ചാത്തന്നൂർ: അമ്മക്കിളിക്കൂട് ഒരുങ്ങി വാസ്തു കർമം ശനിയാഴ്ച. മഴയും വെയിലുമേൽക്കാതെ, കാലാവസ്ഥയുടെ കഠിനതകളെ ആശങ്കയോടെ നോക്കിയിരിക്കാതെ പൊന്നമ്മ അമ്മ എന്ന വയോധികയ്ക്ക് ഇനി സ്വസ്ഥമായി ജീവിക്കാം. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. പൊന്നമ്മ അമ്മയുടെ സ്വപ്നങ്ങൾക്കും അപ്പുറത്തുള്ള ഒരു വീട് – അമ്മക്കിളിക്കൂട്. വാസ്തു കർമത്തിന് മുമ്പ് ഒരു ചടങ്ങ്. കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ദേശവാസികളും ഒരു ചേരുന്ന അസുലഭ നിമിഷങ്ങൾ…
ചിറക്കര ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡായ ഇടവട്ടം സ്വദേശിനിയാണ് വായാധികയായ പൊന്നമ്മ അമ്മ. മരം കയറ്റ തൊഴിലാളിയായ ഭർത്താവ് ശ്രീകണ്ഠന് പ്രായാധിക്യവും രോഗങ്ങളും നിമിത്തം ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഒരു മകനും ഭാര്യയും അവരുടെ രണ്ട് കുഞ്ഞു മക്കളും പൊന്നമ്മ അമ്മയ്ക്ക് ഒപ്പമാണ്താമസം. കൂലിപ്പണിക്കാരനായ മകന് സ്ഥിരമായി ജോലി കിട്ടാറുമില്ല. ദാരിദ്ര്യവും പരിവട്ടവുമായി കഴിയുന്ന കുടുംബം.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഭുരഹിത – ഭവന രഹിതർക്ക് വീടുവയ്ക്കാനായി വർഷങ്ങൾക്ക് മുമ്പ് അനുവദിച്ചുനല്കിയ ഒരു തുണ്ട് ഭൂമിയാണ് സ്വന്തമായിട്ടുള്ളത്. അതിൽ കട്ട കെട്ടിയ ഒരു അടുക്കളയും ടിൻ ഷീറ്റുകൾകൊണ്ടും ടാർ പാളിൻ കൊണ്ടും മറച്ച ഓല മേഞ്ഞ കൊച്ചു കൂടിലുമായിരുന്നു. വെയിലും മഴയുമേറ്റ്, കാറ്റടിച്ചാൽ നിലം പതിക്കാവുന്ന യാതൊരു സുരക്ഷിതത്വവുമില്ലാത്ത ജീവിതമായിരുന്നു. ഇപ്പോൾ ആ കുടിലിന് പകരം അടച്ചുറപ്പുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട് ഉയർന്നിരിക്കുന്നു.
വയോധികയുടെ മോഹങ്ങൾക്ക് നിറച്ചാർത്തായി – അമ്മക്കിളിക്കൂട്.ഹൈന്ദവ വിശ്വാസത്തിൽ സൃഷ്ടി , സ്ഥിതി, സംഹാരമൂർത്തികളായ മൂന്ന് ദേവന്മാർക്കാണ് പ്രാമുഖ്യം. ബ്രഹ്മാവ് സൃഷ്ടിയുടെയും വിഷ്ണു സ്ഥിതിയുടെയും മഹേശ്വരൻ സംഹാരത്തിന്റെയും മൂർത്തികളാന്നെന്നാണ് സങ്കല്പം. ഇതിൽ സ്ഥിതിയുടെ ദേവനായ വിഷ്ണുവിന്റെ അവതാരമായാണ് യുവാവായ വിഷ്ണു പൊന്നമ്മ അമ്മയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പൊന്നമ്മ അമ്മയുടെ ദുരിത കഥ നേരിട്ട് കണ്ടറിഞ്ഞ വിഷ്ണു എന്ന പൊതുപ്രവർത്തകൻ അവരുടെ ദുരിതങ്ങൾക്ക് തന്നാൽ കഴിയുന്ന തരത്തിൽ അറുതി വരുത്താൻ തീരുമാനിച്ചു. സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി ഈ വയോധികയേയും അവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. അതിന്റെ സാക്ഷാത്ക്കാരമാണ് ഈ പുതിയ വീട് – അമ്മക്കിളിക്കൂട്.
