സ്വന്തം ലേഖകൻ
തിരുവനന്തപുരം: “മുഖ്യമന്ത്രിയുടെ ഓഫീസിലെ സൂപ്പർ പവർ’. അറസ്റ്റിലായ മുൻ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറെ ഭരണസിരാകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ രഹസ്യമായി വിശേഷിപ്പിച്ചിരുന്നത് അങ്ങനെയായിരുന്നു.
മുഖ്യമന്ത്രിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്ത ബന്ധമാണ് അത്തരമൊരു വിളിപ്പേര് ശിവശങ്കറിനു സമ്മാനിച്ചത്. ആ അടുപ്പം ഉദ്യോഗസ്ഥർക്കിടയിലെ പ്രധാന ചർച്ചയുമായിരുന്നു.
ശിവശങ്കറിനെതിരായി നിരവധി ആരോപണങ്ങൾ ഇതിനു മുന്പ് ഉയർന്നപ്പോഴും ശിവശങ്കറിനെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്ത നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
തന്റെ നിലപാട് വലിയ വിമർശനങ്ങൾക്കിടയാക്കിയപ്പോഴും മുഖ്യമന്ത്രിക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല; ശിവശങ്കറിൽ മുഖ്യമന്ത്രിക്കുള്ള വിശ്വാസം അത്ര വലുതായിരുന്നു.
കേരളത്തിന്റെ ഭരണനിർവഹണത്തിലെ സുപ്രധാന അധികാരകേന്ദ്രം എന്ന ആ സ്ഥാനത്തു നിന്നാണ്, ദേശദ്രോഹം അടക്കമുള്ള മാനങ്ങൾ കൈവരിച്ച സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ അറസ്റ്റിലാകുന്നത്.
അതിസമർഥമായാണ് ശിവശങ്കർ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. പക്ഷേ ആ സാമർഥ്യം ഇവിടെ അദ്ദേ ഹത്തെ തുണച്ചില്ല.
പഠനത്തിൽ സമർഥനായിരുന്നു ശിവശങ്കർ. 1978 ൽ എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടിയ ശിവശങ്കർ എൻജിനിയറിംഗ് ബിരുദവും റൂറൽ മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദവും നേടി.
ഇതിനു പിന്നാലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസറായി ഒൗദ്യോഗിക ജീവിതം തുടങ്ങി. അധികം വൈകാതെ സംസ്ഥാന സർവീസിൽ ഡപ്യൂട്ടി കളക്ടറായി നിയമനം നേടി.
1995 ൽ ഐഎഎസ് കണ്ഫർ ചെയ്തു. മലപ്പുറം കളക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ഐടി മിഷൻ ഡയറക്ടർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, സ്പോർട്സ് വകുപ്പ് സെക്രട്ടറി, ഉൗർജ വകുപ്പ് സെക്രട്ടറി, ഗതാഗത വകുപ്പ് സെക്രട്ടറി, കെഎസ്ഇബി ചെയർമാൻ തുടങ്ങിയ സുപ്രധാന ചുമതലകളിലെല്ലാമെത്തി. കൈകാര്യം ചെയ്ത വകുപ്പുകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു.
ആദ്യ കാലത്ത് മികച്ച ഉദ്യോഗസ്ഥനെന്ന പേരു സന്പാദിച്ച ശിവശങ്കർ മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയായ ശേഷമാണ് നിരന്തരം വിവാദങ്ങളിൽപെട്ടത്.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായതിനു ശേഷം കഴിഞ്ഞ നാലു വർഷത്തിനിടയിൽ തുടരെത്തു ടരെ നിരവധി ആരോപണങ്ങളാണ് ശിവശങ്കറിനെതിരായി ഉയർന്നത്.
എന്നാൽ അപ്പോഴൊക്കെയും മുഖ്യമന്ത്രിയുടെ നിരുപാധിക പിന്തുണ നേടിയെടുക്കാൻ ശിവശങ്കറിനു കഴിഞ്ഞു. അടുത്തകാലത്ത് മുഖ്യമന്ത്രിയുടെ സെക്രട്ടറി എ ന്ന നിലയിൽനിന്നു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിലേക്കും ശിവശങ്കറിന് സ്ഥാനക്കയറ്റം കിട്ടി.
അതിനൊപ്പം ഐടി സെക്രട്ടറിയായും ശിവശങ്കർ തുടർന്നു.സ്പ്രിങ്ക്ളർ വിവാദത്തിലും ഇ-ബസ് പദ്ധതിയുടെ കൺ സൾട്ടൻസിയുമായി ബന്ധപ്പെട്ട വിവാദത്തിലും ശിവശങ്കറിനെതിരായി ആരോപണം ഉയർന്നപ്പോഴും മുഖ്യമന്ത്രി അദ്ദേഹത്തിന് സുരക്ഷാ കവചമൊരുക്കി.
