പരവൂർ: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ആദ്യമായി അതിർത്തി കടന്ന് അന്താരാഷ്ട്ര സർവീസിന് ഒരുങ്ങുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽനിന്നു നേപ്പാളിലേക്ക് നടത്തുന്ന ഈ സവിശേഷ തീർഥാടന വിനോദയാത്രയ്ക്ക് പശുപതിനാഥ് നേപ്പാൾ ദർശൻ യാത്ര എന്നാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ പേരിട്ടിരിക്കുന്നത്. ജൂൺ 12-നാണ് ട്രെയിൻ ഇൻഡോറിൽ നിന്നും പുറപ്പെടുക.
നേപ്പാളിന്റെ സാംസ്കാരിക മഹിമയും പ്രകൃതിഭംഗിയും ആസ്വദിക്കാൻ തക്കവണ്ണം ഒമ്പത് രാത്രിയും പത്തു പകലും നീളുന്ന രീതിയിലാണ് ഐആർസിടിസി യാത്ര ക്രമീകരിച്ചിരിക്കുന്നത്. നേപ്പാളിലെ ഏറ്റവും പ്രശസ്തമായ അഞ്ച് കേന്ദ്രങ്ങളാണ് ഈ യാത്രയിൽ സന്ദർശിക്കാൻ അവസരമുള്ളത്:
- കാഠ്മണ്ഡു (നേപ്പാളിന്റെ തലസ്ഥാന നഗരിയുടെ ചരിത്രവും സംസ്കാരവും അടുത്തറിയാം.)
- പശുപതിനാഥ് ക്ഷേത്രം (ലോകപ്രശസ്തമായ ശിവക്ഷേത്ര ദർശനം.)
- പൊഖാറ (മനോഹരമായ തടാകങ്ങളും ഹിമാലയൻ കാഴ്ചകളും സമ്മാനിക്കുന്ന പ്രകൃതിരമണീയ നഗരം.)
- ചിത്വാൻ നാഷനൽ പാർക്ക് (വന്യജീവികളെ അടുത്തറിയാൻ പാക്കേജിന്റെ ഭാഗമായുള്ള ജീപ്പ് സഫാരി.)
- മണകാമന ക്ഷേത്രം: (കുന്നിൻമുകളിലെ പ്രശസ്ത ക്ഷേത്രത്തിലേക്ക് ആവേശമുണർത്തുന്ന റോപ്വേ റൈഡ്.)
അത്യാധുനിക സൗകര്യങ്ങളോടെ ഡീലക്സ് ട്രെയിൻ
യാത്രക്കാരുടെ ആഡംബരവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന 14 കോച്ചുകളുള്ള ഡീലക്സ് എസി ട്രെയിനാണിത്. ഫസ്റ്റ് എസി, സെക്കൻഡ് എസി, തേർഡ് എസി വിഭാഗങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. യാത്രക്കാർക്ക് രുചികരമായ ശുദ്ധ സസ്യാഹാരം പാചകം ചെയ്ത് വിളമ്പുന്നതിനായി രണ്ട് പ്രത്യേക റസ്റ്ററന്റ് കോച്ചുകളും ട്രെയിനിലുണ്ട്.
മധ്യപ്രദേശിലെ ഇൻഡോർ, ഉജ്ജയിൻ, സുജയ്പൂർ, ഭോപാൽ, ഇറ്റാർസി, നർസിങ്പൂർ, ജബൽപൂർ, കട്നി, സത്ന എന്നീ സ്റ്റേഷനുകളിൽ നിന്നും യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ സൗകര്യമുണ്ടാകും.
യാത്രാ നിരക്കുകൾ (ഒരാൾക്ക്)- തേർഡ് എസി കംഫർട്ട്: 62,710 രൂപ
- സെക്കൻഡ് എസി ഡീലക്സ്: 76,550 രൂപ
- ഫസ്റ്റ് എസി സുപ്പീരിയർ: 90,400 രൂപ
ഈ പാക്കേജ് തുകയിൽ ട്രെയിൻ ടിക്കറ്റ് മാത്രമല്ല ഉൾപ്പെടുന്നത്. നേപ്പാളിലെ ത്രീ-സ്റ്റാർ ഹോട്ടലുകളിലെ താമസം, ശുദ്ധമായ സസ്യാഹാരം, കാഴ്ചകൾ കാണാൻ എസി ബസ് സൗകര്യം, എല്ലാ യാത്രക്കാർക്കും ട്രാവൽ ഇൻഷുറൻസ്, സഹായികളായി പ്രത്യേക ടൂർ എസ്കോർട്ടുകൾ എന്നിവയെല്ലാം ഈ നിരക്കിൽ ഉൾപ്പെടുന്നു. - ബുക്കിംഗ് എങ്ങനെ?
സീറ്റുകൾ പരിമിതമായതിനാൽ യാത്ര ചെയ്യാൻ താല്പര്യമുള്ളവർക്ക് ഐആർസിടിസിയുടെ ഔദ്യോഗിക ടൂറിസം വെബ്സൈറ്റ് (www.irctctourism.com) വഴി നേരിട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ ഐആർസിടിസിയുടെ പ്രാദേശിക/മേഖലാ ഓഫീസുകൾ വഴിയും ബുക്കിംഗ് നടത്താം.
