സാറ് തെറി വിളിക്കുമ്പോള്‍ ഹീറോയിസവും ഞാന്‍ വിളിക്കുമ്പോള്‍ അത് മോശവുമാകുന്നതെങ്ങനെ ! സ്ത്രീകളെ സംരക്ഷിക്കാന്‍ ഒരു ആണിന്റെ കൈ വേണം എന്ന് ആരാണ് പറഞ്ഞത്; വിമര്‍ശനങ്ങളോടു പ്രതികരിച്ച് ശ്രീലക്ഷ്മി അറയ്ക്കല്‍…

സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന അശ്ലീല വീഡിയോകള്‍ ഇറക്കിയ യൂട്യൂബറെ മര്‍ദ്ദിച്ച ഭാഗ്യലക്ഷ്മി,ദിയ സന,ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇവരെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി.അക്കൂട്ടത്തിലൊരാളായിരുന്നു പി സി ജോര്‍ജ് എംഎല്‍എ. ഇപ്പോള്‍ പിസിയ്ക്ക് ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ശ്രീലക്ഷ്മി.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

പ്രിയപ്പെട്ട ജനപ്രതിനിധി പി സി ജോര്‍ജ് അറിയുന്നതിന്..

താങ്കളുടെ തെറിവിളിയുടെ കടുത്ത ആരാധകയായ ശ്രീലക്ഷ്മി അറക്കല്‍ എഴുതുന്നത്.

താങ്കള്‍ക്ക് സുഖമെന്ന് വിശ്വസിക്കുന്നു. ഇവിടെ എനിക്ക് തീരേ സുഖമില്ല.

രണ്ട് ദിവസമായി മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും.

കാരണം ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉള്ള കേസ് തന്നെയാണ്. അതിന്റെ ടെന്‍ഷനിലാണ്. ഈ അവസരത്തില്‍ എഴുതാന്‍ ഒട്ടും വയ്യെങ്കിലും ഒരു സമൂഹിക ഉത്തരവാദമായി ചിലകാര്യങ്ങള്‍ ചോദിക്കട്ടേ?

1. സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരെ കൂട്ടുപിടിച്ച് അടിക്കാന്‍ പോകണം എന്ന് സര്‍ പറഞ്ഞു. സര്‍,താങ്കള്‍ വര്‍ഷങ്ങളായി ഒരു ജനപ്രതിനിധി ആയിരുന്നിട്ടും ഇതുവരേ സ്ത്രീകള്‍ മാത്രമുള്ള ആണുങ്ങള്‍ ഇല്ലാത്ത വീടുകള്‍ കണ്ടിട്ടില്ലേ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.

സ്ത്രീകളെ സംരക്ഷിക്കാന്‍ ഒരു ആണിന്റെ കൈ വേണം എന്ന് ആരാണ് പറഞ്ഞത് സര്‍?ഭര്‍ത്താവും അച്ഛനും ചേട്ടനും ഒന്നുമില്ലാത്ത ഞാന്‍ ഇനി ഈ കാര്യം ചോദിക്കാന്‍ വേണ്ടി ഒരു കല്യാണം കഴിക്കണോ?എന്തുകൊണ്ട് ഒരു പെണ്ണിന് പ്രതിരോധിച്ച് കൂടാ? എസ്‌കോര്‍ട്ടിന് എപ്പോഴും ഒരു ആങ്ങളയേ പ്രതിഷ്ഠിക്കാന്‍ ഇവിടെയുള്ള സ്ത്രീകള്‍ക്ക് സൗകര്യമില്ല സര്‍.

2. സ്ത്രീകള്‍ തെറിപറഞ്ഞത് ശരിയായില്ല എന്ന് പറഞ്ഞല്ലോ? സര്‍ സാറും ഞാനും ഒക്കേ ഇന്ത്യയിലെ പൗരന്മാരാണ്.ഇവിടുത്തെ ഭരണഘടനയനുസരിച്ച് എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയാണ് സര്‍.