അതിനിടയിലാണ് സ്വർണക്കടത്ത് വിവാദമുണ്ടാകുന്നതും ഈ കേസിൽ സംശയനിഴലിലാകുകയും ചെയ്തത്. ഇതോടെ ശിവശങ്കറിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
മികച്ച വിദ്യാർഥിയെന്നും ഭരണകർത്താവെന്നും പേരുനേടിയ ശിവശങ്കർ ഒടുവിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു സംശയനിഴലിലായപ്പോൾ അതുവരെ തുണയായ അധികാരവും ഉന്നതബന്ധങ്ങളും കൂട്ടിനുണ്ടായിരുന്നില്ല.
സ്വർണക്കടത്തു കേസിന്റെ നാൾ വഴി
ജൂണ് 22: ദുബായിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്സ് കാർഗോ വിമാനത്തിൽ യുഎഇ കോണ്സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവയ്ക്കുന്നു.
ജൂണ് 23: സ്വപ്ന സുരേഷ് അടക്കമുള്ളവർ ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസ് ഉന്നതരെ സമീപിച്ചെങ്കിലും വിട്ടുകൊടുക്കുന്നില്ല. എം. ശിവശങ്കർ അടക്കമുള്ള ഉന്നതർ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടു വിളിച്ചെങ്കിലും വിട്ടുകൊടുത്തില്ല.
ജൂണ് 28: ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ഒടുവിൽ നയതന്ത്ര ബാഗേജ് തുറന്നു പരിശോധിച്ചു. സ്വർണമാണെന്നു വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അടക്കം ആരോപണ വിധേയമായി.
ജൂണ് 30: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി ഐടി വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻസ് വിഭാഗം മാനേജരായ സ്വപ്ന സുരേഷാണെന്നു വ്യക്തമായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിനു സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്നു വ്യക്തമായി.
ജൂലൈ 7: ആരോപണങ്ങളുടെ കുന്തമുന നീണ്ടതോടെ എം. ശിവശങ്കറെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും ഐടി വകുപ്പിൽനിന്നും നീക്കി.
ജൂലൈ 14: ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂർ ചോദ്യം ചെയ്ത ശേഷം രാത്രിയോടെ വിട്ടയച്ചു.
ജൂലൈ 16: ആരോപണങ്ങൾക്കൊടുവിൽ എം. ശിവശങ്കറിനെ സർവീസിൽ നിന്നു സസ്പെന്ഡ് ചെയ്തു.
ജൂലൈ 23: ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തു.
ജൂലൈ 27: എൻഐഎ വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്തു. അടുത്ത ദിവസവും ചോദ്യം ചെയ്യൽ തുടർന്നു. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
സെപ്റ്റംബർ 14: ശിവശങ്കറിന്റെ സസ്പെൻഷൻ കാലയളവ് നാലു മാസത്തേക്കുകൂടി നീട്ടി.
സെപ്റ്റംബർ 24: സ്വപ്നയെയും ശിവശങ്കറിനെയും എൻഐഎ ഒന്നിച്ച് ചോദ്യം ചെയ്തു.
ഒക്ടോബർ 10: ശിവശങ്കറിനെയും സ്വപ്നയെയും കസ്റ്റംസ് ഒന്നിച്ച് ചോദ്യം ചെയ്തു.
ഒക്ടോബർ 14: ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇഡി ഓഫീസിൽ ഹാജരാകാതെ ശിവശങ്കർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
ഒക്ടോബർ 15: ശിവശങ്കറിന്റെ ഹർജി ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോടു ഹൈക്കോടതി ഉത്തരവി ട്ടു.
ഒക്ടോബർ 16: കസ്റ്റംസ് ശിവശങ്കറെ തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടിലെത്തി കാറിൽ കൊണ്ടുപോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പരിശോധനയിൽ രോഗമില്ലെന്നും നടുവേദന മാത്രമാണുള്ളതെന്നും വ്യക്തമായതോടെ വഞ്ചിയൂരിലെ സ്വകാര്യ ആയൂർവേദ ആശുപത്രിയിലാക്കി. ഒടുവിൽ ഇതേ ആശുപത്രിയിൽനിന്നാണു ചോദ്യം ചെയ്യാനായി കസ്റ്റഡയിലെടുത്തത്.
ഒക്ടോബർ 28: ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തു.