കടൽ കടന്ന് കശുവണ്ടി..! കാഷ്യു കോർപ്പറേഷന്‍റെ കശുവണ്ടി പരിപ്പ് രാജ്യാന്തര വിപണിയിലേക്ക്; ദുബായിലേക്ക് 30,000 കിലോ പരിപ്പാണ് കയറ്റുമതി ചെയ്തത്

nuts-lകൊല്ലം: കേരള സംസ്‌ഥാന കശുവണ്ടി വികസന കോർപ്പറേഷന്‍റെ കശുവണ്ടി പരിപ്പ് ദുബായിലേക്ക് കയറ്റുമതി ചെയ്തു. രണ്ട് കണ്ടെയ്നറിലായി ഏകദേശം 30,000 കിലോ കശുവണ്ടി പരിപ്പാണ് കയറ്റുമതി ചെയ്തത്. 2013ലാണ് കോർപ്പറേഷൻ അവസാനമായി പരിപ്പ് കയറ്റുമതി ചെയ്തത്.

നാലു വർഷങ്ങൾക്കുശേഷമാണ് ഇത്തരത്തിൽ ഒരു കയറ്റുമതി കോർപ്പറേഷൻ വീണ്ടും നടത്തുന്നത്. കൊച്ചിൻ പോർട്ട് വഴിയാണ് കയറ്റുമതി ചെയ്യുന്നത്. കോർപ്പറേഷന്‍റെ അയത്തിൽ ഫാക്ടറിയിൽ നടന്ന ചടങ്ങ് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഫ്ളാഗ് ഓഫ് ചെയ്തു.

കോർപ്പറേഷൻ എംഡി റ്റി.എഫ്.സേവ്യർ, ഭരണസമിതി അംഗങ്ങളായ പി.ആർ.വസന്തൻ, കാഞ്ഞിരവിള അജയകുമാർ, ജി. ബാബു, സജി ഡി. ആനന്ദ്, കൊമേഴ്സ്യൽ മാനേജർ വി.ഷാജി, പ്രൊഡക്ഷൻ മാനേജർ പ്രസന്നകുമാരി, അസിസ്റ്റന്‍റ് പേഴ്സണൽ മാനേജർ എ. ഗോപകുമാർ, മറ്റ് ഉദ്യോഗസ്‌ഥർ, തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ആഭ്യന്തര വിപണനത്തിന് പുറമെ വിദേശ വിപണിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ചെയർമാൻ എസ്. ജയമോഹൻ അറിയിച്ചു. കശുവണ്ടി പരിപ്പിൽ നിന്നും ചോക്ലേറ്റ് ഉൾപ്പെടെയുള്ള മൂല്യവർധിത ഉല്പന്നങ്ങളും ഉടൻ തന്നെ വിപണിയിൽ ഇറക്കുമെന്നും ചെയർമാൻ പറഞ്ഞു.

Related posts