വണ്ടിപ്പെരിയാർ: വള്ളക്കടവ് റോഡിൽ ഇഞ്ചിക്കാടിനു സമീപം നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ അടക്കം ഒന്പതു പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു അപകടം.
വള്ളക്കടവ് ഭാഗത്തുനിന്നു ആളുകളെ കയറ്റി വരികയായിരുന്ന ഓട്ടോറിക്ഷ ഇഞ്ചിക്കാടിനു സമീപമെത്തിയപ്പോൾ നിയന്ത്രണംവിട്ട് റോഡരികിലെ കെട്ടിലിടിച്ചശേഷം റോഡിലേക്കു മറിയുകയായിരുന്നു.
കുട്ടികളടക്കം ഒന്പതു പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.ഇഞ്ചിക്കാട് സ്വദേശികളായ അമൃത (40), വിനീഷ് (12), പ്രദീഷ് (16), ഉമാദേവി (23), സിദ്ധാർഥ് (രണ്ട്), മുരുകലക്ഷ്മി (51), തമിഴ് കുമാർ (നാല്), സന്ധ്യ(27) എന്നിവർക്കാണു പരിക്കേറ്റത്. ഇതിൽ അമൃത, വിനീഷ്, പ്രതീഷ്, ഉമാദേവി എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴുത്തിനു പരിക്കേറ്റ ഡ്രൈവർ വണ്ടിപ്പെരിയാർ സ്വദേശി ഷാഹുൽ (43) നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.വണ്ടിപ്പെരിയാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.