എടത്വ: തോടുകളില്‍ പോളശല്യം രൂക്ഷം. ജലലഭ്യതയും നീരൊഴുക്കും ഗതാഗതവും തടസപ്പെടുന്നതായി ഗ്രാമവാസികള്‍. കുട്ടനാട്-അപ്പര്‍ കുട്ടനാട് മേഖലയിലെ തോടുകളിലാണ് പോളശല്യം രൂക്ഷമായി ജനജീവിതം ദുഃസഹമായിത്തീരുന്നത്. തോടുകളില്‍ നീരൊഴുക്ക് പൂർണമായി തടസപ്പെടുമ്പോള്‍ ഇടത്തോടുകള്‍ ഏറെക്കുറെ നികന്ന അവസ്ഥയിലാണ്. വറവ് കാലം ആരംഭിക്കുന്നതിന് മുന്‍പേ തോടുകള്‍ പോളയും എക്കലും പുല്ലും നിറഞ്ഞ് നികന്നുതുടങ്ങിയിരുന്നു.
യാത്രാബോട്ടുകള്‍ സഞ്ചരിക്കുന്ന പ്രധാന നദികളിലേയും അവസ്ഥ വ്യത്യസ്തമല്ല. നദികളുടെ ഇരുകരകളും നികന്ന അവസ്ഥയിലാണ്. ഗ്രാമീണജനത ജല ലഭ്യതയ്ക്കായി മുഖ്യമായി ആശ്രയിക്കുന്നത് തോടുകളെ യാണ്. ജല്‍ജീവന്‍ പദ്ധതിയില്‍ പൈപ്പ് സ്ഥാപിക്കല്‍ പല സ്ഥലങ്ങളിലും നടന്നതല്ലാതെ 2027 ഓടെ മാത്രമേ ജലവിതരണം നടക്കാന്‍ സാധ്യതയുള്ളൂവെന്ന് അധികാരികള്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടുത്ത ജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലെ തോടുകളില്‍ നിന്നുപോലും ജലം ലഭിക്കാതെ വന്നതോടെ ഗ്രാമവാസികള്‍ ഏറെ ദുരിതത്തിലാണ്.
മുന്‍കാലങ്ങളില്‍ അതത് പഞ്ചായത്തുകള്‍ തോട് വ്യത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു. ഏറെ നാളുകളായി ഒട്ടുമിക്ക പഞ്ചായത്തിലും ഈ പ്രവൃത്തി നടക്കുന്നില്ല. ഇതിനുള്ള ഫണ്ട് പോലും പഞ്ചായത്ത് ബജറ്റില്‍ വകകൊള്ളിക്കുന്നില്ല. വെള്ളപ്പൊക്ക സീസൺ നീണ്ടകാലം ഇല്ലെന്നിരിക്കെ നദിയിലേയും തോടുകളിലേയും പോളയും പുല്ലും മാലിന്യവും നീക്കം ചെയ്ത് നീരൊഴുക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ചെറിയ വെള്ളപ്പൊക്കം പോലും കുട്ടനാടിനെ മുക്കിക്കളയാന്‍ സാധ്യതയുണ്ട്.
കൂടാതെ മാലിന്യങ്ങള്‍ അടിഞ്ഞ് ജലജന്യ രോഗങ്ങളും മാരക രോഗങ്ങളും പടരാനും സാധ്യയുണ്ട്. കഴിഞ്ഞ ഏതാനും കാലങ്ങളായി കുട്ടനാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന കാന്‍സർ, വൃക്ക രോഗങ്ങള്‍ ആരോഗ്യ വകുപ്പും കണ്ടില്ലെന്ന് നടിക്കുകയാണ്. വിസര്ജ്ജിയ മാലിന്യങ്ങള്‍ ഉള്‍പ്പെടെ തോടുകളിലേയ്ക്ക് ഒഴുക്കിവിട്ട് ജനജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമായിത്തീരുന്ന അവസ്ഥയാണ് കുട്ടനാട്ടില്‍ കാണുന്നത്.
കുട്ടനാട്ടില്‍ വിളവ് സീസണ് ആരംഭിച്ചതോടെ ഉള്‍പ്രദേശങ്ങളില്‍ പാടശേഖരങ്ങളില്‍ നിന്ന് വിളവെടുത്ത നെല്ല് വള്ളത്തില്‍ പ്രധാന റോഡില്‍ എത്തിച്ചാണ് ലോറിയില്‍ കയറ്റുന്നത്. ചില പാടശേഖരങ്ങളുടെ പുറം ബണ്ടിനോട് ചേര്‍ന്ന് വള്ളം എത്താറില്ല. ഇടത്തോടുകള്‍ നികന്നതിനാല്‍ ലോഡ് വള്ളങ്ങള്‍ കയറ്റാനും കഴിയാത്ത അവസ്ഥയാണ്. വള്ളം കിടക്കുന്ന സ്ഥലം വരെ തൊഴിലാളികള്‍ ചുമന്നാണ് നെല്ല് കയറ്റുന്നത്. ചുമട്ടു കൂലിയുടെ പേരില്‍ കര്‍ഷകര്‍ക്ക് കനത്ത നഷ്ടമാണ് ഒരോ കൃഷി സീസണിലും ഉണ്ടാകുന്നത്.
കുട്ടനാട്ടില്‍ വിളവെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പേ തോടുകള്‍ വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ പഞ്ചായത്തോ റവന്യു വകുപ്പോ ഒരു ചെറുവിരല്‍ പോലും അനക്കാറില്ല. കഴിഞ്ഞ സംസ്ഥാന ബജറ്റിലും കുട്ടനാട്ടിലെ ജലാശയങ്ങളുടെ ആഴംകൂട്ടല്‍ പദ്ധതിക്ക് ഫണ്ട് നീക്കി വച്ചിരുന്നില്ല. മുന്‍പ് വെച്ചിരുന്ന ഫണ്ട് ലാപ്സായതല്ലാതെ പദ്ധതി നടപ്പാക്കാന്‍ നിയമസഭാസാമാജികരും തയ്യാറായില്ല.
ഗ്രാമവാസികളാകട്ടെ പ്രഥമികകൃത്യം നിര്‍വ്വഹിക്കാന്‍ കിലോമീറ്റര്‍ താണ്ടി നദികളെ ആശ്രയിക്കാറുണ്ട്. കഴിഞ്ഞ ദിവസം തലവടി സ്വദേശിയായ മനോജിന്റെ മരണ കാരണവും ജല ലഭ്യതയായിരുന്നു. മനോജിന്റെ വീടിന് സമീപത്തെ മാമ്മൂട്ടില്‍-കുറ്റിക്കാട്ട്ചിറ തോട്ടില്‍ പോള നിറഞ്ഞ് കിടക്കുന്നതിനാല്‍ പ്രാഥമിക ആവശ്യം നിറവേറ്റാനാണ് പമ്പാനദിയിലേക്കു പോയത്. ഇവിടെ വച്ചാണ് മനോജ് മുങ്ങി മരിച്ചത്. അധികൃതര്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെട്ട് ജലലഭ്യത ഉറപ്പുവരുത്താനും നീരൊഴുക്ക് സുഗമമാക്കാനും ജലഗതാഗത പുനഃസ്ഥാപിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ഗ്രാമവാസികള്‍ ആവശ്യപ്പെടുന്നത്.
