കോട്ടയം: സ്വകാര്യ ബസിന്റെ ഗ്ലാസുകൾ എറിഞ്ഞു തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം 6.30നു നാഗന്പടം സീസർ ജംഗ്ഷനുസമീപമാണ് സംഭവം. കോട്ടയം-കരിപ്പുംതട്ട് റൂട്ടിൽ സർവീസ് നടത്തുന്ന കഐംവി ട്രാവൽസിന്റെ തുഷാര ബസിന്റെ ചില്ലുകളാണു അക്രമി തകർത്തത്.
സംഭവുമായി ബന്ധപ്പെട്ട് സംക്രാന്തി സ്വദേശി ശ്യാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളജ് സ്റ്റാൻഡിൽനിന്നും ബസിൽ കയറിയ ശ്യാം യാത്രക്കാരുമായി ബഹളംവച്ചു. സംക്രാന്തിയിൽ എത്തിയപ്പോൾ ബസിൽനിന്നും ശ്യാമിനെ യാത്രക്കാരും ബസ് ജീവനക്കാരും ചേർന്നു ഇറക്കിവിട്ടു.
പിന്നാലെ ബൈക്കിൽ വന്ന ശ്യാം സീസർ പാലസ് ജംഗ്ഷനിലെത്തിയപ്പോൾ ബസിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ എറിഞ്ഞു തകർക്കുകയായിരുന്നു. തുടർന്നു ശ്യാം ബൈക്കിൽ കടന്നുകളഞ്ഞു. പോലീസ് എത്തി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
കുറച്ചുസമയങ്ങൾക്കുശേഷം ബൈക്കിൽ മറ്റൊരാളുടെ പിന്നിലിരുന്നു നാഗന്പടത്തുകൂടി ശ്യാം യാത്രചെയ്യുന്നത് ബസ് ജീവനക്കാർ കാണുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസ് ബൈക്ക് തടഞ്ഞു ശ്യാമിനെ പിടിക്കുവാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപെടാൻ ശ്രമിച്ചു.
പിന്നാലെ ഓടിയ പോലീസ് നാഗന്പടം റെഡ്ക്രോസ് കെട്ടടത്തിനുസമീപത്തുനിന്നും പിടികൂടി. വെസ്റ്റ് സ്റ്റേഷനിൽ എത്തിച്ച ശ്യാമിനെതിരെ പോലീസ് കേസെടുത്തു. വാറണ്ട് കേസിൽ മുങ്ങിനടക്കുകയായിരുന്ന ശ്യാമിനെതിരെ നിരവധി കേസുകളുണ്ട്.