തമിഴ് സിനിമയില്‍ ധനുഷ്-സിമ്പു പോര്, സിമ്പുവിനെ അടിച്ചമര്‍ത്തുന്നത് ധനുഷ്; ഗുരുതര ആരോപണവുമായി സിമ്പുവിന്റെ ഉറ്റ സുഹൃത്ത് ; തമിഴകത്ത് വന്‍ വിവാദം, പക്ഷംപിടിക്കാതെ താരങ്ങള്‍

തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ ധനുഷിനെതിരെ ആരോപണവുമായി നടന്‍ സിമ്പുവിന്റെ സുഹൃത്ത്. സിമ്പുവിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് മഹത് രാഘേവേന്ദ്രയാണ് ധനുഷിനെതിരെ പ്രസ്താവനയുമായി എത്തി പുലിവാല്‍ പിടിച്ചിരിക്കുന്നത്. സിമ്പുവിനെ നായകനാക്കി സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വന്താ രാജാവാ താന്‍ വരുവേന്‍’. ചിത്രത്തിന്റെ പരസ്യ പ്രചരണവുമായി ബന്ധപ്പെട്ട് സിമ്പു പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വിവാദ പരാമര്‍ശം.

തന്നെ ഇല്ലാതാക്കാന്‍ വേണ്ടി തന്റെ പ്രതിയോഗികള്‍ നടത്തുന്ന പ്രചാരണങ്ങളാണ് തനിക്കെതിരെ നടക്കുന്ന വിവാദങ്ങളെന്നായിരുന്നു സിമ്പുവിന്റെ പ്രതികരണം. സിമ്പു പറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കാന്‍ നോക്കി വെട്ടിലാകുകയായിരുന്നു മഹത് രാഘേവേന്ദ്ര. സിമ്പുവിനെ അടിച്ചമര്‍ത്താന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ധനുഷ് എന്നായിരുന്നു മഹത് നല്‍കിയ മറുപടി. എന്നാല്‍ തന്റെ പ്രസ്താവന വിവാദമാകുമെന്ന് തോന്നിയതോടെ മഹത് വാക്കുമാറി. സമൂഹമാധ്യമങ്ങള്‍ ധനുഷിന്റെ പേരില്‍ സിമ്പുവിനെ പരിഹസിക്കുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മഹത് തിരുത്തി.

സിമ്പുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മഹത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വന്താ രാജാവാതാന്‍ വരുവേന്‍ എന്ന സിനിമയില്‍ മഹത് അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മഹതിന്റെ ഈ ആരോപണം. സിമ്പുവിന്റെ വിശ്വസ്തന്‍ മഹതിന്റെ പ്രസ്താവന പുറത്തു വന്നതോടെ സിമ്പു ആരാധകര്‍ അത് ആഘോഷമാക്കുകയും ചെയ്തു. ഒരേ സമയത്ത് സിനിമയില്‍ വന്നെങ്കിലും പ്രശസ്തരും പ്രഗത്ഭരുമായ സംവിധായകരുടെ ചിത്രങ്ങളിലൂടെ ധനുഷ് തമിഴ് സിനിമയില്‍ അഭിവാജ്യമായ ഘടകമായി മാറുകയായിരുന്നു.

Related posts