അഞ്ചല്‍ : എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂള്‍ കോമ്പൗണ്ടിൽ വച്ച് കടന്നുപിടിച്ച 19 കാരന് പിടിയില്‍. ഏരൂര്‍ ഭാരതീപുരം കിട്ടന്‍കോണം സിന്ധു ഭവനില്‍ ആനന്ദാ ണ് ഏരൂര്‍ പോലീസിന്റെ പിടിയിലായത്. സംഭവത്തെ കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ. സ്കൂള്‍ വിട്ടു പുറത്തേക്ക് വരുന്ന പെണ്‍കുട്ടിക്ക് ആനന്ദ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ചോക്ലേറ്റ് വാങ്ങി നല്കാന് ശ്രമിച്ചിരുന്നു.
ഇതുവാങ്ങാതിരുന്ന കുട്ടി ശല്യം കൂടിയതോടെ വീട്ടില്‍ വിവരം അറിയിച്ചു. സ്കൂളിലെത്തിയെ മാതാവ് വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥിനിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ സ്കൂളിലെ അധ്യാപകരും രക്ഷിതാവും പ്രതിയെ കണ്ടെത്താന്‍ സ്കൂളിന് മുന്നില്‍ മാറി നില്ക്കവേ മതില് ചാടി കടന്ന് സ്കൂള്‍ കോമ്പൗണ്ടിൽ കടന്ന പ്രതി നിര്‍മാണം പൂര്‍ത്തീകരിക്കാത്ത പഴയ കെട്ടിടത്തിന് സമീപം വച്ച് വിദ്യാര്‍ഥിനിയുടെ വായ് പൊത്തിപ്പിടിച്ച ശേഷം കൈയില്‍ പിടിച്ച് കെട്ടിടത്തിന് സമീപത്തേക്ക് വലിക്കുകയായിരുന്നു.
ഇതിനിടയില്‍ പ്രതിയുടെ കൈയില്‍ കടിച്ച് രക്ഷപ്പെട്ട വിദ്യാര്‍ഥിനി വിവരം അധ്യാപകരെ അറിയിച്ചു. അധ്യാപകര്‍ മറുവശത്തുകൂടി എത്തിയപ്പോള്‍ ഇയാള്‍ മതില് ചാടി രക്ഷപ്പെടുകയും സ്കൂളിന് സമീപമുള്ള കടയില്‍ കയറി ഒളിക്കുകയായിരുന്നു.
ഇതിനിടെ സ്കൂള്‍ അധികൃതര്‍ ഏരൂര്‍ പോലീസിനെ വിവരം അറിയിച്ചിരുന്നു. എസ്ഐ പ്രിയയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം പ്രതി എത്തിയ ഇരുചക്ര വാഹനം തിരിച്ചറിയുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. സംശയാസ്പദമായി സമീപത്തെ കടയിലുണ്ടായിരുന്ന ആനന്ദിനെ തടഞ്ഞുവച്ച പോലീസ് ഇയാളുടെ ഫോട്ടോ എടുത്ത് അധ്യാപകര്‍ വഴി വിദ്യാര്‍ഥിനിയെ കാണിക്കുകയും ആളെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് ആനന്ദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പിന്നീട് വിദ്യാര്‍ഥിനിയുടെയും സ്കൂള്‍ അധികൃതരുടെയും മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ ഉള്‍പ്പെടെയുള്ള ഗുരുതരവകുപ്പുകള്‍ ചുമത്തി ആനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
