വൈക്കം: കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കി 11കാരൻ താരമായി. വൈക്കം പടിഞ്ഞാറക്കര ചെമ്മാടി ഭവനിൽ റിനോഷ് -ജിഷ ദമ്പതികളുടെ മകനും വൈക്കം വാർവിൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയുമായ ബദ്രി ആർ. നാഥാണ് കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായലിൽ 12 കിലോ മീറ്റർ ദൂരം നീന്തി കീഴടക്കിയത്. ചേർത്തല കാര്യാട്ട് കടവിൽ നിന്നും ഇന്നലെ രാവിലെ ഏഴോടെ നീന്തൽ ആരംഭിച്ച ബദ്രി 9.40ന് വൈക്കം കായലോര ബീച്ചിലെത്തി.
ചെറുപ്രായത്തിൽ തന്നെ നീന്തലിനോട് താല്പര്യം ഉണ്ടായിരുന്ന ഈ കൊച്ചു മിടുക്കൻ കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകനായ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ ആറുമാസക്കാലം മൂവാറ്റുപുഴ ആറ്റിൽ പരിശീലനം നടത്തിയതിനെ തുടർന്നാണ് വേമ്പനാട്ട് കായൽ നീന്തി റിക്കാർഡിൽ ഇടം നേടിയത്.
ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജു നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. നടുക്കായലിൽ എത്തിയപ്പോൾ ശക്തമായ ഒഴുക്കിനെ പ്രതിരോധിച്ച് നീന്തി കയറാൻ ബദ്രി വിഷമിച്ചപ്പോൾ മുമ്പ് കായൽ നീന്തി കയറിയിട്ടുള്ള മൂന്നുകുട്ടികൾ കായലിൽ ചാടി നീന്തി ബദ്രിക്ക് പിൻബലമേകി.
വൈക്കം ബീച്ചിൽ നടന്ന അനുമോദന യോഗം വൈക്കം നഗരസഭാ ചെയർമാൻ അബ്ദുൽസലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജു അധ്യക്ഷത വഹിച്ചു.