അഭിഭാഷകനെന്നാൽ അർഹതപ്പെട്ടവർക്ക് നീതിയും ന്യായവും നേടി കൊടുക്കുക മാത്രമല്ല എന്ന് വിശ്വസിക്കുന്നയാളാണ് വിഷ്ണു എന്ന നിയമ ബിരുദധാരി. അവശതയും കഷ്ടതയും അനുഭവിക്കുന്നവരുടെകണ്ണീരൊപ്പുക കൂടിയാണ് ജീവിത ധർമമെന്ന് യുത്ത് കോൺഗ്രസിന്റെ ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രടറിയായ ഈ യുവാവ് വിശ്വസിക്കുന്നു. സാമൂഹ്യ സേവന പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് അദ്ദേഹം ചെയർമാനായി ഒരു സംഘടന രൂപീകരിച്ചു. മദർ ലൗ ഫൗണ്ടേഷൻ. സേവന താല്പര്യമുള്ള പൊതുമനസ്കരെ ചേർത്തു കൊണ്ടുള്ളതാണ് മദർ ലൗ ഫൗണ്ടേഷൻ.(അമ്മമാരെ സ്നേഹിക്കുന്നവരുടെ സംഘടന).
കുട്ടിക്കാലത്തെ സാമൂഹികസേവന പ്രവർത്തനങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്നു. ചാത്തന്നൂർ മാമ്പള്ളികുന്നം ശ്യാം ഭവനിൽ ശ്യാംകുമാറിന്റെയും ജയകുമാരിയുടെയും മകനായ വിഷ്ണു ശ്യാം വളർന്നു വരുന്തോറും സാമൂഹിക-സേവന പ്രവർത്തനങ്ങളോടുള്ള താല്പര്യം വർധിച്ചു വന്നതേയുള്ളൂ. ഇതിന് ശക്തിയും ഊർജവും പകരാനാണ് മദർ ലൗ ഫൗണ്ടേഷൻ രൂപീകരിച്ചത്. ഭാര്യ ഗോപികയും ഭർത്താവിന്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കുന്നുണ്ട്.
കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുക, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക, സൗജന്യമായി തിമിര ശസ്ത്രക്രിയകൾ നടത്തി കൊടുക്കുക തുടങ്ങിയ സേവന പ്രവർത്തനങ്ങൾ മദർ ലൗ ഫൗണ്ടേഷൻ നടത്തുന്നുണ്ട്. സാമൂഹിക സേവന പ്രവർത്തനത്തിനിടയിലാണ് പൊന്നമ്മ അമ്മ എന്ന വയോധികയെ പരിചയപ്പെടുന്നതും അവരുടെ ദുരിത പൂർണമായ സാഹചര്യങ്ങൾ അറിയുന്നതും. അവർക്ക് ഒരു വീട് നിർമാച്ചു നല്കണമെന്ന വിഷ്ണു ശ്യാമിന്റെ അഭിപ്രായത്തോട് ഫൗണ്ടേഷൻ അംഗങ്ങൾ യോജിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
പ്രവാസി വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റിയും മദർ ലവ് ഫൗണ്ടേഷനോട് കൈകോർത്തു. ഇതോടെ പൊന്നമ്മ അമ്മയുടെ തുണ്ട് ഭൂമിയിൽ വീട് നിർമ്മാണം സജീവമായി. രണ്ട് അറ്റാച്ച്ഡ് കിടക്ക മുറികൾ, അടുക്കള, ഹാൾ, സിറ്റൗട്ട് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളുമുള്ള വീട് ഒരുങ്ങി. ഏഴ് ലക്ഷത്തോളം രൂപ ചിലവാക്കിയാണ് ഈ വീട് നിർമ്മിച്ചത്.
ചിറക്കര പഞ്ചായത്തിലെ ഇടവട്ടം വാർഡിലെ അമ്മക്കിളികൂട്ടിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ജനപ്രതിനിധികളുടെയും ദേശവാസികളുടെയും സംഗമത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി അമ്മക്കിളിക്കൂടിന്റെ താക്കോൽ ദാന കർമ്മം നിർവഹിക്കും. പൊന്നമ്മ അമ്മ വീടിന്റെ താക്കോൽ ഏറ്റുവാങ്ങും. എല്ലാ വർഷവും ദുരിതമനുഭവിക്കുന്ന അമ്മമാർക്കായി ഓരോ അമ്മക്കിളിക്കൂടുകൾ പ്രവാസി വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റിയുടെയും മദർ ലൗ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നിർമിച്ചു നല്കാനാണ് പദ്ധതിയെന്ന് വിഷ്ണു ശ്യാം പറഞ്ഞു.
