അടൂർ: വോട്ടെടുപ്പ് ദിനത്തിലെ മാനസിക സംഘർഷത്തിനിടയിലും സുഹൃദ് ബന്ധത്തിന് അകൽച്ചയില്ലെന്ന് തെളിയിച്ച് വനിതാ സ്ഥാനാർഥികൾ.
ഏഴംകുളം ഗ്രാമപഞ്ചായത്ത് വാർഡിൽ മത്സരിക്കുന്ന സുഹൃത്തുക്കളായ രണ്ട് സ്ഥാനാർഥികൾ ബൂത്തിനു മുന്പിൽ ഒരുമിച്ചിരുന്ന് ഒരു പൊതിച്ചോറ് പങ്കിട്ടെടുത്തത് കൗതുകകരമായ കാഴ്ചയായി.
ഏഴംകുളം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായ ബീന ബാബുജാനും എൽഡിഎഫ് സ്ഥാനാർഥിയായ എസ്. ഷമീറയുമാണ് വോട്ടെടുപ്പ് ഉച്ഛസ്ഥായിലായിരിക്കേ വിശപ്പടക്കാനായി ഒരു പൊതിച്ചോറ് പങ്കെടുത്തത്.
ഇത് തെരഞ്ഞെടുപ്പ് ആണെന്നും ഒരാൾക്കു മാത്രമേ ജയിക്കുവാൻ സാധിക്കുകയുള്ളൂവെന്നുമുള്ള യാഥാർഥ്യം തങ്ങൾ നേരത്തെ ഉൾക്കൊണ്ടതാണെന്നും ഫലം വന്നശേഷവും ഞങ്ങളുടെ സൗഹൃദം തുടരുമെന്നും ഇരുവരും സന്തോഷത്തോടെ പറഞ്ഞു.
