തുറവൂർ: തീരദേശം വറുതിയുടെ പിടിയിൽ. കഴിഞ്ഞ കുറച്ചു മാസമായി മത്സ്യലഭ്യത ഇല്ലാതായിട്ട്. വള്ളമിറക്കുന്നതിന്റെ ചെലവ് തുക പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടൽ ഇളകാത്തതും അന്തരീക്ഷത്തിലെ ചൂടിൽ കടൽ വെള്ളം ചൂടാകുന്നതും മഴയുടെ ലഭ്യത കുറഞ്ഞതുമാണ് മത്സ്യലഭ്യത കുറയുവാൻ കാരണം.
കൂടാതെ വലിയ ബോട്ടുകൾ പുറം കടലിൽ ചെറിയ കണ്ണിവലകൾ ഉപയോഗിച്ച് മീൻ പിടിക്കുമ്പോൾ കുഞ്ഞു മത്സ്യങ്ങളെ നശിപ്പിക്കുന്നതും കടലിൽ മത്സ്യങ്ങൾ കുറയാൻ കാരണമായി. വൻതോതിൽ ചെമ്മിനും ചാളയും അലയും ലഭിക്കേണ്ട സമയത്താണ് മീന്‍ ലഭിക്കാതെ മത്സ്യത്തൊഴിലാളികൾ വലയുന്നത്.
ചെല്ലാനം ഹാർബർ, പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി, തൈക്കൽ ബിച്ച്, അർത്തുങ്കൽ ഹാർബർ എന്നിവിടങ്ങളിൽനിന്നുമാത്രം ചെറുതും വലുതുമായ അഞ്ഞൂറോളം വള്ളങ്ങളാണ് കടലിൽ പോകുന്നത്. ലൈലാൻഡ് വള്ളങ്ങളും ചെറുവള്ളങ്ങളും മുറിവള്ളങ്ങളുമാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കന്നത്. നിലവിൽ അൻപതിൽ താഴെ വള്ളങ്ങൾ മാത്രമാണ് കടലിൽ പോകുന്നത്.
ഇവർക്കാകട്ടെ ചെറിയ അളവിൽ മത്തിയും പൊടിമീനും മാത്രമെ ലഭിക്കുന്നുള്ളു. മത്സ്യമേഖല പൂർണമായും വറുതിയിലായതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം പൂർണമായും ദുരിതപൂർണമായിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങൾ ഉൾക്കടലിലേക്ക് പോകുന്നതാണ് മത്സ്യലഭ്യത കുറയാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു.
നിലവിൽ പൊന്തുവള്ളത്തിൽ പോയി വല നീട്ടുന്നവർക്കു മാത്രമാണ് ചെറിയ തോതിൽ മത്സ്യം ലഭിക്കുന്നത്. അടിയന്തരമായി സമ്പത്തിക സഹായവും സൗജന്യ റേഷനും തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ലഭ്യമാക്കാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.
