വൈക്കം: പത്തു വർഷത്തിലധികമായി വൈക്കം ബോട്ടുജെട്ടിയോടു ചേർന്നുള്ള കായലോരവും വൈക്കത്തുനിന്ന് തവണക്കടവിലേക്ക് ബോട്ട് സഞ്ചരിക്കുന്ന ബോട്ടുചാലും ആഴംകൂട്ടി തെളിക്കാത്തത് ബോട്ടുകൾക്ക് കേടുപാടുണ്ടാക്കുന്നു.
ബോട്ടുചാലിൽ മണലും ചെളിയും മരക്കുറ്റികളും അടിഞ്ഞതിനാൽ ഇതിൽ തട്ടി ബോട്ടുകളുടെ യന്ത്രഭാഗങ്ങൾക്ക് വലിയ കേടുപാടാണ് സംഭവിക്കുന്നത്. അടുത്തകാലത്ത് രണ്ടു ബോട്ടുകളുടെ റഡാറുകൾ തകരാറിലായി. ഏതാനും മാസങ്ങൾക്കു മുമ്പ് കൊണ്ടുവന്ന പുതിയ ബോട്ടിന്റെ റഡാർ തകരാറിലായതിനെത്തുടർന്ന് എഫ്സി-9 നമ്പർ ബോട്ട് ഒന്നര മാസമായി ജെട്ടിയിൽ കെട്ടിയിട്ടിരിക്കുകയാണ്.
തകരാർ ഗുരുതരമായതിനാൽ ബോട്ട് ഡ്രൈഡോക്ക് ചെയ്തുമാത്രമേ നന്നാക്കാനാകൂ. മറ്റു ബോട്ടുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഈ ബോട്ട് ഡ്രൈഡോക്ക് ചെയ്ത് തകരാർ പരിഹരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
ഡീസലിലും സൗരോർജത്തിലും പ്രവർത്തിപ്പിക്കാവുന്ന ബോട്ടാണിത്. വൈക്കം -തവണക്കടവ് ഫെറിയിൽ നാലു ബോട്ടുകളാണ് സർവീസ് നടത്തുന്നത്. 20 മിനിട്ട് ഇടവിട്ടാണ് ഇവിടെ സർവീസ്. ദിനംപ്രത്രി അയ്യായിരത്തിലധികം പേരാണ് കായൽ കടക്കുന്നത്.
സ്റ്റീൽ ബോട്ടുകൾ മാറ്റി സോളാർ ബോട്ടുകൾ മാത്രം സർവീസ് നടത്തുന്ന ഫെറിയായി മാറുകയാണ് വൈക്കം. മൂന്നു കോടിയിലധികം വിലവരുന്ന സോളാർ ബോട്ട് ബോട്ടുചാൽ തെളിക്കാത്തതു മൂലം തകരാറിലായാൽ അറ്റകുറ്റപ്പണി നടത്താൻ വൻ തുക വേണ്ടിവരും.
മുൻകാലങ്ങളെ അപേക്ഷിച്ച് വേലിയേറ്റത്തിൽ കായലിൽ അമിതമായി ജലനിരപ്പുയരുകയും വേലിയിറക്കത്തിൽ ജലനിരപ്പ് ക്രമാതീതമായി താഴുകയും ചെയ്യുന്നതും ബോട്ട് സർവീസിനെ പ്രതികൂലമായി ബാധിക്കുകയാണ്. ബോട്ടുചാലും ബോട്ടുജെട്ടി പരിസരത്തെ കായലോരവും മണലും ചെളിയും നീക്കി ആഴംകൂട്ടുന്നതിന് അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
