പ്രതിച്ഛായയില്ലാത്ത നേതാക്കളെ എടുത്ത് തൃണമൂലിന്റെ ‘ബി’ ടീമാവാനില്ല ! തൃണമൂലില്‍ നിന്ന് വരുന്ന നേതാക്കളെയെല്ലാം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടുമായി ബിജെപി…

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ദിനംപ്രതി നിരവധി നേതാക്കളാണ് ബിജെപിയിലേക്ക് എത്തുന്നത്.

തുടക്കത്തില്‍ തൃണമൂലില്‍ നിന്നെത്തുന്ന നേതാക്കളെയെല്ലാം കണ്ണുമടച്ച് സ്വീകരിച്ചിരുന്ന ബിജെപി ഇപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.

അഴിമതിക്കേസുകളില്‍ ആരോപണ വിധേയരായ പലരും ഇതിനിടയ്ക്ക് തൃണമൂലില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിട്ടുണ്ട്. ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ കടുത്ത അസംതൃപ്തി ഉണ്ടാക്കിയിട്ടുള്ളതായാണ് വിവരം.

ഇതേത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ബിജെപി പുനര്‍ വിചിന്തനം നടത്തുന്നത്. മോശം പ്രതിച്ഛായയുള്ള നേതാക്കളെ ഉള്‍പ്പെടുത്തി ബിജെപി തൃണമൂലിന്റെ ‘ബി’ ടീമായി മാറാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ പറയുന്നത്.

ബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൈലാഷ് വിജയ് വര്‍ഗിയയാണ്. ഇനി മുതല്‍ കൂട്ടത്തോടെ വരുന്നവരെ ഒറ്റയടിക്ക് പാര്‍ട്ടിയിലെടുക്കില്ലെന്നും സൂക്ഷ്മ പരിശോധനകള്‍ നടത്തിയ ശേഷമേ പാര്‍ട്ടിയില്‍ എടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സീറ്റുകള്‍ ലക്ഷ്യമാക്കി തൃണമൂലില്‍ നിന്ന് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നത് പാര്‍ട്ടിയ്ക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

പാര്‍ട്ടി ബംഗാളില്‍ ശക്തമല്ലാതിരുന്ന കാലത്തു പോലും പാര്‍ട്ടിയ്‌ക്കൊപ്പം ഉറച്ചുനിന്നവരെ അവഗണിക്കുന്നുവെന്നാണ് പരാതി. അതിനാല്‍ തന്നെ ഇനി തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറി സ്ഥാനാര്‍ഥിയാകാമെന്ന മോഹവുമായി വരുന്നവര്‍ക്ക് മോഹഭംഗമുണ്ടാക്കുന്നതാണ് സംസ്ഥാന ബിജെപിയുടെ പുതിയ നിലപാട്.

Related posts

Leave a Comment