ലോകത്തില്‍ ജനിക്കുന്ന രണ്ടു ലക്ഷം കുട്ടികളില്‍ രണ്ടു പേര്‍ സയാമീസ് ഇരട്ടകളായിരിക്കുമെന്നാണ് കണക്കുകള്‍. അഞ്ചു മുതല്‍ 25 ശതമാനം വരെയാണ് അതിജീവനത്തിനുള്ള ഇവരുടെ കഴിവ് എന്നാണു യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്റര്‍ അവകാശപ്പെടുന്നത്. കിഴക്കന്‍ ചൈനയിലെ നന്‍ചംഗ് നഗരത്തിലെ ജിയാങ്‌സി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം 50 മാസം ദിവസം പ്രായമായ സയാമീസ് ആണ്‍കുട്ടികളെ ഓപ്പറേഷനിലൂടെ വേര്‍പെടുത്തി. നെഞ്ചും കരളും ഒട്ടിച്ചേര്‍ന്ന നിലയില്‍ ജനിച്ച രണ്ടുപേര്‍ക്കുംകൂടി ആകെ 2.1 കിലോ ഭാരമായിരുന്നു ഉണ്ടായിരുന്നത്.
ഹൈപോതെര്‍മിയ എന്ന രോഗം മൂലം മുലകുടിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇരുവരും കരള്‍ പങ്കുവയ്ക്കുന്നതിനാല്‍ ഒരാളില്‍നിന്നു മറ്റേയാളിലേക്ക് രക്തം ചെന്നെത്തും. ഒരാള്‍ കരയാന്‍ തുടങ്ങിയാല്‍ കൂടുതല്‍ രക്തം മറ്റേയാളുടെ ശരീരത്തിലേക്ക് ഒഴുകും. ഇതുമൂലമുണ്ടാകുന്ന പ്രശ്‌നം തരണം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ജാഗരൂകരായിരുന്നു. ഇരുവരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചര്‍മം മസാജ് ചെയ്താണ് വേര്‍പെടുത്താന്‍ പാകത്തിലാക്കിയത്. ഇതിനുശേഷം നടത്തിയ അതി സങ്കീര്‍ണമായി ശസ്ത്രക്രിയയില്‍ ഇരുവരും സ്വതന്ത്രരായി. ചൈനയിലെ ഈ പ്രവിശ്യയില്‍ നടക്കുന്ന ഇത്തരത്തിലെ മൂന്നാമത്തെ ശസ്ത്രക്രിയയാണിത്. രണ്ടു സ്വതന്ത്ര വ്യക്തികളായി മാറിയ ഇവരെ രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യും.
