കായലിന്റെ സംഭരണശേഷി വര്‍ധിപ്പിക്കണം
വേമ്പനാട്ടു കായലിനെ സംബന്ധിച്ച് ശരിയായ പഠനം നടത്തിയ ദീപികയെയും തയാറാക്കിയ ലേഖകനെയും അഭിനന്ദിക്കുന്നു. വേമ്പനാട്ടു കായലിന്റെ പരിസ്ഥിതി പ്രശ്നങ്ങള്‍ ശരിക്കും മനസിലാക്കി വേണം കായലിനെ സംരക്ഷിക്കാന്‍.
വേലിയേറ്റസമയത്ത് വെള്ളം കയറാനും വേലിയിറക്കത്തില് ഇറങ്ങാനുമുള്ള ബാലന്‍സിംഗ് കായലിനു നഷ്ടപ്പെട്ടു. കായലിന്റെ അടിത്തട്ട് പൊങ്ങിയതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. കായല്‍ വെള്ളം എടുക്കുന്നില്ല. മീനച്ചിലാര്‍, പമ്പയാര്‍, മണിമലയാര്‍, അച്ചന്‍കോവിലാര്‍, മൂവാറ്റുപുഴയാര്‍ തുടങ്ങി അഞ്ചു നദികളിലെ വെള്ളമാണ് കായലിലെത്തുന്നത്. അടിത്തട്ട് പൊങ്ങിയതിനാല്‍ കായല്‍ വെള്ളം എടുക്കുന്നില്ല. ശരിക്കും വേമ്പനാട്ടു കായല്‍ ശ്വാസം മുട്ടുകയാണ്.
അടിത്തട്ട് ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഓക്സിജന്‍ ലെവലും കുറഞ്ഞു. കായലിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനായി അടിയന്തരമായ നടപടികള്‍ ഉണ്ടാകണം. നിയമസഭയില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ സ്പീക്കര്‍ എന്ന നിലയില്‍ ഞാന്‍ വിഷയത്തില്‍ ശക്തമായി ഇടപെട്ടു. ഉടന്‍തന്നെ നടപടി കൈകൊള്ളുമെന്ന് മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തു.
-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, നിയമസഭാ സ്പീക്കര്‍
ജലവിഭവ വകുപ്പിന്റെ വാട്ടർ കോണ്‍ക്ലേവിൽ ചർച്ച ചെയ്യും
വേന്പനാട്ടു കായൽ നേരിടുന്ന പ്രതിസന്ധി വിശദീകരിച്ച് സെബിൻ ജോസഫ് ദീപികയിലെഴുതിയ ‘കൈകോർക്കാം കായലിനായി’ എന്ന പരന്പര ശ്രദ്ധയിൽപെട്ടു. പരന്പരയിൽ ഉന്നയിച്ചിട്ടുള്ള വിഷയങ്ങൾ ജലസേചന വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രിയെന്ന നിലയിൽ വളരെ ശ്രദ്ധാപൂർവമാണ് വീക്ഷിച്ചത്.
പരന്പരയിൽ ഉന്നയിക്കപ്പെട്ടതും നിർദേശിക്കപ്പെട്ടതുമായ കാര്യങ്ങൾ ജലവിഭവ വകുപ്പിന്റെ വാട്ടർ കോണ്‍ക്ലേവിൽ മുഖ്യ ചർച്ചാവിഷയമാക്കും. വേന്പനാട്ടു കായലിലേക്കുള്ള തോടുകളും ആറുകളും ചെളിയും മണ്ണും നിറഞ്ഞ് അടഞ്ഞിരിക്കുകയാണ്. കായലിന്റെ സംഭരണശേഷി കുറഞ്ഞു. ഇതിനു പരിഹാരമായി വേന്പനാട്ടു കായലിനെ സംരക്ഷിക്കാൻ ഒരു പൊതു പ്രോജക്ട് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞുകഴിഞ്ഞു.
കായലുമായി ബന്ധപ്പെട്ട് ഇറിഗേഷൻ വകുപ്പും വിശദമായി പഠനം നടത്തുകയുണ്ടായി. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും വെള്ളപ്പൊക്കം തടയാൻ കഴിയുന്നില്ല. ഒരാഴ്ചവരെ നീണ്ടുനിൽക്കുകയാണ് വെള്ളപ്പൊക്കം. വെള്ളം ഒഴുകിപ്പോകുന്നില്ല. വെള്ളം ഒഴുകിപ്പോകാനും സ്വഭാവിക നീരൊഴുക്കിനും സംവിധാനമുണ്ടാകണം. ഇതിനു പരിഹാരം കണ്ടെത്താൻ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനിയറോട് വിശദമായ പ്രോജക്ട് തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൃഷി, ഫിഷറീസ് ഡിപ്പാർട്ടുമെന്റ്കളെ സംയോജിപ്പിച്ചായിരിക്കും മുഖ്യമന്ത്രി നിർദേശിച്ച കോമണ്‍ പ്രോജക്ട് രൂപപ്പെടുത്തുന്നത്.
