പറത്താനം: ജനവാസ മേഖലയിൽ കൂട്ടമായെത്തിയ കാട്ടുപന്നികൾ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. പാറത്തോട് പഞ്ചായത്തിലെ ആറാം വാർഡ് പറത്താനം പുറംമുട്ടി മേഖലയിലാണ് കഴിഞ്ഞദിവസം രാത്രിയിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചത്.
വടക്കേതകിടിയേൽ പി.സി. ആന്റണി, മുതുപ്ലാക്കൽ അനിൽ കുര്യൻ, ആന്റോ പറത്താനം, ബിജു കരിമ്പനയ്ക്കൽ, വി.സി. ദേവസ്യ വടക്കേതകിടിയേൽ, സാബു അടമ്പകല്ലേൽ എന്നിവരുടെ കൃഷികളാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. അനിൽ കുര്യൻ, ആന്റോ എന്നിവർ പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്തെ 1200 ൽപരം മൂട് കപ്പ കുത്തി നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഇവർക്കുണ്ടായിരിക്കുന്നത്.
ഭൂമി പാട്ടത്തിനെടുത്തും ലോണെടുത്തും നടത്തിയ കപ്പകൃഷി പൂർണമായും കാട്ടുപന്നികൾ തകർത്തതോടെ കർഷകർ വലിയ കടക്കെണിയിലേക്കാണ് നീങ്ങുന്നത്. ഭൂമിയുടെ പാട്ടത്തുക കൊടുക്കാൻ പോലും മറ്റു മാർഗങ്ങൾ കണ്ടത്തേണ്ട ഗതികേടിലാണ് കർഷകർ. സമീപ മേഖലയിലെ കർഷകരുടെ കൃഷികളും വ്യാപകമായി കാട്ടുപന്നിക്കൂട്ടം തകർത്തിട്ടുണ്ട്. എക്കറുകണക്കിന് സ്ഥലത്തെ കപ്പ, വാഴ, തെങ്ങ്, റബർ അടക്കമുള്ള കൃഷികൾ കുത്തിമറിച്ച് നശിപ്പിച്ചു.
കൃഷി ഉപജീവനമാക്കിയവരാണ് പ്രദേശത്തെ കൂടുതൽ ആളുകളും. കാട്ടുപന്നിശല്യം രൂക്ഷമായതോടെ കാർഷികവൃത്തിയിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലയിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ മനുഷ്യജീവനു തന്നെ ഭീഷണിയാകുകയാണ്. പലരുടെയും വീട്ടുമുറ്റത്തെ കൃഷികൾ വരെ കാട്ടുപന്നികൾ നശിപ്പിച്ചു. ഇതോടെ വീടിനു പുറത്തിറങ്ങാൻ പോലും പലരും ഭയപ്പെടുകയാണ്.
കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ സർക്കാർ പ്രത്യേക അനുമതി നൽകിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികൾ ഇത് നടപ്പിലാക്കുന്നില്ലെന്ന് പ്രദേശത്തെ കർഷകർ കുറ്റപ്പെടുത്തുന്നു. ജനവാസ മേഖലയിലിറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യജീവന് ഭീഷണിയായി മാറുകയും ചെയ്യുന്ന കാട്ടുപന്നികളെ തുരത്താൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
