചടങ്ങുകളില്‍ പങ്കെടുക്കാനും എത്തുമ്പോഴും സെലിബ്രിറ്റികള്‍ക്ക് ഗ്ലാമറില്‍ തന്നെയാണ് ശ്രദ്ധ എന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.

പ്രശസ്ത ഡിസൈനറായ ഗൗരങ്ക് ഷായുടെ അസിസ്റ്റന്റ് ഡിസൈനര്‍ ആയ നികിത ഷാ ആണ് ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശനവുമായി രംഗത്ത് വന്നത്. ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് കിട്ടുന്നതിനായി നിരവധി താരങ്ങള്‍ ഗൗരങ്കിനെ സമീപിച്ചിരുന്നുവെന്നാണ് നികിതയുടെ ആരോപണം.

നികിതയുടെ കുറിപ്പ് ഇങ്ങനെ

‘എനിക്ക് ഭയങ്കര ദേഷ്യവും വേദനയും വെറുപ്പും തോന്നി. ശ്രീദേവിയുടെ പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ പക്കലുള്ള ശേഖരത്തില്‍ നിന്ന് ഡിസൈനര്‍ വസ്ത്രങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി സറ്റൈലിസ്റ്റുകളാണ് തങ്ങളുടെ താരങ്ങള്‍ക്ക് വേണ്ടി ഗൗരങ്കുമായി ബന്ധപ്പെട്ടത്.

ദൈവത്തെ ഓര്‍ത്ത് ഒന്ന് പറയൂ സൂപ്പര്‍ താരങ്ങളെ നിങ്ങള്‍ ശ്രീദേവിയുടെ സംസ്‌കാരത്തിലും പ്രാര്‍ഥനാ സമ്മേളനത്തിനും പോകുന്നത് അവര്‍ നിങ്ങള്‍ക്ക് ആരെങ്കിലും ആയിരുന്നത് കൊണ്ടാണോ? അതോ അവിടെ നടക്കുന്നത് ഒരു ഫാഷന്‍ പരേഡ് ആണോ? മാധ്യമങ്ങള്‍ പരിഹാസ്യമായി പലതും ചെയ്യുന്നുണ്ട് എന്നാല്‍ സിനിമാ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ തരംതാണത് എനിക്ക് അവരോടുള്ള ദേഷ്യത്തിനുള്ള കാരണമായി.

മേക്കപ്പ് ചെയ്ത് ഒരു കപട ജീവിതം നയിക്കുന്നത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടാകാം. എന്നാല്‍ ഒരാളുടെ മരണത്തിലെങ്കിലും അല്പം മനുഷ്യത്വം കാണിക്കൂ. ഒരേ ഒരാള്‍ ഇന്ന് അത്യധികം ദുഃഖം അനുഭവിക്കുന്നുണ്ടെങ്കില്‍ അത് ശ്രീദേവിയായിരിക്കും. മുകളില്‍ നിന്ന് ഇവിടെ കാര്യങ്ങളെല്ലാം ചുരുളഴിയുന്നത് കാണുമ്പോള്‍ അവര്‍ വേദനിക്കുന്നുണ്ടാവും’ നികിത കുറിച്ചു. ശ്രീദേവിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ താരങ്ങളുടെ വസ്ത്രധാരണ രീതി മുമ്പേ തന്നെ വിവാദമായിരുന്നു. മരണാനന്തര ചടങ്ങിനെത്തിയപ്പോള്‍ ചിരിച്ച് സന്തോഷിക്കുന്ന ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 

Related posts