വേന്പനാട്ടു കായലിനെ ആശ്രയിക്കുന്ന കാർഷിക മേഖലയിലും മത്സ്യബന്ധന മേഖലയിലും നിരവധി പ്രശ്നങ്ങളുണ്ട്. ഇതിനും പരിഹാരമുണ്ടാകണം. ഇറിഗേഷൻ, കൃഷി, ഫിഷറീസ് വകുപ്പു മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം രണ്ടു തവണ ചേർന്നുകഴിഞ്ഞു. തണ്ണീർമുക്കം ബണ്ടുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾ നിലനിൽക്കുന്നു. തോന്നുന്പോൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന രീതിയാണുള്ളത്. ഇതു കാർഷിക മേഖലയിൽ, പ്രത്യേകിച്ച് നെൽകർഷകർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. ബണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കാർഷിക കലണ്ടർ രൂപീകരിക്കുകയും ഈ കലണ്ടർ അനുസരിച്ച് സമയബന്ധിതമായി ബണ്ട് തുറക്കാനുള്ള ക്രമീകരണം നടത്താനും കോട്ടയം, ആലപ്പുഴ കളക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ട്.
-മോൻസ് ജോസഫ്, സംസ്ഥാന ജലവിഭവ മന്ത്രി
വേമ്പനാട് ലേക്ക് അഥോറിറ്റി രൂപവത്കരിക്കണം
വേന്പനാട്ടു കായലുമായി ബന്ധപ്പെട്ട് ദീപികയിൽ പ്രസിദ്ധീകരിച്ച ലേഖന പരന്പര വളരെ പ്രാധാന്യമേറിയതാണ്. വേന്പനാട്ടു കായൽ ഇന്നു നേരിടുന്ന പ്രതിസന്ധിയും പരിഹാരമാർഗങ്ങളും വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ചിൽക്ക തടാക സംരക്ഷണ നടപടികളെയും ചിൽക്ക അഥോറിട്ടിയെയും പരന്പരയിൽ പരാമർശിക്കുന്നുണ്ട്. ഇതേ രീതിയിൽ വേന്പനാട് ലേക്ക് അഥോറിറ്റി രൂപീകരിക്കണമെന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ നിർദേശിക്കുന്നതാണ്.
എന്നാൽ, കേന്ദ്രസർക്കാർ അനുഭാവപൂർണമായ സമീപനം സ്വീകരിച്ചില്ല. ഇത്തവണ കേന്ദ്രബജറ്റിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.
വേന്പനാട് ലേക്ക് അഥോറിറ്റി രൂപീകരിക്കണമെന്നു വളരെ ശക്തമായി ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരും പ്രോജക്ട് സമർപ്പിച്ചിരുന്നു. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ ശക്തമായ സമ്മർദം ചെലുത്തണം.
-കെ. ഫ്രാൻസിസ് ജോർജ് എംപി, കോട്ടയം
വെള്ളമൊഴുക്ക് സുഗമമാക്കണം
ദീപികയിൽ വന്ന ‘കൈകോർക്കാം കായലിനായി’ എന്ന പരന്പര ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്തനാളിലൊന്നും വേന്പനാട്ടു കായലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇത്രയും സമഗ്രവും ആധികാരികവുമായി അവതരിപ്പിച്ച ഒരു ലേഖനപരന്പര വന്നിട്ടില്ല. പരന്പരയുടെ പേരുപോലെതന്നെ കായലിനായി നാമെല്ലാം കൈകോർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വേന്പനാട്ടു കായൽ നേരിടുന്ന ഒന്നാമത്തെ വെല്ലുവിളി ആഴം കുറഞ്ഞതും മലിനീകരണവുമാണ്. ചെളിയും എക്കലും നീക്കം ചെയ്യാൻ നടപടിയുണ്ടാകണം. തുരുത്തുകൾ നീക്കണം.
