കായംകുളം: താലൂക്ക് ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത ഒരു ജീവൻ കൂടി കവർന്നെടുത്തു. കഴിഞ്ഞദിവസം പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തിച്ച യുവതി മരണപ്പെട്ടത് കൃത്യസമയത്ത് മരുന്നും പ്രാഥമിക ചികിത്സയും ലഭിക്കാത്തതു മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. യുവതിക്ക് അടിയന്തരമായി നൽകേണ്ട ആന്റിവെനം ഉൾപ്പെടെയുള്ള ജീവൻരക്ഷാ മരുന്നുകൾ ആശുപത്രിയിൽ ലഭ്യമായിരുന്നില്ലെന്നാണ് പരാതി.
അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തിച്ച രോഗിക്ക് പ്രാഥമിക ചികിത്സ നൽകുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതായി നാട്ടുകാർ ആരോപിക്കുന്നു. രാത്രികാലങ്ങളിൽ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം ഇപ്പോൾ താറുമാറായ അവസ്ഥയിലാണ്.ജീവൻരക്ഷാ മരുന്നുകൾ പോലും സ്റ്റോക്കില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. നൂറുകണക്കിന് രോഗികൾ എത്തുന്ന താലൂക്ക് ആശുപത്രിയിൽ രാത്രിയായാൽ കേവലം ഒരു ഡോക്ടർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടാകുന്നത്. ഇത് അടിയന്തര ഘട്ടങ്ങളിൽ ചികിത്സ നൽകുന്നതിന് വലിയ തടസമാകുന്നു.
ആവശ്യത്തിന് മരുന്നോ വേണ്ടത്ര ഡോക്ടർമാരോ ഇല്ലാത്ത ആശുപത്രി രോഗികളെ വലയ്ക്കുകയാണ്. പാവപ്പെട്ട രോഗികൾക്ക് ആശ്രയമാകേണ്ട താലൂക്ക് ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നതല്ലാതെ മറ്റ് സേവനങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് പരക്കെ പരാതിയുണ്ട്.
മരണപ്പെട്ട സെലീനക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരേ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. വിഷയത്തിൽ ഉന്നത അധികൃതർ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
കഴിഞ്ഞദിവസം രാത്രിയാണ് അമ്മാവന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ യുവതി പാമ്പുകടിയേറ്റ് മരിച്ചത്. കായംകുളം പനമൂട് സമീർ-ജമീല ദമ്പതികളുടെ മകളും ആറാട്ടുപുഴ സ്വദേശി നാജിമിന്റെ ഭാര്യയുമായ സലീന (42) ആണ് മരിച്ചത്. കായംകുളം വ്യാപാരി അസോസിയേഷൻ യൂണിയൻ ഓഫീസിലെ ജീവനക്കാരിയായിരുന്നു.
വിവാഹവീട്ടിൽനിന്നും ഭർത്താവിനും മകൾക്കും ഒപ്പം കാറിൽ കയറാൻ തുടങ്ങവേ സലീനയുടെ കാലിന്റെ ഉപ്പൂറ്റിക്ക് മുകളിലായി പാമ്പ് കടിക്കുകയായിരുന്നു. ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
