“തൊ​​ഴി​​ൽ അ​​ല്ലെ​​ങ്കി​​ൽ ജ​​യി​​ൽ” ന​​ട​​പ്പാ​​ക്കി

ജ​​യി​​ൽ​​പ്പു​​ള്ളി​​ക​​ൾ 620 രൂ​​പ​​വ​​ച്ച് 30 ദി​​വ​​സം പ​​ണി​​യെ​​ടു​​ത്താ​​ൽ സൗ​​ജ​​ന്യ ഭ​​ക്ഷ​​ണ​​ത്തി​​നും താ​​മ​​സ​​ത്തി​​നും ചി​​കി​​ത്സ​​യ്ക്കും പു​​റ​​മേ, 18,600 രൂ​​പ! ആ​​ശ​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പാ​​വ​​ങ്ങ​​ൾ​​ക്കു വേ​​ത​​നം ക​​ഷ്ടി​​ച്ച് 12,000. തൊ​​ഴി​​ൽ വേ​​ണോ ജ​​യി​​ൽ വേ​​ണോ?

ഒ​​രുകാ​​ല​​ത്ത് കേ​​ര​​ള​​ത്തി​​ലെ ഇ​​ട​​തു​​ പാ​​ർ​​ട്ടി​​ക​​ളു​​ടെ പ​​ന്തം​​കൊ​​ളു​​ത്തി പ്ര​​ക​​ട​​ന​​ങ്ങ​​ളി​​ലും മ​​നു​​ഷ്യ​​ച്ച​​ങ്ങ​​ല​​ക​​ളി​​ലും ചു​​വ​​രെ​​ഴു​​ത്തു​​ക​​ളി​​ലും നി​​റ​​ഞ്ഞു​​നി​​ന്നി​​രു​​ന്ന മു​​ദ്രാ​​വാ​​ക്യ​​മാ​​യി​​രു​​ന്നു, “തൊ​​ഴി​​ൽ അ​​ല്ലെ​​ങ്കി​​ൽ ജ​​യി​​ൽ”. തൊ​​ഴി​​ൽ​​ര​​ഹി​​ത​​രാ​​യ യു​​വാ​​ക്ക​​ളു​​ടെ സി​​ര​​ക​​ളി​​ൽ അ​​ഗ്നി പ​​ട​​ർ​​ത്തി​​യ ആ ​​രാ​​ഷ്‌​​ട്രീ​​യ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ച​​വ​​ർ​​ക്ക് അ​​ധി​​കാ​​രം കി​​ട്ടി​​യി​​ട്ടും തൊ​​ഴി​​ൽ​​ര​​ഹി​​ത​​രു​​ടെ എ​​ണ്ണം വ​​ർ​​ധി​​ച്ച​​തേ​​യു​​ള്ളൂ എ​​ന്ന​​തു ച​​രി​​ത്രം.

പ​​ക്ഷേ, ച​​രി​​ത്രം തി​​രു​​ത്തി​​യി​​രി​​ക്കു​​ന്നു. ‘തൊ​​ഴി​​ൽ’ ഇ​​ല്ലാ​​ത്ത​​തു​​കൊ​​ണ്ട് പ​​ക​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട ‘ജ​​യി​​ൽ’ മി​​ക​​ച്ച ശ​​ന്പ​​ള​​ത്തോ​​ടെ ഇ​​ട​​തു​​ സ​​ർ​​ക്കാ​​ർ ന​​ട​​പ്പാ​​ക്കി​​യി​​രി​​ക്കു​​ന്നു. ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​ന്‍റെ ഇ​​ര​​ട്ടി​​യോ​​ളം വ​​ർ​​ധി​​പ്പി​​ച്ച് രാ​​ജ്യ​​ത്തെ​​ങ്ങു​​മി​​ല്ലാ​​ത്ത ശ​​ന്പ​​ളം കേ​​ര​​ള​​ത്തി​​ലെ ജ​​യി​​ൽ​​പ്പു​​ള്ളി​​ക​​ൾ​​ക്ക് ഉ​​റ​​പ്പാ​​ക്കി​​യി​​രി​​ക്കു​​ന്നു. 620 രൂ​​പ​​വ​​ച്ച് 30 ദി​​വ​​സം പ​​ണി​​യെ​​ടു​​ത്താ​​ൽ സൗ​​ജ​​ന്യ ഭ​​ക്ഷ​​ണ​​ത്തി​​നും താ​​മ​​സ​​ത്തി​​നും ചി​​കി​​ത്സ​​യ്ക്കും പു​​റ​​മേ, 18,600 രൂ​​പ! ആ​​ശ​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പാ​​വ​​ങ്ങ​​ൾ​​ക്കു വേ​​ത​​നം ക​​ഷ്ടി​​ച്ച് 12,000. തൊ​​ഴി​​ൽ വേ​​ണോ ജ​​യി​​ൽ വേ​​ണോ?

