അരുവി മുറിച്ചു കടക്കാന്‍ ഭിന്നശേഷിക്കാരനെ പാലമായി ഉപയോഗിച്ചു ! എതിര്‍പ്പൊന്നും ഇല്ലാതെ നിഷ്‌കളങ്കനായ പതിനാലുകാരന്‍ അവര്‍ പറയുന്നത് അനുസരിച്ചു; ക്രൂരതയുടെ വീഡിയോ കാണാം…

കാനഡ: സെറിബ്രല്‍ പാഴ്‌സി ബാധിച്ച ഭിന്നശേഷിക്കാരനോട് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കാണിച്ച ക്രൂരതയുടെ വീഡിയോ വൈറലാവുന്നു. തോടു മുറിച്ചു കടക്കാനാനുള്ള പാലമായാണ് പതിനാലുകാരനെ ഒരു സംഘം വിദ്യാര്‍ഥികള്‍ ഉപയോഗിച്ചത്. ബ്രെറ്റ് കോര്‍ബറ്റ് എന്ന നിഷ്‌കളങ്കനായ വിദ്യാര്‍ഥിയ്ക്കാണ് ഈ ദുരനുഭവം നേരിട്ടത്. മുതിര്‍ന്നവരുടെ ആവശ്യം കേട്ട്് തോട്ടില്‍ കമഴ്ന്നുകിടന്ന കുട്ടിയുടെ മുതുകില്‍ ചവിട്ടി പെണ്‍കുട്ടികള്‍ അടക്കമുള്ള സംഘം മറുവശത്തെത്തി. ചെളിപുരണ്ട് നനഞ്ഞ് കുതിര്‍ന്ന വസ്ത്രവുമായി സ്‌കൂളില്‍ എത്തിയ ബ്രെറ്റിനെ പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കാനഡയിലെ നോവ സ്‌കോട്ടിയയില്‍ നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. നോവ സ്‌കോട്ടിയയിലെ ഗ്ലേസ്‌ബേയിലുള്ള സ്‌കൂളില്‍ പുതുതായി എത്തിയതായിരുന്നു ബ്രെറ്റ്. സ്‌കൂളിനു പിന്നിലുള്ള തോട്ടില്‍ കളിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ മറ്റുകുട്ടികളാണ് ബ്രെറ്റിനെ പ്രിന്‍സിപ്പലിന്റെ മുന്നിലെത്തിച്ചത്. പ്രദേശത്ത് സ്‌കൂള്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ പരിശോധിച്ചപ്പോഴാണ് ബ്രെറ്റിനോട് കാണിച്ച ക്രൂരത പുറംലോകമറിഞ്ഞത്. മൂന്നു വിദ്യാര്‍ത്ഥികള്‍ ബ്രെറ്റിന്റെ മുതുകത്ത് ചവിട്ടി കടന്നുപോയി എന്ന് അമ്മ ടെറി മക്ഇചേണ്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യം കണ്ടതില്‍ പിന്നെ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ടെറി പറയുന്നത്.

‘സ്റ്റാന്‍ഡ് ഫോര്‍ ബ്രെറ്റ് കോര്‍ബെറ്റ്’ എന്ന മുദ്രാവാക്യവും ഉയര്‍ത്തി ഗ്ലേസ് ബേ ഹൈസ്‌കൂളിനു പുറത്ത് വന്‍ പ്രതിഷേധ പ്രകടനവും നടന്നു. ബ്രെറ്റ് ഏകനല്ലെന്ന് എല്ലാവരേയും അറിയിക്കണം എന്നാണ് നാട്ടുകാരുടെ നിലപാട്. വെള്ളിയാഴ്ച സ്‌കൂളില്‍ നിന്നും ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. അതേസമയം, ബ്രെറ്റ് ഇതൊന്നും കാര്യമാക്കുന്നില്ലെന്നാണ് അമ്മ പറയുന്നത്.

ഇക്കാര്യം മകനോട് ചോദിച്ചപ്പോള്‍, ‘അത് സാരമില്ല, ഞാന്‍ അല്ലെങ്കിലും നനഞ്ഞിരുന്നതാണല്ലോ’ എന്നാണ് ബ്രെറ്റ് മറുപടി നല്‍കിയത്. അതാണ് തന്റെ മനസ്സിനെ വേദനിപ്പിക്കുന്നതെന്ന് അമ്മ പറയുന്നു. ഭിന്നശേഷിയുള്ള കുട്ടികള്‍ ദൈവത്തിന്റെ അമൂല്യ സമ്മാനമാണ്. അവര്‍ ഒന്നിലും തിന്മ കാണുന്നില്ല. എല്ലാവരുടെയും നന്മ മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. വീഡിയോ ചര്‍ച്ചയായതോടെ ബ്രെറ്റിന്റെ പുറത്തു ചവിട്ടിയ വിദ്യാര്‍ഥികള്‍ മാപ്പപേക്ഷയുമായി വന്നു. രണ്ട് പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം ബ്രെറ്റിന്റെ വീട്ടിലെത്തിയാണ് മാപ്പപേക്ഷിച്ചത്. ഒരു വിദ്യാര്‍ത്ഥിയുടെ പിതാവും പരസ്യമായി മാപ്പുപറഞ്ഞു.

Related posts