കുറച്ചു കൂടി സൗകര്യമുള്ള ജയിലിലേക്ക് മാറ്റണമെന്ന് ‘കത്തിക്കുത്ത്’ കലാകാരന്മാര്‍ ! കണ്ടംവഴി ഓടിച്ച് കോടതി;എസ്എഫ്‌ഐ നേതാക്കളുടെ ‘മനുഷ്യാവകാശം’ നിഷേധിക്കാന്‍ കോടതി കണ്ടെത്തിയ കാരണം ഇങ്ങനെ…

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസ് പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ ജയില്‍മാറ്റം വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്‍കി. പ്രതികളെ പാര്‍പ്പിച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലാ ജയിലില്‍ പകര്‍ച്ചാവ്യാധിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. തങ്ങളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ കോടതി ഈ ആവശ്യങ്ങളെല്ലാം തള്ളിക്കളഞ്ഞു.

ജയിലില്‍ അത്തരമൊരു സാഹചര്യം ഉണ്ടെങ്കില്‍ അധികൃതര്‍ അതിനുള്ള പോംവഴി കണ്ടെത്തുമെന്നും കോടതി പറഞ്ഞു. പകര്‍ച്ചവ്യാധി ഉണ്ടെങ്കില്‍ അതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി അധികൃതരോട് നിര്‍ദ്ദേശിച്ചു. ആറു പ്രതികളുടെയും റിമാന്‍ഡ് അടുത്ത മാസം 12 വരെ നീട്ടുകയും ചെയ്തു. ജില്ലാ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലെത്തിയാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്ന വക്കീലിന്റെ ഉപദേശത്തെ തുടര്‍ന്നാണ് പ്രതികള്‍ ഈ നീക്കം നടത്തിയതെന്ന് അറിയുന്നു.

സഹപ്രവര്‍ത്തകനായിരുന്ന അഖിലിനെ കുത്തിയ കേസില്‍ ഒരാളെ കൂടി അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പന്ത്രണ്ടാം പ്രതി പെരിങ്ങമല കല്ലിയൂര്‍ ശാന്തിനി ഭവനില്‍ അക്ഷയിനെയാണ് (19) വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒഴികെയുള്ള ആറ്് പ്രതികളാണ് ജയില്‍ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്.എസ്എഫ്ഐ യൂണിറ്റ് അംഗമായിരുന്നു അക്ഷയ്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഇതോടെ ഏഴായി. നേതാക്കളായ ആര്‍.ശിവരഞ്ജിത്ത്, എന്‍.എ.നസീം, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അദ്വൈത്, ആരോമല്‍ എസ്.നായര്‍, ആദില്‍ മുഹമ്മദ്, ഇജാബ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അഖിലിനോടുള്ള വ്യക്തി വൈരാഗ്യമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് വിവരം.

പിഎസ്സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിലെ രണ്ടാം റാങ്കുകാരനാണ് പ്രണവ്. റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാരനാണ് ഒന്നാം പ്രതി ശിവരഞ്ജിത്ത്. ഇരുപത്തിയെട്ടാം റാങ്കുകാരനാണ് രണ്ടാം പ്രതി നസീം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ തടവുകാര്‍ കൂടുതലുള്ളതിനാല്‍ അവിടെ തങ്ങള്‍ കൂടുതല്‍ സുരക്ഷിതരാകുമെന്ന് കരുതിയാണ് അങ്ങോട്ടേക്ക് മാറാന്‍ പ്രതികള്‍ ശ്രമിച്ചത്. ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിലും അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണിത്. ഉത്തരക്കടലാസ് തിരിമറിയില്‍ പ്രണവിനും പങ്കുള്ളതായി സംശയമുണ്ട്. കാരണം കടലാസില്‍ നിന്ന് ഇയാളുടെ രജിസ്റ്റര്‍ നമ്പര്‍ കണ്ടെത്തിയിരുന്നു.

Related posts