റേ​​ഷ​​നും മ​​രു​​ന്നി​​നും​ പോ​​ലും തി​​ക​​യാ​​ത്ത തു​​ച്ഛ​​വേ​​ത​​ന​​ക്കാ​​രു​​ടെ ക​​ൺ​​മു​​ന്നി​​ൽ പി​​എ​​സ്‌​​സി അം​​ഗ​​ങ്ങ​​ൾ​​ക്ക് 1.25-1.5 ല​​ക്ഷ​​ത്തോ​​ളം ശ​​ന്പ​​ളവ​​ർ​​ധ​​ന കൊ​​ടു​​ത്ത​​തി​​ന്‍റെ സാ​​മൂ​​ഹി​​കാ​​ഘാ​​തം തി​​രി​​ച്ച​​റി​​യാ​​ൻ ശേ​​ഷി​​യി​​ല്ലാ​​ത്ത ‘തൊ​​ഴി​​ലാ​​ളി​​വ​​ർ​​ഗ​​പ്പാ​​ർ​​ട്ടി’ക്കും ആ​​രാ​​ധ​​ക​​ർ​​ക്കും ഈ ​​അ​​ഴി​​മ​​തി​​യും മ​​ന​​സി​​ലാ​​കി​​ല്ല. പ​​റ​​യാ​​തെ വ​​യ്യ; തു​​ച്ഛ​​വേ​​ത​​നം​പോ​​ലും നി​​ഷേ​​ധി​​ച്ചും നി​​ന്ദി​​ച്ചും ഈ ​​സ​​ർ​​ക്കാ​​ർ ച​​വി​​ട്ടി​​ത്തേ​​ച്ച നി​​സ​​ഹാ‍​യ​​രാ​​യ മ​​നു​​ഷ്യ​​രു​​ടെ വി​​യ​​ർ​​പ്പി​​ലും ക​​ണ്ണീ​​രി​​ലും ചാ​​ലി​​ച്ചാ​​ണ് പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ ഈ ​​ഉ​​ത്ത​​ര​​വി​​ൽ ഒ​​പ്പി​​ട്ടി​​രി​​ക്കു​​ന്ന​​ത്.

അ​​വി​​ദ​​ഗ്ധ ​​ജോ​​ലി​​ക​​ള്‍ ചെ​​യ്യു​​ന്ന ത​​ട​​വു​​കാ​​രു​​ടെ വേ​​ത​​നം 63 രൂ​​പ​​യി​​ൽ​​നി​​ന്ന് 530 ആ​​യും അ​​ർ​​ധ​​വി​​ദ​​ഗ്ധ ജോ​​ലി​​ക്കാ​​രു​​ടേ​​ത് 127 രൂ​​പ​​യി​​ൽ​​നി​​ന്ന് 560 ആ​​യും വി​​ദ​​ഗ്ധ ജോ​​ലി​​ക്കാ​​രു​​ടേത് 152 രൂ​​പ​​യി​​ൽ​​നി​​ന്ന് 620 ആ​​യു​​മാ​​ണ് ഉ​​യ​​ര്‍​ത്തി​​യ​​ത്. ദി​​വ​​സ​​വേ​​ത​​നം പ​​ര​​മാ​​വ​​ധി 350 ആ​​ക്ക​​ണ​​മെ​​ന്ന ജ​​യി​​ൽ​​വ​​കു​​പ്പി​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തി​​ലാ​​ണ് 620 ആ​​ക്കി ഞെ​​ട്ടി​​ച്ച​​ത്. മൂ​​വാ​​യി​​ര​​ത്തി​​ല​​ധി​​കം ജ​​യി​​ല്‍​പ്പു​​ള്ളി​​ക​​ള്‍​ക്കാ​​ണ് വ​​ർ​​ധ​​ന.

