അമ്പലപ്പുഴ: തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിൽ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച സഫലം ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനത്തിന്റെ ശിലാഫലകം നീക്കം ചെയ്തതായി ആക്ഷേപം. ഇത് ഗുരുതര വീഴ്ചയാണെന്നാരോപിച്ച് മുന്‍ മന്ത്രി ജി. സുധാകരന് തന്റെ ഫേസ് ബുക്ക് പോസ്റ്റിലും പ്രതിഷേധമറിയിച്ചു.
തോട്ടപ്പള്ളി മണ്ണുംപുറം കോളനിയില്‍ 300 ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താമസിക്കാൻ വേണ്ടി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ ആദ്യ ഘട്ട ഉദ്ഘാടനം ഇന്നലെ മന്ത്രി സജിചെറിയാൻ നിർവഹിച്ചു. എംഎൽഎ എച്ച്. സലാം അടക്കമുള്ളവർ പങ്കെടുത്തു.
കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് സഖാവ് മേഴ്സിക്കുട്ടിയമ്മ മത്സ്യവകുപ്പ് മന്ത്രി ആയിരുന്നപ്പോൾ സ്ഥലം എംഎൽഎയും മന്ത്രിയും എന്ന നിലയില്‍ അഭ്യർഥിച്ചതനുസരിച്ചാണ് ഫ്ലാറ്റ് സമുച്ചയം അനുവദിക്കപ്പെട്ടത്. അന്ന് ശിലാസ്ഥാപനവും നടത്തി.
എന്നാൽ ശിലാസ്ഥാപനത്തിന്റെ ഫലകം മാറ്റിയശേഷമാണ് ഉദ്ഘാടനത്തിന്റെ ഫലകം ഇപ്പോള്‍ വച്ചിരിക്കുന്നത്. ആ ഫലകം കാണാനില്ലെന്നു പറയുന്നു. ഇത് ഗുരുതരവീഴ്ചയാണ്. വികസനത്തിന്റെ ചരിത്രം മറയ്ക്കുന്ന ഈ രീതി അമ്പലപ്പുഴയിൽ അടുത്തകാണുന്ന ഒരു പ്രവണതയാണ് എന്നാണ് മുന്‍മന്ത്രി ജി.സുധാകരന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഫ്ലാറ്റ് സമുച്ചയത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് കുറിപ്പിട്ടത്.