അതുകൊണ്ടുതന്നെ സാറ് വിളിക്കുമ്പോള്‍ ഹീറോയിസവും ഞാന്‍ വിളിക്കുമ്പോള്‍ അത് മോശവും ആകുന്നത് എങ്ങനെ സര്‍? ഒരു സ്ത്രീ പ്രതിരോധത്തിന്റെ ഭാഗമായി തെറിവിളിക്കുന്നത് സാറിനേപോലെയുള്ള സകലപ്രിവിലേജും അനുഭവിക്കുന്ന പുരുഷമേധാവിത്തത്തിന് മനസ്സിലാവില്ല.കാരണം താങ്കള്‍ ബസിലൂടെയോ വഴിയിലൂടേയോ യാത്ര ചെയ്യുമ്പോള്‍ ആരും ചൂഴ്ന്ന് നോക്കിയിട്ടില്ല.

സാറിന്റെ പേഴ്സണല്‍ ലൈഫിലേക്ക് ആരും ഇന്‍ഡള്‍ജ് ചെയ്ത് നോക്കുകില്ല.അതിനുള്ള ആണ്‍പ്രിവിലേജ് സൊസൈറ്റി സാറിന് തരുന്നുണ്ട്.

3. എന്റെ കുട്ടികളൊക്കെ തെറി പഠിക്കും വഴിതെറ്റി പോകും എന്ന് സര്‍ പറഞ്ഞല്ലോ. സര്‍ എന്റെ ക്ലാസ്സില്‍ വന്നിരുന്നിട്ടുണ്ടോ ഞാന്‍ അവിടെ തെറി ഉപയോഗിച്ചാണോ അല്ലയോ ഫിസിക്സ് പഠിപ്പിക്കുന്നതെന്ന് കാണാന്‍?

4. എന്തൊക്കെയായാലും ഈ പൊതുജീവിതത്തിലെ തിരക്കിനിടയിലും എന്റെ വീഡിയോകള്‍ കാണാന്‍ സാറിന് സമയം ഉണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം. താങ്കളില്‍ നിന്ന് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഇനിയെങ്കിലും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു.

സൈബര്‍ നിയമങ്ങള്‍ ശക്തമാക്കാന്‍ ഒരു ജനപ്രതിനിധി എന്ന നിലക്ക് ഞങ്ങളേക്കാള്‍ കൂടുതല്‍ എഫോര്‍ട്ട് എടുത്ത് സ്ത്രീകള്‍ക്കും പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടവരുടേയും കൂടെ സര്‍ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സാറിന്റെ സ്ലാങ്ങിന് ആണുങ്ങള്‍ മാത്രമല്ല സ്ത്രീകളും ഫാന്‍സ് ഉണ്ടെന്ന് മനസ്സിലാക്കുക. അതിനൊരു ഉദാഹരണമാണ് ഈ ഞാനും. ജനാധിപത്യ രാജ്യത്ത് സ്ത്രീകള്‍ മാത്രം തെറിവിളിക്കാന്‍ പാടില്ലെങ്കില്‍ പുരുഷന്മാരുടെ വോട്ടുമാത്രം മേടിച്ച് സര്‍ ജയിക്കുമോ എന്ന് ചോദിച്ച് നിര്‍ത്തുന്നു.

വാല്‍ : 1.വിമര്‍ശനങ്ങള്‍ ഒരുപാട് വരുന്നത്കൊണ്ട് ഞാന്‍ പൊതുവിടത്ത് തെറിപറയുന്ന പരിപാടി നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.സാറും ആ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2. എന്റെ ലൈവ് വീഡിയോകളില്‍ ഞാന്‍ അല്ല തെറിപറയുന്നതെന്നും എന്നേ തെറിപറയുന്നത് ഞാന്‍ വായിക്കുന്നതാണെന്നും മനസ്സിലാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

Related posts

Leave a Comment