പാലിയേക്കര (തൃശൂർ): പാലിയേക്കരയിൽ വന് കഞ്ചാവ് വേട്ട. ഒഡീഷയില്നിന്നു ലോറിയില് കടത്തികൊണ്ടുവന്ന 124 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വിവിധ ക്രിമിനൽ കേസുകളിൽപ്പെട്ട നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആലുവ സ്വദേശികളായ ചീനിവിള വീട്ടില് ആഷ്ലിന്, പള്ളത്ത് വീട്ടില് താരിസ്, പീച്ചി ചേരുംകുഴി സ്വദേശി തെക്കയില് വീട്ടില് കിങ്ങിണി ഷിജോ എന്ന ഷിജോ, പാലക്കാട് ചെര്പ്പുളശശേരി സ്വദേശി പാലാട്ടുപറമ്പില് വീട്ടില് ജാബിര് എന്നിവരാണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാന്സാഫ് സംഘവും, പുതുക്കാട് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലേക്ക് വില്പനയ്ക്ക് എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്. ഒഡീഷയില്നിന്നു കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവര്. ലോറിയില് ചാക്കുകളില് നിറച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
ഒഡീഷയില്നിന്നു കേരളത്തിലേക്ക് വരുന്ന വഴി എവിടെയെല്ലാം കഞ്ചാവ് വിതരണം ചെയ്തുവെന്നും, ബാക്കിയുണ്ടായിരുന്ന കഞ്ചാവ് എവിടേക്കാണ് കൊണ്ടുപോയതെന്നും ഉൾപ്പടെയുള്ള സംഭവങ്ങളിൽ വ്യക്തത കിട്ടുവാൻ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികളുടെ മൊബൈല് ഫോണ് രേഖകള് ഉള്പ്പെടെ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. ആലുവയില് ഒരാളെ വെട്ടിക്കൊന്ന കേസിലുള്പ്പടെ 16 കേസുകളില് പ്രതിയാണ് താരിസ്. ആറ് ലഹരി കേസുകളില് പ്രതിയാണ് ഷിജോ. ആളൂരില് എടിഎം കുത്തിപൊളിച്ച കേസ്, കവര്ച്ച തുടങ്ങി 12 കേസുകളില് പ്രതിയാണ് ജാബിര്.
പാലക്കാട് 160 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ആഷ്ലിന്. റൂറല് എസ്പി ബി. കൃഷ്ണകുമാര്, റൂറല് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാര് എന്നിവരുടെ നിര്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജു കുമാര്, പുതുക്കാട് എസ്എച്ച്ഒ മഹേന്ദ്രസിംഹന്, റൂറല് ഡാന്സാഫ് അംഗങ്ങളായ വി.ജി. സ്റ്റീഫന്, സി.ആര്. പ്രദീപ്, പി.പി. ജയകൃഷ്ണന്, സതീശന് മടപ്പാട്ടില്, ടി.ആര്. ഷൈന്, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്ജോ, സൂരജ് വി. ദേവ്, എ.യു. റെജി, എം.ജെ. ബിനു, സോണി സേവിയര്, എ.ബി. നിഷാന്ത്, കെ.ജെ. ഷിന്റോ, പുതുക്കാട് അഡീഷണല് എസ്ഐമാരായ എ.വി. ലാലു, മുരളീധരന് എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.