ഇന്ത്യക്കാരുടെ വെണ്ടയ്ക്ക അമേരിക്കയിലെത്തിയപ്പോൾ ഹൈ ഡിമാന്റ്. ലുക്കും വിലയും മാറി ‘പ്രീമിയം സ്നാക്കുമായി’. അമേരിക്കയിലെ ഒരു സൂപ്പർമാർക്കറ്റിൽ മസാല ചേർത്ത് വെണ്ടയ്ക്കയെ വറുത്ത് ചെറിയ പായ്ക്കറ്റിലാക്കി വൻ വിലയ്ക്ക് വിൽക്കുകയാണ് ഇന്ത്യൻ വംശജനായ ആശിഷ് അഹൂജ എന്ന യുവാവ്. . 85 ഗ്രാം മാത്രം തൂക്കമുള്ള വെണ്ടയ്ക്കാ സ്നാക്ക് പാക്കറ്റിന് 6.50 യുഎസ് ഡോളറാണ് വില. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 600 രൂപയോളം വരുമെന്നതാണ് അതിശയം. ഒരു കിലോഗ്രാം വെണ്ടയ്ക്കാ സ്നാക്ക് വാങ്ങണമെങ്കിൽ ഏകദേശം 7,250 രൂപ നൽകേണ്ടി വരുമെന്ന് സാരം.
അമേരിക്കയിൽ വെണ്ടയ്ക്ക അധികം വിളയാത്തത് കൊണ്ടാകാം ഈ അമിത വിലയെന്ന് ആശിഷ് പറയുന്നു. “സത്യം പറയൂ, 7,200 രൂപയ്ക്ക് വെണ്ടയ്ക്ക വാങ്ങുമോ അതോ അത്രയും പൈസയ്ക്ക് ഫ്രിഡ്ജ് നിറയെ സാധനങ്ങൾ വാങ്ങുമോ? ഇന്ത്യയിൽ ഇത് വെറുമൊരു സാധാരണ സബ്ജിയാണ്. എന്നാൽ, അമേരിക്കയിൽ ഇതിനെ വറുത്ത് പാക്കറ്റിലാക്കിയപ്പോൾ ഇതൊരു ആഡംബര സ്നാക്ക്സായി മാറി,” എന്ന കുറിപ്പോടെ ആശിഷ് ഇതിന്റെ വീഡിയോ പങ്കുവച്ചു.