ഇ​​തു ഹൈ​​ക്കോ​​ട​​തി നി​​ർ​​ദേ​​ശ​​ത്തി​​ന്‍റെ​​യും സു​​പ്രീം​​കോ​​ട​​തി വി​​ധി​​യു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണെ​​ന്നാ​​ണ് ന്യാ​​യീ​​ക​​ര​​ണം. എ​​ങ്കി​​ൽ കു​​റ​​ഞ്ഞ വേ​​ത​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ആ ​​നി​​ർ​​ദേ​​ശം, ആ​​ശ​​മാ​​ർ, അങ്കണ​​വാ​​ടി ജീ​​വ​​ന​​ക്കാ​​ർ, സ്കൂ​​ൾ പാ​​ച​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ… തു​​ട​​ങ്ങി നി​​ര​​വ​​ധി അ​​ത്താ​​ഴ​​പ്പ​​ട്ടി​​ണി​​ക്കാ​​രു​​ടെ കാ​​ര്യ​​ത്തി​​ൽ എ​​ന്തു​​കൊ​​ണ്ടാ​​ണ് ന​​ട​​പ്പാ​​ക്കാ​​ത്ത​​ത്‍? ആ ​​മ​​നു​​ഷ്യ​​ർ​​ക്ക് ഈ ​​സ​​ർ​​ക്കാ​​ർ ‘ഭി​​ക്ഷ’ പോ​​ലെ എ​​റി​​ഞ്ഞു​​കൊ​​ടു​​ക്കു​​ന്ന നി​​സാ​​ര വേ​​ത​​ന​​ത്തി​​ൽ​​നി​​ന്നാ​​ണ് ഭ​​ക്ഷ​​ണ​​വും താ​​മ​​സ​​വും ചി​​കി​​ത്സ​​യു​​മൊ​​ക്കെ.

ത​​ട​​വു​​കാ​​ർ​​ക്കു ശ​​ന്പ​​ള​​ത്തി​​നു പു​​റ​​മേ മേ​​ൽ​​പ്പ​​റ​​ഞ്ഞ​​തൊ​​ക്കെ സൗ​​ജ​​ന്യ​​വും.ജ​​യി​​ലിലു​​ള്ള​​വ​​രും മ​​നു​​ഷ്യ​​രാ​​ണ്. കൊ​​ടും​​ക്രി​​മി​​ന​​ലു​​ക​​ളും പാ​​ർ​​ട്ടി​​ക്കു​​വേ​​ണ്ടി ക്രൂ​​ര​​കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ ന​​ട​​ത്തി ജ​​യി​​ലി​​ൽ ‘സു​​ഖ​​വാ​​സം’ ന​​ട​​ത്തി പ​​രോ​​ളി​​ൽ വി​​ല​​സു​​ന്ന​​വ​​രും ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ന്ന​​വ​​രും മാ​​ത്ര​​മ​​ല്ല, അ​​പ്ര​​തീ​​ക്ഷി​​ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളാ​​ൽ കു​​റ്റ​​വാ​​ളി​​ക​​ളാ​​യ​​വ​​രു​​മു​​ണ്ട്.

അ​​വ​​ർ​​ക്കു കൃ​​ത്യ​​മാ​​യ ജോ​​ലി​​യും സു​​ഖ​​സൗ​​ക​​ര്യ​​ങ്ങ​​ളും മു​​ന്തി​​യ ഭ​​ക്ഷ​​ണ​​വും പു​​റ​​ത്തു​​ള്ള​​തി​​നേ​​ക്കാ​​ൾ ശ​​ന്പ​​ള​​വും കൊ​​ടു​​ത്താ​​ണോ മാ​​ന​​സാ​​ന്ത​​ര​​പ്പെ​​ടു​​ത്തേ​​ണ്ട​​ത് എ​​ന്ന ചോ​​ദ്യം അ​​വി​​ടെ നി​​ൽ​​ക്ക​​ട്ടെ. എ​​ന്തു​​കൊ​​ണ്ടാ​​ണ് അ​​വ​​ർ​​ക്കു ശ​​ന്പ​​ളം വ​​ർ​​ധി​​പ്പി​​ച്ച​​പ്പോ​​ൾ ഈ ​​സം​​സ്ഥാ​​ന​​ത്തെ മ​​നു​​ഷ്യ​​ർ പ്ര​​തി​​ഷേ​​ധി​​ച്ച​​തെ​​ന്ന് ഈ ​​സ​​ർ​​ക്കാ​​ർ തി​​രി​​ച്ച​​റി​​യ​​ണം. അ​​ത് ഈ ​​സ​​ർ​​ക്കാ​​രും പാ​​ർ​​ട്ടി​​യും ഇ​​വി​​ട​​ത്തെ തു​​ച്ഛ​​വ​​രു​​മാ​​ന​​ക്കാ​​രു​​ടെ ക​​ണ്ണീ​​ർ​​സ​​മ​​ര​​ങ്ങ​​ളോ​​ടു സ്വീ​​ക​​രി​​ച്ച നി​​ഷേ​​ധാ​​ത്മ​​ക​​വും മാ​​ട​​ന്പി​​ത്ത​​ര​​ത്തി​​ൽ ഊ​​ന്നി​​യ​​തു​​മാ​​യ സ​​മീ​​പ​​നം ജ​​നം മ​​റ​​ന്നി​​ട്ടി​​ല്ലാ​​ത്ത​​തു​​കൊ​​ണ്ടാ​​ണ്.

ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം വേ​​ത​​നം ത​​ട​​വു​​പു​​ള്ളി​​ക​​ൾ​​ക്കു കൊ​​ടു​​ക്കു​​ന്ന സം​​സ്ഥാ​​ന​​മെ​​ന്ന ഖ്യാ​​തി​​യാ​​ണ് ല​​ക്ഷ്യ​​മെ​​ങ്കി​​ൽ സ​​ഹ​​ത​​പി​​ക്കു​​ന്നു. പ​​ക്ഷേ, ഇ​​ത്ത​​രം പൊ​​ങ്ങ​​ച്ച​​ങ്ങ​​ളി​​ല​​ല്ല ജ​​നാ​​ധി​​പ​​ത്യ​​മെ​​ന്ന് ഓ​​ർ​​മി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. 3.5-4 ല​​ക്ഷം രൂ​പ ശ​​ന്പ​​ളം വാ​​ങ്ങു​​ന്ന​​വ​​രു​​ടെ ആ​​വ​​ശ്യം പെ​​ട്ടെ​​ന്നു മ​​ന​​സി​​ലാ​​കു​​ക​​യും 10,000-12,000 രൂ​​പ വേ​​ത​​നം വാ​​ങ്ങു​​ന്ന​​വ​​രു​​ടേ​​തു നാ​​ട​​ക​​മാ​​ണെ​​ന്നു തോ​​ന്നു​​ക​​യും ചെ​​യ്യു​​ന്ന രാ​​ഷ്‌ട്രീ​​യ​​ബോ​​ധം പാ​​വ​​ങ്ങ​​ളും സാ​​ധാ​​ര​​ണ​​ക്കാ​​രു​​മാ​​യി ഒ​​രു ബ​​ന്ധ​​വു​​മു​​ള്ള​​ത​​ല്ല. ജ​​യി​​ൽ​​പ്പു​​ള്ളി​​ക​​ളു​​ടെ വേ​​ത​​നം കു​​റ​​യ്ക്കേണ്ട.

പ​​ക്ഷേ, 200-300 രൂ​​പ വേ​​ത​​ന​​ക്കാ​​രു​​ടെ മു​​ഖ​​ത്തു​​ നോ​​ക്കി പാ​​ട്ട​​പ്പി​​രി​​വു​​കാ​​രെ​​ന്നും ഈ​​ർ​​ക്കി​​ൽ സം​​ഘ​​ട​​ന​​യെ​​ന്നും സാം​​ക്ര​​മി​​ക​​രോ​​ഗ​​ങ്ങ​​ൾ പ​​ര​​ത്തു​​ന്ന കീ​​ട​​ങ്ങ​​ളെ​​ന്നും വി​​ളി​​ച്ച പാ​​ർ​​ട്ടി​​ നേ​​താ​​ക്ക​​ളു​​ടെ ധാ​​ർ​​ഷ്‌​​ട്യം തി​​രു​​ത്തി ആ​​ശ​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രു​​ടെ പ്ര​​തി​​ഫ​​ലം വ​​ർ​​ധി​​പ്പി​​ക്ക​​ണം. സം​​സ്ഥാ​​ന​​ത്തെ ഏ​​റ്റ​​വും പാ​​വ​​പ്പെ​​ട്ട​​വ​​രാ​​യ മ​​നു​​ഷ്യ​​രു​​ടെ കു​​റ​​ഞ്ഞ ശ​​ന്പ​​ളം ജ​​യി​​ൽ​​പ്പു​​ള്ളി​​ക​​ളു​​ടേ​​തി​​നു തു​​ല്യ​​മെ​​ങ്കി​​ലും ആ​​ക്ക​​ണം.അ​​ല്ലെ​​ങ്കി​​ൽ അ​​ഴി​​മ​​തി​​യു​​ടെ തൊ​​പ്പി​​യി​​ൽ​​നി​​ന്നു പ്രീ​​ണ​​ന​​മു​​യ​​ലു​​ക​​ളെ എ​​ടു​​ത്തു​​കാ​​ണി​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ജാ​​ല​​വി​​ദ്യ​​ക്കാ​​ർ വേ​​ദി​​യി​​ൽ​​നി​​ന്നു മാ​​റ​​ണം.

Related posts

Leave a Comment