കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പരിയത്തുകാവ് ഉന്നതിയില്‍ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള പോലീസ് നീക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ സമരസിതി നീക്കം. ഇന്ന് സമരസമിതി യോഗം ചേരും. തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് പൊളിച്ചുനീക്കിയ സമരപ്പന്തല്‍ പുനഃസ്ഥാപിക്കാനും, ഒഴിപ്പിക്കല്‍ നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനുമാണ് തീരുമാനം.
അതേസമയം ബലപ്രയോഗം പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമുണ്ടായിട്ടും എന്തുകൊണ്ട് പോലീസ് നടപടിയുണ്ടായെന്ന കാര്യത്തില്‍ ആലുവ റൂറല്‍ എസ്പി ഇന്ന് എറണാകുളം റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിഷയം രാഷ്ട്രീയമാക്കാനാണ് സിപിഎമ്മിന്റെ നീക്കം. പി. രാജീവ് അടക്കമുള്ളവര്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ചേക്കും.
കുടിയൊഴിപ്പിക്കല്‍ തടയുന്നതിനിടയില്‍ കഴിഞ്ഞ ദിവസം പോലീസുമായുണ്ടായ കടുത്ത സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ സമരക്കാരന് ചന്ദ്രന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. നിലവില്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം ഇന്ന് ആശുപത്രി വിട്ടേക്കും.ഭരണകൂടത്തിന്റേയോ ആഭ്യന്തര വകുപ്പിന്റേയോ ഭാഗത്തുനിന്ന് സമരം കലുഷിതമാക്കരുതെന്ന കര്‍ശന നിര്‍ദേശമുണ്ടായിരുന്നിട്ടും പ്രദേശത്ത് പോലീസ് അനാവശ്യമായി മര്‍ദ്ദനം അഴിച്ചുവിട്ടെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്.
കേസെടുത്ത് പോലീസ്
കുടിയൊഴിപ്പിക്കലിനെത്തിയ പോലീസിനെ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. അമ്പതോളം പേര്‍ക്കെതിരെയാണ് കേസ്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് പോലീസിന്റെ വാദം. എന്നാല്‍ അഭിഭാഷക കമ്മീഷനായി എത്തിയ അഡ്വ. ജയപാലിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പോലീസ് സമരക്കാരെ ക്രൂരമായി നേരിട്ടതെന്നും, പോലീസ് സംയമനം പാലിക്കാന്‍ ശ്രമിച്ച ഘട്ടത്തില്‍പ്പോലും അഭിഭാഷകന് ഇടപെട്ട് മര്‍ദ്ദനത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയായിരുന്നുവെന്നും പ്രദേശവാസികളും സമരസമിതിയും ആരോപിക്കുന്നു.
രാഷ്ട്രീയ ആയുധമാക്കാന്‍ സിപിഎം
പോലീസ് അതിക്രമം രാഷ്ട്രീയ വിഷയമായി ഉയര്‍ത്താനൊരുങ്ങി സിപിഎം. വിഷയത്തില്‍ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് മലയിടംതുരുത്തില്‍ നടക്കും. ഇന്നലെ നടന്ന പോലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ പി. രാജീവ് ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള മാര്‍ഗം തേടുകയാണ് വേണ്ടതെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.
