പരവൂർ: കേന്ദ്ര സർക്കാരിന്റെ പുനരുദ്ധാരണ പാക്കേജുകളുടെ കരുത്തിൽ വൻ സാമ്പത്തിക കുതിച്ചുചാട്ടവുമായി പൊതുമേഖലാ ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ).കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബിഎസ്എൻഎലിന്റെ വരുമാനത്തിൽ 20 മുതൽ 25 ശതമാനം വരെ വർധനയുണ്ടായതായി വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. ബാങ്കിംഗ് മേഖലയിലെയോ കോർപ്പറേറ്റ് മേഖലയിലെയോ മികച്ച പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കമ്പനിയുടെ ഈ പുനരുജ്ജീവനം.
ബിഎസ്എൻഎലിന്റെ വാർഷിക വരുമാനം 21,000 കോടി രൂപയിൽ നിന്ന് 25,000 കോടി രൂപയായി ഉയർന്നു. ഇതിനേക്കാൾ സുപ്രധാനമായി കമ്പനിയുടെ പ്രവർത്തന ലാഭം വെറും 50 കോടി രൂപയിൽ നിന്ന് 7000 കോടി രൂപയായി കുത്തനെ ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനങ്ങളും സ്വകാര്യ കമ്പനികളുടേതിന് സമാനമായ തൊഴിൽ അച്ചടക്കവുമാണ് ബിഎസ്എൻഎലിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്.
ഓരോ സർക്കിൾ തലത്തിലും സംസ്ഥാന തലത്തിലും എന്റർപ്രൈസ് ബിസിനസുകൾക്കും പുതിയ മൊബൈൽ കണക്ഷനുകൾക്കുമായി കൃത്യമായ ലക്ഷ്യങ്ങൾ നിശ്ചയിച്ചിരുന്നു. ഇതിന്റെ പ്രതിവാര അവലോകനവും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തവും ഉറപ്പാക്കിയതാണ് ഈ സാമ്പത്തിക അടിത്തറ ശക്തമാക്കിയത്.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4- ജി സാങ്കേതികവിദ്യ അതിവേഗം രാജ്യത്തുടനീളം വ്യാപിപ്പിക്കാൻ ബിഎസ്എൻഎലിന് സാധിച്ചു. വെറും ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം ടവറുകളിലാണ് തദ്ദേശീയ 4 ജി സാങ്കേതികവിദ്യ ലഭ്യമാക്കിയത്. ആഗോള നിലവാരത്തിലേക്ക് ഈ സാങ്കേതികവിദ്യയെ മാറ്റിയെടുക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ഇതോടെ, ഇത്രയും ആഴത്തിലുള്ള തദ്ദേശീയ 4 ജി സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിച്ചെടുക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറിയതായും മന്ത്രാലയം അധികൃതർ കൂട്ടിച്ചേർത്തു.
സാങ്കേതിക-സാമ്പത്തിക പ്രതിസന്ധികൾ, ദുർഘടമായ ഭൂപ്രകൃതി, മാവോയിസ്റ്റ് ഭീഷണി എന്നിവ കാരണം മുൻപ് മൊബൈൽ കണക്റ്റിവിറ്റി ഇല്ലാതിരുന്ന 35,000 ഗ്രാമങ്ങളിൽ തടസമില്ലാത്ത നെറ്റ്വർക്ക് എത്തിക്കാൻ ബിഎസ്എൻഎലിന് കഴിഞ്ഞു.രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും ഡിജിറ്റലായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇതിനോടകം 25,000 ടവറുകൾ ഇത്തരം മേഖലകളിൽ സ്ഥാപിച്ചുകഴിഞ്ഞു.
അവശേഷിക്കുന്ന 10,000 ടവറുകളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും അതിവേഗ ഫൈബർ ഇന്റർനെറ്റ് എത്തിക്കുന്നതിനായി 1,40,000 കോടി രൂപയാണ് സർക്കാർ നിക്ഷേപിക്കുന്നത്. ഭാരത്നെറ്റ് ഒന്ന്, രണ്ട് ഘട്ടങ്ങളിലെ പോരായ്മകൾ പരിഹരിച്ചാണ് പുതിയ ഘട്ടം നടപ്പിലാക്കുന്നത്. നിലവിൽ 15 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ 1.5 കോടി വീടുകളിലേക്ക് കണക്ഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഗ്രാമീണ മേഖലയിലെ ചെറുകിട സംരംഭകരെയും പങ്കാളികളാക്കിക്കൊണ്ട് അവസാന മൈൽ കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
എസ് .ആർ . സുധീർ കുമാർ