കായലിലേക്കുള്ള വെള്ളമൊഴുക്കും കായലിൽനിന്ന് കടലിലേക്കുള്ള വെള്ളമൊഴുക്കും സുഗമമാക്കണം. മലിനീകരണം അതിന്റെ ഏറ്റവും വലിയ തീവ്രതയിലെത്തിയിരിക്കുകയാണ്. ഇതിനു പരിഹാരമുണ്ടാകണം. കട്ട കുത്താൻ യന്ത്രസംവിധാനം ഏർപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങളെ അനുവദിക്കണം. തണ്ണീർമുക്കം ബണ്ട് മൂന്നു വർഷത്തിലൊരിക്കൽ അടയ്ക്കാതെ തുറന്നിടണം. കർഷകർക്ക് ആവശ്യമെങ്കിൽ നഷ്ടപരിഹാരം നൽകണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ പരന്പരയുടെ പശ്ചാത്തലത്തിൽ അടിയന്തരമായി ഇടപെടലുകൾ നടത്തേണ്ടതുണ്ട്.
-അഡ്വ. കെ. അനിൽകുമാർ, മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജന പദ്ധതി കോ-ഓർഡിനേറ്റർ
വേണം, നെതർലൻഡ്സ് മോഡൽ
‘കൈകോർക്കാം കായലിനായി’ എന്ന ലേഖന പരന്പര വേന്പനാട്ടു കായലിന്റെയും കുട്ടനാടിന്റെയും ഇന്നത്തെ ദയനീയാവസ്ഥയുടെ നേർക്കാഴ്ചയാണ്. ‘കുറച്ചു മീനും കുറച്ചു നെല്ലും നടവരന്പുമായി’ നമ്മുടെ പരിമിതികൾക്കുള്ളിൽ ഒതുങ്ങിക്കൂടണം എന്ന പഴഞ്ചൻ ചിന്താഗതി മാറ്റിവയ്ക്കണം. ഇതിന് ശാസ്ത്രീയമായ സാങ്കേതിക പരിഹാരമാണ് വേണ്ടത്. ആലപ്പുഴയെ ‘കിഴക്കിന്റെ വെനീസ്’ എന്ന് വിളിക്കുന്നതിന് പകരം കുട്ടനാടിനെ ‘ഇന്ത്യയുടെ നെതർലൻഡ്സ്’ ആക്കി മാറ്റുകയാണു വേണ്ടത് .
1900ൽ നെതർലൻഡ്സിന്റെ 33% ഭാഗവും സമുദ്രനിരപ്പിനു താഴെയായിരുന്നു. എന്നാൽ 1919ൽ എൻജിനിയർ കൊർണേലിയസ് ലെലിയുടെ നേതൃത്വത്തിൽ അവർ വടക്കൻ കടലിനെതിരേ ശാസ്ത്രീയമായി പോരാടി. 2023ൽ ഞാൻ നേരിട്ടു സന്ദർശിച്ച് പഠിച്ച നെതർലൻഡ്സിലെ ഫ്ലിവോലാൻഡ് കുട്ടനാടിന് ഏറ്റവും മികച്ച മാതൃകയാണ്. സമുദ്രനിരപ്പിൽനിന്ന് ആറു മുതൽ 10 അടി വരെ താഴ്ചയിലുള്ള 2412 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ആ പ്രദേശത്തിനു ചുറ്റും ബലവത്തായ ഒരൊറ്റ ബണ്ടും, ജലനിരപ്പുയരുന്പോൾ ഉദ്യോഗസ്ഥരുടെ കനിവിനു കാത്തുനിൽക്കാതെ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് പന്പിംഗ് സംവിധാനവുമാണുള്ളത്. ഇന്ന് അവിടെ കൃഷിയും വനവും ടൂറിസവും റെയിൽവേയും ഉൾപ്പെടെ ലോകോത്തര സൗകര്യങ്ങളുണ്ട്.
കുട്ടനാടിന്റെ ഉയർത്തെഴുന്നേൽപ്പിനായി ഫിൻലൻഡിന്റെ ‘വാട്ടർമാസ്റ്റർ’ പോലുള്ള ആധുനിക ഡ്രെഡ്ജറുകൾ ഉപയോഗിച്ച് കായലിലെയും നദികളിലെയും ചെളി അടിയന്തരമായി നീക്കം ചെയ്യണം. മണിമല, പന്പ, അച്ചൻകോവിൽ, മീനച്ചിൽ നദികളുടെ ഒഴുക്ക് ക്രമീകരിച്ച് കുട്ടനാടിനെ ഏഴ് ബ്ലോക്കുകളായി തിരിക്കണം.
