തൃശൂർ: ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിൽ മികച്ച നടനായി ഫിദൽ ഗൗതത്തെയും നടിയായി എൻ.വി. ശ്രീയയെയും തെരഞ്ഞെടുത്തു.
വടകര മേമുണ്ട എച്ച് എസ്എസ് അവതരിപ്പിച്ച ” ഭാഷ’ എന്ന നാടകത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള പുരസ്കാരം പി.എം. ഫിദൽ ഗൗതത്തിനു കിട്ടിയത്.
തുറയിലാശാൻ എന്ന കഥാപാത്രത്തെയാണ് ഫിദൽ അവതരിപ്പിച്ചത്. തിരുവനന്തപുരത്തു നടന്ന കഴിഞ്ഞവർഷത്തെ കലോത്സവത്തിൽ ജൂറി പുരസ്കാരം ഫിദൽ ഗൗതം സ്വന്തമാക്കിയിരുന്നു. ബംഗളൂരിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിലും മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കിയിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസർ പ്രവീണിന്റെയും മായയുടെയും മകനാണ്.
മനുഷ്യസമൂഹത്തിലെ ജാതിമത വേർതിരിവുകൾ പ്രതിപാദിക്കുന്ന താറാവ് എന്ന നാടകത്തിലെ അഭിനയമാണ് തൃശൂർ മതിലകം സെന്റ് ജോസഫ്സ് എസ്എച്ച്എസിലെ എൻ.വി. ശ്രീയയെ മികച്ച നടിയാക്കിയത്. ടീച്ചറായി വേഷമണിഞ്ഞ ശ്രീയ തന്റെ ക്ലാസ് മുറിയിൽ അരങ്ങേറുന്ന ജാതി മത വേർതിരിവുകളുടെ യഥാർഥചിത്രം കാണികളിലേക്ക് എത്തിച്ചു.ആനാപ്പുഴയിലെ വിനോദ് കുമാർ-ഡാനിഷ ദന്പതികളുടെ മകളാണ്.
