ഇന്ന് നിങ്ങള്‍ ഇവിടെ വരുമെന്ന് എനിക്ക് അറിയാമായിരുന്നു… എന്നു പറഞ്ഞ് എന്റെ കയ്യിലേക്ക് അവര്‍ ആ രുദ്രാക്ഷം എടുത്തുതന്നു;ഹിമാലയത്തില്‍ വച്ചുണ്ടായ അസാധാരണ അനുഭവം പങ്കുവച്ച് രജനികാന്ത്…

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് ഒരു അപൂര്‍വ വ്യക്തിത്വമാണ്. എല്ലാ വര്‍ഷവും ഹിമാലയന്‍ യാത്ര നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. അത്തരം ഒരു യാത്രിയില്‍ തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് രജനി. സൂര്യ-മോഹന്‍ലാല്‍ ചിത്രം കാപ്പാന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”ഹിമാലയന്‍ യാത്രയില്‍ ഗംഗയുടെ തീരത്ത് എത്തിയപ്പോഴാണ് ഈ അനുഭവം ഉണ്ടായത്. ഗംഗാ നദിയിലെ കുളി കഴിഞ്ഞ് കയറിയപ്പോള്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്ന രുദ്രാക്ഷം നഷ്ടമായി. ഏറെ അന്വേഷിച്ചെങ്കിലും അതു കണ്ടെത്താനായില്ല. വളരെ പ്രിയപ്പെട്ടതായതിനാല്‍ നഷ്ടപ്പെടുത്താന്‍ മനസ് വന്നില്ല. അങ്ങനെ ഒരു ഒറ്റയടിപാതയിലൂടെ രുദ്രാക്ഷം തിരക്കി ഞാന്‍ നടക്കുകയാണ് അപ്പോഴാണ് ദൂരെ നിന്ന് നല്ല ഉയരമുള്ള ഒരു മനുഷ്യന്‍ വരുന്നത് കണ്ടത്. അയാള്‍ ഒരു അഘോരിയാണ്. അദ്ദേഹം എന്റെ മുന്നില്‍ വന്ന് നിന്നു.

ഞാന്‍ നമസ്‌കാരം പറഞ്ഞു, അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചു. എന്നാല്‍ അപ്പോഴെല്ലാം അദ്ദേഹം എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ പണം നീട്ടിയപ്പോള്‍ അദ്ദേഹം അതു നിരസിച്ചു. എന്നിട്ട് എന്നോട് ഒരു ചോദ്യം ‘നിങ്ങള്‍ക്ക് രുദ്രാക്ഷം വേണമല്ലേ’…ഞാന്‍ ഞെട്ടിപ്പോയി. വേണം എന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്നാല്‍ അതു നിങ്ങള്‍ക്ക് ലഭിക്കും എന്നു പറഞ്ഞ് അദ്ദേഹം നടന്നുപോയി. പക്ഷേ അന്ന് എനിക്ക് രുദ്രാക്ഷം കണ്ടെത്താനായില്ല.

പിറ്റേന്ന് ഞാന്‍ കുറച്ച് ദൂരെയുള്ള ഒരു ആശ്രമത്തിലേക്ക് പോയി. രണ്ടുദിവസം കഴിഞ്ഞ് അവിടെ പോകാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷേ എന്തോ അന്നു തന്നെ പോകാന്‍ തോന്നി. അവിടെ ചെന്നപ്പോള്‍ ആശ്രമത്തിലുള്ളവര്‍ പറഞ്ഞു. താങ്കളെ കാണാന്‍ ഒരു സ്ത്രീ കാത്തിരിക്കുന്നുണ്ടെന്ന്. അദ്ഭുതത്തോടെ ഞാന്‍ ആ സ്ത്രീയുടെ അടുത്തെത്തി. ഇന്ന് നിങ്ങള്‍ ഇവിടെ വരുമെന്ന് എനിക്ക് അറിയാമായിരുന്നു എന്നു പറഞ്ഞ് എന്റെ കയ്യിലേക്ക് അവര്‍ ആ രുദ്രാക്ഷം എടുത്തുതന്നു..” രജനികാന്ത് പറയുന്നു.

Related posts