ജപ്പാനിലെ തന്റെ ആദ്യ ദിവസത്തെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു ഇന്ത്യൻ ഇൻഫ്ലുവൻസർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സോഫ്റ്റ്വെയർ ഡെവലപ്പറും കൺഡന്റ് ക്രിയേറ്ററുമായ ദേവ് വിജയ് വർഗിയ ആണ് ജപ്പാനിലെ ദൈനംദിന ജീവിത കാഴ്ചകളെ “ഭൂമിയുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ” എന്ന് വിശേഷിപ്പിച്ചത്. ജപ്പാനിൽ എത്തിയ ശേഷം തന്റെ പുതിയ വീടിന് ചുറ്റുമുള്ള പരിസരങ്ങളിലൂടെ നടത്തിയ നടത്തത്തിനിടയിലാണ് അദ്ദേഹം ഈ വീഡിയോ പകർത്തിയത്.
ഭക്ഷണത്തിലോ ഭാഷയിലോ ആയിരിക്കും തനിക്ക് ആദ്യമായി സാംസ്കാരികമായ വ്യത്യാസം അനുഭവപ്പെടുക എന്നാണ് കരുതിയതെന്നും എന്നാൽ അവിടുത്തെ ചെറിയ കാര്യങ്ങൾ പോലും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. “ഇതൊരു വേറെ തന്നെ ലോകം പോലെ തോന്നുന്നു, ദേവ് വീഡിയോയിൽ വ്യക്തമാക്കുന്നു.
രാവിലെ പ്രഭാതഭക്ഷണത്തിനായി അദ്ദേഹം പോയത് അടുത്തുള്ള ഒരു ‘7-ഇലവൻ’ കൺവീനിയൻസ് സ്റ്റോറിലേക്കാണ്. ജപ്പാനിൽ ഇത്തരം സ്റ്റോറുകൾ ഫ്രഷ് ഭക്ഷണങ്ങൾക്കും മികച്ച സേവനങ്ങൾക്കും പേരുകേട്ടതാണ്. ജപ്പാനിൽ വിശക്കുമ്പോൾ അടുത്ത് ഒരു 7-ഇലവൻ സ്റ്റോറുണ്ടെങ്കിൽ പിന്നെ ഒന്നിനെയും കുറിച്ച് ആകുലപ്പെടേണ്ടതില്ല എന്ന പൊതുസംസാരം ശരിയാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
എന്നിരുന്നാലും, തന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ച കാഴ്ച തന്റെ വീടിന് തൊട്ടുപിന്നിലായിരുന്നു എന്ന് ദേവ് പറയുന്നു. അവിടുത്തെ ഓടയിലൂടെ ഒഴുകുന്ന വെള്ളം അത്രയധികം തെളിഞ്ഞതായിരുന്നു. ആ കാഴ്ചയാണ് ജപ്പാൻ എത്രത്തോളം വൃത്തിയുള്ള രാജ്യമാണെന്ന് അദ്ദേഹത്തിന് മനസ്സിലാക്കിക്കൊടുത്തത്.
സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പകരം, ഒരു രാജ്യത്തെ ജനങ്ങളുടെ പൊതുവായ അച്ചടക്കത്തെയും വൃത്തിയെയും കുറിച്ച് സംസാരിച്ചതുകൊണ്ട് തന്നെ വീഡിയോ ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇതിനോടകം 3.9 കോടിയിലധികം ആളുകൾ ഈ വീഡിയോ കാണുകയും 30 ലക്ഷത്തിലധികം ലൈക്കുകൾ ലഭിക്കുകയും ചെയ്തു. വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്.
