അമ്പലപ്പുഴ: ഏഴ് പളളിപ്പാന നേരിൽക്കണ്ടതിന്റെ നിർവൃതിയിൽ ഒരു ഭക്ത. കരുമാടി പുലിക്കൂട്ടിൽ 93 വയസുകാരി വിജയമ്മയാണ് അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ തിരുനടയിലെ ഏഴ് പള്ളിപ്പാനകൾ നേരിൽക്കണ്ടതിന്റെ ഭക്തി ലഹരിയിൽ കഴിയുന്നത്. 12 വർഷത്തിനിപ്പുറം ഇത്തവണ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ഈ ചടങ്ങുകൾ നേരിൽക്കാണാൻ കഴിയാത്തതിന്റെ സങ്കടവും ഈ മുത്തശിക്കുണ്ട്.
പ്രായാധിക്യത്തെത്തുടർന്ന് ക്ഷേത്രത്തിൽപോകാൻ കഴിയുന്നില്ലെങ്കിലും വീട്ടിലിരുന്ന് രാത്രി വൈകുവോളം ടെലി വിഷനിലൂടെ പള്ളിപ്പാന ചടങ്ങുകൾ മുഴുവൻ കാണുന്നുണ്ട് ഈ കൃഷ്ണ ഭക്ത. അമ്പലപ്പുഴ കണ്ണന്റെ മണ്ണിൽ നടക്കുന്ന ഭക്തി നിർഭരമായ കഴിഞ്ഞ അഞ്ച് പള്ളിപ്പാനയും കാണാൻ കരുമാടിയിൽനിന്ന് കിലോ മീറ്ററുകൾ താണ്ടി നടന്നാണ് ക്ഷേത്രത്തിലെത്തിയിരുന്നത്.
ബന്ധുക്കളും അയൽവാസികൾക്കൊപ്പവുമായിരുന്നു പണ്ടുകാലത്ത് പള്ളിപ്പാന കാണാനെത്തിയിരുന്നത്. പ്രായം കൂടിയതോടെ പിന്നീട് മക്കൾ വാഹനത്തിലാണ് അമ്മയെ പള്ളിപ്പാന കാണാൻ ക്ഷേത്രത്തിൽ കൊണ്ടുവന്നിരുന്നത്. ഉറക്കമിളച്ചിരുന്ന് പള്ളിപ്പാന ചടങ്ങുകളെല്ലാം അടുത്തിരുന്നു നേരിൽക്കണ്ടതിന്റെ ഓർമകൾ ഈ മുത്തശിയുടെ മനസിൽ ഇന്നുമുണ്ട്.
പള്ളിപ്പാനയുടെ ചടങ്ങുകളും കഥകളുമെല്ലാം ഇപ്പോഴും ഈ കൃഷ്ണ ഭക്തയ്ക്ക് കാണാപ്പാഠമാണ്. 12 പള്ളിപ്പാനകൾക്കു ശേഷം 144 വർഷത്തിലൊരിക്കൽ നടക്കുന്ന വിജയ ബലി ദർശിക്കാനുള്ള അത്യപൂർവ ജന്മസുകൃതവും തനിക്കുണ്ടായതിന്റെ സന്തോഷത്തിലാണ് മുത്തശി. ഇത്തവണ കൃഷ്ണ സന്നിധിയിലെത്തി പളളിപ്പാന നേരിൽ ദർശിക്കാൻ കഴിയാത്തതിന്റെ സങ്കടവും മുത്തശിക്കുണ്ട്.
