ഔഡിയുടെ ഉടമ സൈജു ഹോട്ടലുടമയുടെ ഉറ്റ സുഹൃത്ത് ! ഡിജെ പാര്‍ട്ടി നടന്ന ഹാളില്‍ വാക്കുതര്‍ക്കമുണ്ടായി; കൊച്ചി അപകടത്തില്‍ പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…

മുന്‍ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ ‘നമ്പര്‍ 18’ ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെ പോലീസ് ചോദ്യംചെയ്യുകയാണ്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആറുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് റോയിക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് റോയി പോലീസിന് മുന്നില്‍ ഹാജരായത്.

സി.ഐ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റോയിയെ ചോദ്യംചെയ്യുന്നത്. രാവിലെ 10 മണിയോടെയാണ് റോയി എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഹാജരായത്.

കഴിഞ്ഞ ദിവസം മുന്‍ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ ചോദ്യംചെയ്തിരുന്നു.

അപകടത്തിന് ശേഷം സൈജു റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

റോയിയുടെ അടുത്ത സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് കെ എല്‍ 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഔഡികാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്.

അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നല്‍കിയത്.

എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലില്‍ നിന്ന് ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്.

തുടര്‍ന്നാണ് സൈജുവിനെ പോലീസ് വിശദമായി ചോദ്യംചെയ്തത്. അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു.

ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറിനിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയില്‍ എത്തി അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.

എന്നാല്‍ മറ്റൊരു നിര്‍ണായക വിവരമെന്നത് ഡിജെ പാര്‍ട്ടി നടന്ന ഹാളില്‍ വാക്കു തര്‍ക്കമുണ്ടായി എന്നതാണ്. ഡിജെ പാര്‍ട്ടിയുടെ അരമണിക്കൂറോളമുള്ള സിസിടിവി ദൃശ്യങ്ങള്‍ ടെക്‌നീഷ്യന്റെ സഹായത്തോടെ റോയി മാറ്റിയിരുന്നു.

എന്തിനാണ് ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങള്‍ ഒളിപ്പിച്ചത്, എന്തിനാണ് കാറില്‍ അന്‍സി കബീറിനേയും സംഘത്തേയും പിന്തുടര്‍ന്നത് എന്നീ കാര്യങ്ങളാണ് അന്വേഷണത്തില്‍ പ്രധാനമായും കണ്ടെത്തേണ്ടത്.

ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ചക്കരപ്പറമ്പ് വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ മുതല്‍ അപകട സ്ഥലംവരെ ഔഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നതായുള്ള വിവരം ലഭിച്ചത്.

എന്തിനാണ് ഔഡി കാറില്‍ അന്‍സിയെയും സംഘത്തെയും പിന്തുടര്‍ന്നത് എന്നാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. ഹോട്ടലുടമ റോയിയില്‍ നിന്ന് ഇതിനുള്ള ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Related posts

Leave a Comment