മുക്കൂട്ടുതറ: മുട്ടപ്പള്ളി വാർഡിലും പരിസരങ്ങളിലും മഞ്ഞപ്പിത്തം ബാധിച്ച് പലരും ചികിത്സ തേടിയതോടെ ആശങ്കയിൽ നാട്ടുകാർ. ആശങ്ക വേണ്ടെന്നും പ്രതിരോധ മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും രോഗം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ തുടങ്ങിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
മേഖലയിൽ സ്വകാര്യ ലോറിക്കാർ വിതരണം ചെയ്ത കുടിവെള്ളത്തിൽ നിന്നായിരിക്കാം രോഗം പടർന്നതെന്നു സംശയമുണ്ട്. അടുത്തിടെ സമീപ വാർഡായ തുമരംപാറയിൽ കുട്ടികളിൽ മുണ്ടിനീര് പടർന്നതിനെത്തുടർന്ന് ഇന്നലെ ഗവൺമെന്റ് എൽപി സ്കൂളിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തിയിരുന്നു. മുണ്ടിനീര് രോഗമുണ്ടായ കുട്ടിയിൽനിന്ന് സമ്പർക്കത്തിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടർന്നെന്നാണ് മനസിലായതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
ഹോമിയോ വിഭാഗവും ആരോഗ്യവകുപ്പും ചേർന്ന് തുമരംപാറയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്നതിനിടെയാണ് സമീപ വാർഡായ മുട്ടപ്പള്ളിയിൽ മഞ്ഞപ്പിത്തം പടരുന്നത്. ഇവിടെ മഞ്ഞപ്പിത്തരോഗം പലരിലേക്കും എത്തിയെന്നാണ് പ്രാഥമിക നിഗമനം. ഇത് മുൻനിർത്തി പ്രദേശത്തെ കുടിവെള്ള സ്രോതസുകൾ ഇന്നലെ ആരോഗ്യവകുപ്പ് സംഘം പരിശോധിച്ചു.
രോഗബാധിതരുടെ വീടുകളിൽനിന്ന് അര കിലോമീറ്റർ ചുറ്റളവിലുള്ള കിണറുകളിൽ ക്ലോറിനേഷൻ നടത്തിയെന്ന് എരുമേലി ഹെൽത്ത് സൂപ്പർവൈസർ പ്രമോദ് ബാബു പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ അനിതാകുമാരിയുടെ നേതൃത്വത്തിൽ ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ഇന്നലെ വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തി. ഒപ്പം രോഗപ്രതിരോധ നിർദേശങ്ങളും നൽകി.
മേഖലയിൽ കുടിവെള്ള വിതരണം നടത്തുന്ന സ്വകാര്യ ലോറിക്കാർ ശുദ്ധമായ വെള്ളമാണ് നൽകുന്നതെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ വ്യക്തികൾ നൽകുന്ന ടാങ്ക് വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് പരിശോധന കർശനമാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