ഓരോ ബ്ലോക്കിനുംചുറ്റും ഉയരമുള്ള ബണ്ടുകൾ നിർമിച്ച് വെള്ളപ്പൊക്കം നിയന്ത്രിക്കണം. കായലിൽനിന്നു വാരിയെടുക്കുന്ന മണ്ണും ചെളിയും ഉപയോഗിച്ച് കായലിന്റെ ഇരുകരകളിലും ബണ്ടുകൾ ബലപ്പെടുത്തുകയും കണ്ടൽക്കാടുകൾ വച്ചുപിടിപ്പിക്കുകയും വേണം. ഇതിനോടനുബന്ധിച്ച് ടൂറിസ്റ്റുകൾക്കു നടക്കാനും വിശ്രമിക്കാനും കഴിയുന്ന വിധത്തിൽ കടകളും ഹോട്ടലുകളുമുള്ള മനോഹരമായ ‘കായൽ വാക്ക്’ നിർമിക്കാം.
ഉപയോഗശൂന്യമായ കായൽ നിലം നികത്തിയോ, അല്ലെങ്കിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ കായലിൽ പാതിരാമണൽ മാതൃകയിൽ 1500 ഏക്കറോളം വരുന്ന ഒരു കൃത്രിമ ദ്വീപ് നിർമിച്ചോ അവിടെ ഒരു ‘കുട്ടനാട് എക്സ്പീരിയൻസ് ടൗണ്‍’ ഭാവന ചെയ്യാവുന്നതാണ്. സിയാൽ മാതൃകയിൽ, മുഖ്യമന്ത്രി ചെയർമാനായും സത്യസന്ധനും പ്രഗത്ഭനുമായ ഒരു ഉദ്യോഗസ്ഥൻ സിഇഒ ആയും ഒരു പൊതുമേഖലാ കന്പനി രൂപീകരിച്ചാൽ അഞ്ചു വർഷംകൊണ്ട് ഇത് യാഥാർഥ്യമാക്കാം.
-ഫാ. സിറിയക് തുണ്ടിയിൽ സിഎംഐ,ഡയറക്ടർ, സമരിറ്റൻ ഫൗണ്ടേഷൻ
പുനർജലീകരണ പ്രക്രിയ പുനഃസ്ഥാപിക്കണം
ലേഖന പരന്പര വളരെ ആഴത്തിലുള്ളതും കായലിന്റെ ഇന്നത്തെ അവസ്ഥയുടെ യാഥാർഥ്യം ഉൾക്കൊള്ളുന്നതുമായിരുന്നു. വിശദമായ ലേഖന പരന്പര തയാറാക്കിയ ദീപികയുടെ ശ്രമത്തിന് അഭിനന്ദനങ്ങൾ. മീനച്ചിലാർ, മൂവാറ്റുപുഴയാർ അടക്കമുള്ള മധ്യതിരുവതാംകൂറിലെ നദികളിലെ വെള്ളം ചെന്നെത്തുന്ന വേന്പനാട്ടു കായൽ ഇന്ന് ഒഴുക്ക് നിലച്ചു നാശത്തിലാണ്. കായലിന്റെ പുനർജലീകരണ പ്രക്രിയ പുനഃസ്ഥാപിക്കണം.
കായൽ മാലിന്യങ്ങളും എക്കലും അടിഞ്ഞതിനാൽ വേലിയേറ്റ, വേലിയിറക്ക സമയത്ത് കായലിൽ നടന്നിരുന്ന പുനർജലീകരണ പ്രക്രിയ നടക്കുന്നില്ല. ഇതു പരിഹരിക്കണമെങ്കിൽ കായലിന്റെ നീരൊഴുക്ക് വർധിപ്പിച്ച് കായൽ സംരക്ഷണം ഉറപ്പുവരുത്തണം.
-അജി കെ. ജോസ്, പ്രസിഡന്റ്, അപ്പർ കുട്ടനാട് വികസനസമിതി
പൊൻമുട്ട ഇടുന്ന താറാവിനെ കൊല്ലരുതേ!
വേന്പനാട്ടു കായലിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ ഒരു നേർ ചിത്രീകരണമാണ് ലേഖന പരന്പര. ഫലപ്രദമായ പരിഹാര നിർദേശങ്ങളും ഉണ്ടായിരുന്നു. എന്നാൽ, വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഈ കാലത്ത് രാഷ്ട്രീയ നേതൃത്വങ്ങളും മാറിമാറി വരുന്ന സർക്കാരുകളും കുട്ടനാടിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിനു പിന്നിലാണ്. കുട്ടനാടിന്റെ പൊതുവായ പ്രശ്നങ്ങൾ വേന്പനാട്ടു കായലിനെയും ബാധിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പുഴകളുടെയും കായലിന്റെയും തോടുകളുടെയും ആഴവും പരപ്പും കുറഞ്ഞിട്ടുണ്ട്. അരനൂറ്റാണ്ടു മുന്‍പുവരെ ശക്തമായ അടിയൊഴുക്കിൽ എക്കൽ വലിഞ്ഞ് കടലിലേക്ക് ഒഴുകിപോകുമായിരുന്നു.
