തളിപ്പറമ്പ്: ചൊറുക്കള-ബാവുപ്പറമ്പ്-മയ്യിൽ-കൊളോളം-ചാലോട് വിമാനത്താവള ലിങ്ക് റോഡ് നിർമാണം മനഃപൂർവം വൈകിപ്പിക്കുന്ന യുഡിഎഫ് സർക്കാർ നിലപാടിനെതിരെ പ്രതിഷേധം കനക്കുന്നു. യുഡിഎഫ് സർക്കാർ അധികാരമേറ്റ് ഒരു മാസമാകാറായിട്ടും റോഡ് പണി പുനരാരംഭിക്കാൻ ഒരു നടപടിയും കൈക്കൊണ്ടില്ല. റോഡ് പണി വൈകിപ്പിച്ച് പദ്ധതിക്ക് തുരങ്കം വയ്ക്കാനുള്ള യുഡിഎഫ് ശ്രമം വിലപ്പോകില്ലെന്ന് എൽഡിഎഫ് തളിപ്പറന്പ് മണ്ഡലം സെക്രട്ടറി കെ. സന്തോഷ് പറഞ്ഞു.
നേരത്തെ എം.വി. ഗോവിന്ദൻ എംഎൽഎയായിരിക്കുന്പോഴാണ് നിരവധി സാങ്കേതിക തടസങ്ങളും കോടതി നടപടികളും മറികടന്ന് റോഡ് നിർമാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. ഇതോടൊപ്പം എൻ. അനിൽകുമാർ കൺവീനറായും പി.കെ. കുഞ്ഞിരാമൻ ചെയർമാനായും റോഡ് സംരക്ഷണ സമിതിയും രൂപീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിർമാണപ്രവർത്തനം നിലച്ചു. യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ടും റോഡ് പണി പുനരാരംഭിച്ചില്ലെന്നു മാത്രമല്ല, അതിന്റെ സാങ്കേതിക നടപടിയും വൈകിപ്പിക്കുകയാണ്.
മുസ്ലിംലീഗ് ഭരിക്കുന്ന പ്രദേശത്ത് ദേശീയപാതാ നിർമാണത്തിൽവരെ ഇടപെടുന്ന യുഡിഎഫ് എംഎൽഎയാണ് എൽഡിഎഫ് ഭരിക്കുന്ന മയ്യിൽ, ആന്തൂർ കുറുമാത്തൂർ, കുറ്റ്യാട്ടൂർ, കൂടാളി, കീഴല്ലൂർ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലൂടെ കടന്നുപോകുന്ന റോഡിനോട് രാഷ്ട്രീയ വിരോധംവച്ച് മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത്.
തളിപ്പറന്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ചൊറുക്കളയിൽനിന്ന് ആരംഭിച്ച് രണ്ട് സ്ട്രെച്ചുകളിലായി 25.25 കിലോമീറ്ററിൽ റോഡ് നവീകരിക്കാൻ 306.49 കോടി രൂപയ്ക്കാണ് ടെൻഡറായത്. ഏറ്റെടുക്കുന്ന 7.154 ഹെക്ടർ ഭൂമിയ്ക്ക് നഷ്ടപരിഹാരം നൽകാൻ 73.9 കോടി രൂപയും അനുവദിച്ചിരുന്നു. കിഫ്ബി ഉന്നത ഉദ്യോഗസ്ഥരുമായി എം.വി. ഗോവിന്ദൻ നടത്തിയ ചർച്ചയിലാണ് തുക അനുവദിപ്പിച്ചത്. ഇതുപ്രകാരം 1600 ഭൂവുടമകൾക്ക് പണംനൽകാനും ഉത്തരവായിരുന്നു. ഉദ്യോഗസ്ഥർക്കായിരുന്നു ചുമതലയെങ്കിലും എൽഡിഎഫ് അധികാരമൊഴിഞ്ഞതോടെ ഇതും നിലച്ചു.
നേരത്തെ തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ പദ്ധതികൾ മുടക്കാൻ യുഡിഎഫ് അനുകൂല കരാറുകാരൻ കേസ് നൽകിയിരുന്നു. അഡൂർക്കടവ് പാലം, ഇടിസി-പൂമംഗലം മഴൂർ-പന്നിയൂർ റോഡ് തുടങ്ങിയവയെല്ലാം വൈകിയത് കേസുകൾ വന്നതോടെയാണ്. അനിശചിതമായി പദ്ധതികൾ വൈകുന്നതിന്റെ ബുദ്ധിമുട്ട് മനസിലാക്കിയ അന്നത്തെ എംഎൽഎ നേരിട്ടിടപ്പെട്ടാണ് ഇവയെല്ലാം യാഥാർഥ്യമാക്കിയത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലത്തിലുടനീളം നടന്ന വികസന സംവാദ സദസിൽ ഇക്കാര്യങ്ങളിൽ എം.വി. ഗോവിന്ദൻ നടത്തിയ ഇടപെടലുകളെ കുറിച്ച് വിശദമായി ജനങ്ങളോട് സംസാരിച്ചയാളാണ് നിലവിലെ യുഡിഎഫ് എംഎൽഎ. എന്നാൽ, നിലവിൽ റോഡ് പണി മുടങ്ങിയതിന്റെ ജനരോഷം മറികടക്കാൻ മുൻഎംഎൽയുടെ പേരിൽ പഴിചാരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് യുഡിഎഫ് കേന്ദ്രങ്ങൾ ചെയ്യുന്നത്. നാട്ടുകാരിൽ അങ്കലാപ്പുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പദ്ധതിക്ക് തുരങ്കം വയ്ക്കാനുള്ള യുഡിഎഫ് ശ്രമം നാട്ടുകാർ തിരിച്ചറിയണമെന്ന് കെ. സന്തോഷ് പ്രസ്താവനയിൽ പറഞ്ഞു.
