അമ്പലപ്പുഴ: സിപിഎമ്മിനെതിരേ വീണ്ടും ശക്തമായ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അമ്പലപ്പുഴ ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗ വേദിയിലാണ് ജി. സുധാകരൻ വീണ്ടും സിപിഎമ്മിനെതിരേ ആഞ്ഞടിച്ചത്.
പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. സിപിഎമ്മിൽ ആത്മവിമർശനമൊന്നുമില്ല. അത് വെറുതെ പറയുന്നതാണ്. സിപിഎമ്മിൽ നിൽക്കാൻ കൊള്ളില്ല. അതുകൊണ്ടാണ് താൻ അംഗത്വം പുതുക്കാതിരുന്നത്. തങ്ങൾ ചേർന്ന കാലത്തെ പാർട്ടിയല്ല ഇത്. പാർട്ടിയെന്ന പേര് മാത്രമേയുള്ളൂ. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക.
ഇതാണിപ്പോൾ നടക്കുന്നത്. സിപിഎം സ്ഥാനാർഥികൾ ജയിച്ചത് ഭാഗ്യമെന്നു കരുതിയാൽ മതി. വിജയരാഘവൻ തനിക്കെതിരേ പ്രസംഗിച്ചതുകൊണ്ട് കൂടുതൽ വോട്ട് കിട്ടി. പ്രസംഗിച്ചാലൊന്നും വോട്ട് കിട്ടില്ല. അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കണം. 2021 ൽ സിപിഎമ്മിന് 47 ശതമാനം വോട്ട് കിട്ടിയിരുന്നു. ഇപ്പോൾ ഇത് 26 ശതമാനമായി കുറഞ്ഞു. ഇത് അസാമാന്യമായ കഴിവാണ്.
ചെങ്ങന്നൂരിൽ പ്രോപ്പറായ സ്ഥാനാർഥിയെ നിർത്തിയിരുന്നെങ്കിൽ കോൺഗ്രസ് രാവിലെ 9ന് ജയിച്ചേനെ. അവിടെ എൽഡിഎഫ് സ്ഥാനാർഥി പറഞ്ഞയാളെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയത്. ഇത് കോൺഗ്രസ് പരിശോധിക്കണം. മറ്റ് പാർട്ടികളിലിടപെട്ട് തനിക്ക് ജയിക്കാൻ കഴിയുന്ന അന്തരീക്ഷമുണ്ടാക്കണമെങ്കിൽ എത്ര വലിയ പൊളിറ്റിക്കൽ ക്രിമിനലിസമാണ് നടന്നത്. തന്നെ കായംകുളത്ത് രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ കാലുവാരി തോൽപ്പിക്കുകയായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