കുട്ടനാടിന്റെയും വേന്പനാട് കായലിന്റെയും സംരക്ഷണത്തിനായുള്ള നിർദേശങ്ങൾ:
തണ്ണിർമുക്കം ബണ്ട് വർഷം മുഴുവൻ തുറന്നിടണം. ബണ്ട് ഉണ്ടായതിനുശേഷം ബണ്ട് രണ്ടു മാസത്തേക്ക് അടച്ചിടുന്നതുകൊണ്ട് വേലിയേറ്റവും വേലിയിറക്കവും ഏതാണ്ട് നിലച്ചതുപോലെയായി.
രണ്ടാംകൃഷി നിരോധിക്കണം. കുട്ടനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും യോജിച്ചത് ഒരു കൃഷിയാണ്. പിന്നീട് മത്സ്യകൃഷിയും. പുഞ്ചകൃഷിക്ക് ശേഷം പാടശേഖരങ്ങൾ ജലസംഭരണികൾ പോലെയാണ് നിലനിന്നിരുന്നത്. രണ്ടാംകൃഷി ചെയ്യുന്പോൾ കുട്ടനാട്ടിലെ മറ്റ് പ്രദേശങ്ങളിലെ ജലനിരക്ക് അപകടകരമായ രീതിയിൽ ക്രമാതീതമായി വർധിച്ച് വെള്ളപ്പൊക്കം ഉണ്ടാകുന്നു.
എസി കനാൽ തുറക്കണം. എസി കനാൽ ഒന്നാംകര മുതൽ നെടുമുടി വരെയും പിന്നെ നെടുമുടി മുതൽ പള്ളാത്തുരുത്തി വരെയും അടഞ്ഞാണ് കിടക്കുന്നത്. എസി കനാലിന്റെ തടസങ്ങൾ നീക്കണം. വെള്ളപ്പൊക്കം തടയുന്നതിന് ഇതു വളരെ സഹായകരമായിരിക്കും. എസി കനാൽ തുറക്കുന്നതുവഴി അവിടെയുള്ള പ്രദേശങ്ങളിൽ വിനോദസഞ്ചാരത്തിനുള്ള സാധ്യതകൾ തുറന്നുകിട്ടും. ഉപ്പുവെള്ളം കയറുന്നത് തെങ്ങുകൃഷിക്കു നല്ലതാണ്. കായ്ഫലം കൂടും. ചെമ്മീൻ, കരിമീൻ, കൊഞ്ച്, കക്കായിറച്ചി ഒക്കെ സുലഭമായി ഉണ്ടാകും.
-തോമസ് ജയിംസ് (പ്രസിഡന്റ്, ഫ്രണ്ട്സ് ഓഫ് കുട്ടനാട്), ടോം മാത്യു കായിത്തറ (ജനറൽ സെക്രട്ടറി, ഫ്രണ്ട്സ് ഓഫ് കുട്ടനാട്)
‘കൈകോർക്കാം കായലിനായി’ പരന്പര ആദ്യ ഭാഗം…
https://www.rashtradeepika.com/lets-join-hands-for-the-backwaters/
ഭാഗം 2
ആഴവും പരപ്പും നഷ്ടപ്പെടുന്ന വേമ്പനാട്
https://www.rashtradeepika.com/vembanad-losing-depth-and-expanse/
ഭാഗം 3
കായൽ മലിനീകരണത്തിന്റെ വ്യാപ്തി
https://www.rashtradeepika.com/the-extent-of-backwater-pollution/
ഭാഗം 4
കുട്ടനാട്ടിലെ നെൽകൃഷി: വിളവും വെള്ളപ്പൊക്കവും
https://www.rashtradeepika.com/paddy-cultivation-in-kuttanad-harvest-and-floods/
ഭാഗം 5
ഒന്നിക്കാം, വീണ്ടെടുക്കാം; ഈ ജൈവമണ്ഡലത്തെ
https://www.rashtradeepika.com/let-us-come-together-and-reclaim-this-biosphere/
നിയമസഭയില്‍ നടന്ന ചർച്ചയിൽ സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലും മുഖ്യമന്ത്രിയുടെ മറുപടിയും അനുബന്ധ കുട്ടനാടൻ വിഷയങ്ങളും പരാമർശിക്കുന്ന വിശദമായ റിപ്പോർട്ട്….
https://www.rashtradeepika.com/chief-minister-gives-a-positive-response-to-the-speakers-query-regarding-water-flow/
