ഹരിപ്പാട്: റെയിൽവേ ഗേറ്റ് യഥാസമയം അടയ്ക്കാതിരുന്നതിനെതുടർന്ന് സിഗ്നൽ ലഭിക്കാതെ എക്സ്പ്രസ് ട്രെയിൻ വഴിയിൽ നിർത്തിയിട്ടു. ഇന്നലെ വൈകിട്ട് മൂന്നോടെ ആയാപറമ്പ് ആലിൻചുവട് റെയിൽവേ ഗേറ്റിലായിരുന്നു സംഭവം.
ആലപ്പുഴ ഭാഗത്തുനിന്നും കായംകുളത്തേക്കു പോവുകയായിരുന്ന ജാംനഗർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ് അപകടസാധ്യത ഒഴിവാക്കാനായി ഗേറ്റിന് ഏതാനും മീറ്ററുകൾ അകലെയായി ആറു മിനിറ്റ് നിർത്തിയിടേണ്ടി വന്നത്. തീവണ്ടി വരുന്ന സമയമായിട്ടും ഗേറ്റ് അടയ്ക്കാതിരുന്നതിനെതുടർന്ന് സിഗ്നൽ സംവിധാനം ചുവപ്പായതാണ് ട്രെയിൻ നിർത്താൻ കാരണം.
പതിവില്ലാതെ ട്രെയിൻ പാതിവഴിയിൽ കിടക്കുന്നത് കണ്ട് നാട്ടുകാരും വാഹനയാത്രക്കാരും റെയിൽവേ ഗേറ്റിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് വീഴ്ച പുറത്തറിയുന്നത്.സംഭവസമയം ഗേറ്റ് കീപ്പർ മൊബൈൽ ഫോണിൽ നോക്കിയിരിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഗേറ്റ് അടയ്ക്കാത്തതിനെതുടർന്ന് വാഹനയാത്രക്കാർ ഇറങ്ങി ബഹളം വെച്ച ശേഷമാണ് ഇയാൾ ഗേറ്റ് അടയ്ക്കാൻ തയാറായതെന്നും ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
എന്നാൽ, പ്രാഥമിക കൃത്യം നിർവഹിക്കാൻ ബാത്ത്റൂമിൽ പോയതിനാലാണ് ഗേറ്റ് അടയ്ക്കാൻ വൈകിയതെന്നാണ് ഗേറ്റ് കീപ്പറുടെ വിശദീകരണം. തുടർന്ന് ഗേറ്റ് അടയ്ക്കുകയും പച്ച സിഗ്നൽ ലഭിക്കുകയും ചെയ്ത ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
