പരവൂർ: രാജ്യത്തെ അതിവേഗ റെയിൽവേ ശൃംഖലകൾക്ക് കൂടുതൽ കരുത്തേകാൻ പൂർണമായും ആഭ്യന്തരമായി നിർമിച്ച അലുമിനിയം റെയിൽവേ കോച്ചുകൾ വരുന്നു.പ്രമുഖ റെയിൽവേ കോച്ച് നിർമാതാക്കളായ ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡാണ് 2027 സാമ്പത്തിക വർഷത്തോടെ അലുമിനിയം കോച്ച് നിർമാണത്തിൽ പൂർണ സ്വയംപര്യാപ്തത (ആത്മനിർഭർ) കൈവരിക്കാൻ ഒരുങ്ങുന്നത്.
കൊൽക്കത്തയിലെ ഉത്തർപാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇതിനകം തന്നെ പൂനെ മെട്രോ പദ്ധതിക്കായി അലുമിനിയം കോച്ചുകൾ വിജയകരമായി വിതരണം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ 12 അലുമിനിയം ട്രെയിൻസെറ്റുകൾ കൂടി നിർമിക്കുന്നതിനുള്ള അധിക ഓർഡറും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്.
ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫയർമ എന്ന കമ്പനിയിൽ നിന്നുള്ള ഫ്ലാറ്റ് പായ്ക്കുകളുടെയും സബ്-അസംബ്ലികളുടെയും ഇറക്കുമതിയെയാണ് കോച്ച് നിർമാണത്തിനായി കമ്പനി മുൻപ് ആശ്രയിച്ചിരുന്നതെന്ന് ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഉമേഷ് ചൗധരി വ്യക്തമാക്കി.
എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ ഫ്ലാറ്റ് പായ്ക്കുകൾ രാജ്യത്തിനകത്തുതന്നെ നിർമിക്കുന്നതിന് ആവശ്യമായ അത്യാധുനിക യന്ത്രസാമഗ്രികൾ കമ്പനി ഇറക്കുമതി ചെയ്ത് സ്ഥാപിച്ചുകഴിഞ്ഞു. ഇതോടെ വരും വർഷങ്ങളിൽ അസംസ്കൃത വസ്തുക്കൾ മുതൽ എക്സ്ട്രൂഷൻ പ്രക്രിയകൾ ഉൾപ്പെടെയുള്ള എല്ലാ നിർമാണ ഘട്ടങ്ങളും ഇന്ത്യയിൽ തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അലുമിനിയം കോച്ചുകൾ നിർമിക്കുന്നതിലൂടെ കൈവരുന്ന സാങ്കേതിക വൈദഗ്ധ്യം രാജ്യത്തെ അതിവേഗ റെയിൽവേ പദ്ധതികളിൽ വലിയ അവസരങ്ങൾ തുറന്നുനൽകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ലോകമെമ്പാടുമുള്ള അതിവേഗ ട്രെയിനുകൾ ഭാരം കുറഞ്ഞതും സുരക്ഷിതവുമായ അലുമിനിയം ഉപയോഗിച്ചാണ് നിർമിക്കുന്നത്.
ഇതോടെ അലുമിനിയം, സ്റ്റെയിൻലെസ് സ്റ്റീൽ കോച്ചുകളുടെ പൂർണ സംയോജിത ആഭ്യന്തര നിർമാതാക്കളായി ടിറ്റാഗഡ് മാറും. ഇന്ത്യൻ റെയിൽവേയുടെ അടുത്ത വലിയ ചുവടുവയ്പ്പായ അതിവേഗ ട്രെയിനുകളുടെ നിർമാണം ഏറ്റെടുക്കാൻ കമ്പനി സജ്ജമാണെന്നും എം.ഡി വ്യക്തമാക്കി.
മികച്ച ഊർജക്ഷമതയും ആധുനിക യാത്രാ സൗകര്യങ്ങളുമുള്ള 400 പുതുതലമുറ വന്ദേ ഭാരത് ട്രെയിൻസെറ്റുകൾ സ്വന്തമാക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നതായി നേരത്തെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.
ഈ പുതിയ ട്രെയിനുകളിൽ പരമാവധി അലുമിനിയം ബോഡി കോച്ചുകൾ ഉപയോഗിക്കാനാണ് റെയിൽവേ മന്ത്രാലയം പരിഗണിക്കുന്നത്. ഈ സാഹചര്യത്തിൽ ആഭ്യന്തരമായി കോച്ചുകൾ നിർമാക്കാനുള്ള ടിറ്റാഗഡിന്റെ നീക്കം ഇന്ത്യൻ റെയിൽവേയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് വലിയ ഊർജമാകും.
എസ്. ആർ. സുധീർ കുമാർ
