ചാത്തന്നൂർ: ഓടിത്തളർന്ന പഴഞ്ചൻ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ പെയിന്റ് മാറ്റി ഫാസ്റ്റ് പാസഞ്ചർ സർവീസിന് ഒരുക്കുന്നു. നിലവിൽ സൂപ്പർ ഫാസ്റ്റിന്റെ കാലാവധി 12 വർഷവും ഫാസ്റ്റ് പാസഞ്ചറിന്റെ കാലാവധി 15 വർഷവുമാണ്. 12 വർഷം കഴിഞ്ഞ സൂപ്പർ ഫാസ്റ്റുകൾ മൂന്നു വർഷം കൂടി ഫാസ്റ്റ് പാസഞ്ചറായി ഓടിക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം. ബസുകളുടെ കണ്ടീഷനെയും യാത്രക്കാരുടെ സുരക്ഷയേയും ഇത് ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
2016ന് മുമ്പ് സൂപ്പർ ഫാസ്റ്റുകളുടെ കാലാവധി അഞ്ച് വർഷവും ഫാസ്റ്റ് പാസഞ്ചറിന്റേത് ഏഴു വർഷ വുമായിരുന്നു. അത് കഴിഞ്ഞാൽ പിന്നീട് ഈ ബസുകൾ ഓർഡിനറി സർവീസ് ആക്കുമായിരുന്നു. കെഎസ്ആർടിസി പുതിയ ബസുകൾ വാങ്ങാതായതോടെ നിലവിലെ സൂപ്പർ, ഫാസ്റ്റ് പാസഞ്ചർ സർവീസുകളുടെ കാലാവധി രണ്ടു ഘട്ടമായിഉയർത്തിയാണ് പന്ത്രണ്ടും പതിനഞ്ചും വർഷമാക്കിയത്.
കെ.ബി. ഗണേശ് കുമാർ മന്ത്രിയായ ശേഷം പുതിയ ബസുകൾ വാങ്ങാൻ തുടങ്ങി. സർക്കാരിൽ നിന്നുളള പ്ലാൻ ഫണ്ട് ഉപയോഗിച്ച് 360 പുതിയ ബസുകൾക്ക് ഓർഡർ കൊടുത്തു. ഈ ബസുകൾ കെ എസ്ആർടിസി ക്ക് കിട്ടിക്കൊണ്ടിരിക്കയാണ്. ആ സാഹചര്യത്തിലാണ് കാലാവധി കഴിഞ്ഞ സൂപ്പർ ഫാസ്റ്റുകൾ ഫാസ്റ്റ് പാസഞ്ചറുകളാക്കുന്നത്.
ഫാസ്റ്റ് പാസഞ്ചർ സർവീസ് നടത്താൻ ബസുകൾ തികയാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ വിവിധ ഡിപ്പോകളിൽ നിന്നുളള 54 സൂപ്പർ ഫാസ്റ്റുകൾ നിറം മാറ്റി ഫാസ്റ്റ് പാസഞ്ചറാക്കി മറ്റ് ഡിപ്പോകൾക്ക് നൽകും . ഷെഡ്യൂൾ നടത്താൻ ഫാസ്റ്റ് പാസഞ്ചറുകൾ തികയാത്ത ഡിപ്പോകൾക്കാണ് ഇത്തരം ബസുകൾ കൈമാറുന്നത്. കൈമാറാനുള്ള ബസുകൾ നിശ്ചയിച്ച് യൂണിറ്റ് ഓഫീസർമാർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.
- പ്രദീപ് ചാത്തന്നൂർ
