ഇന്ത്യൻ അതിഥി സൽക്കാരത്തിന്റെ മനോഹരമായ ഒരു ഉദാഹരണമായി മാറിയിരിക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള മനം കവരുന്ന ഈ വീഡിയോ. വിവാഹത്തിന് പോകുന്ന ഒരു വരൻ, യാദൃശ്ചികമായി കണ്ടുമുട്ടിയ വിദേശ വിനോദസഞ്ചാരികളെ തന്റെ കാറിലിരുന്ന് വിവാഹ സത്കാരത്തിനു ക്ഷണിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഗുജറാത്തിൽ വിവാഹത്തിനായി അലങ്കരിച്ച കാറിൽ റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണ് ഒപ്പം യാത്ര ചെയ്യുന്ന സഫാരിയിലായിരുന്ന ഒരു കൂട്ടം വിദേശ വിനോദസഞ്ചാരികളെ കാണുന്നത്. അവരെ കാണുന്ന നിമിഷം തന്നെ വരൻ അവർക്ക് വിവാഹ ക്ഷണക്കത്ത് കൈമാറുകയും വിവാഹത്തിനു വരാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ലൊക്കേഷൻ അറിയാൻ കത്തിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതിയെന്നും ഇദ്ദേഹം അവരോട് പറയുന്നുണ്ട്.
ഇറ്റലിയിൽ നിന്നുള്ള മിറെല ക്രിസ്റ്റീന മുറാറിയു എന്ന ടൂറിസ്റ്റാണ് ഈ മനോഹരമായ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇന്ത്യ സന്ദർശിക്കാനുള്ള ഇടമല്ല, മറിച്ച് അനുഭവിച്ചറിയേണ്ട ഒന്നാണെന്നും, യാതൊരു ഔപചാരികതയുമില്ലാത്ത ഇവിടുത്തെ സ്നേഹം തന്നെ അത്ഭുതപ്പെടുത്തിയെന്നും അവർ കുറിച്ചത്.
സംഭവം സമൂഹ മാധ്യമങ്ങളിൽ തരംഗമായതോടെ അഭിപ്രായങ്ങളും കമന്റുകളുമായാണ് ആളുകൾ രംഗത്തെത്തിയത്. പീക്ക് ഇന്ത്യ മൊമെന്റ് എന്നാണ് നെറ്റിസൺസ് ഈ വീഡിയോയെ വിശേഷിപ്പിക്കുന്നത്. യഥാർത്ഥ അതിഥി ദേവോ ഭവ എന്ന സങ്കല്പമാണിതെന്ന് പലരും കമന്റുകൾ രേഖപ്പെടുത്തി.
