മുണ്ടക്കയം: മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം അതിശക്തമായ വേനൽച്ചൂടാണ് മലയോരമേഖലയിൽ അനുഭവപ്പെടുന്നത്.ഒക്ടോബർ, നവംബർ മാസങ്ങളിലും ഡിസംബറിന്റെ പകുതിവരെയും ഇടമുറിയാതെ പെയ്യുന്ന മഴ പൊടുന്നനേ നിലച്ചു.
ഡിസംബറിലെ ആദ്യ ആഴ്ചകളിൽ നിറഞ്ഞു കവിഞ്ഞൊഴുകിയ ജലാശയങ്ങളെല്ലാം ജനുവരി ആദ്യ വാരത്തോടെ വറ്റിത്തുടങ്ങി. ഇപ്പോൾ ജലാശയങ്ങളിലെ ജലനിരപ്പ് തീർത്തും താഴ്ന്നു. പല മേഖലയിലും കുടിവെള്ളവും കിട്ടാക്കനിയായിത്തുടങ്ങി.
വളരെ പെട്ടെന്ന് മഴ മാറി ശക്തമായ ചൂട് അനുഭവപ്പെടാൻ തുടങ്ങിയതോടെ മലയോരമേഖല കടുത്ത കാട്ടുതീ ഭീതിയിലാണ്.മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളുടെ ഉൾപ്രദേശങ്ങളിൽ കാട്ടുതീ പടർന്നാൽ തീയണയ്ക്കുക അസാധ്യമായി മാറും. കഴിഞ്ഞ വർഷം പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളുടെ വനാതിർത്തി മേഖലയിൽ കാട്ടുതീ പടർന്നിരുന്നു.
കൂടാതെ ജനവസ മേഖലയിലും തോട്ടങ്ങളിലും നിരവധി ഇടങ്ങളിലാണ് തീപിടിത്തമുണ്ടായത്. കാഞ്ഞിരപ്പള്ളി, പീരുമേട് യൂണിറ്റുകളിൽനിന്ന് അഗ്നിശമനസേന എത്തുമ്പോഴേക്കും പ്രദേശമാകെ അഗ്നിക്കിരയാകും.
മുൻകരുതൽ വേണം
പുരയിടങ്ങളോടും തോട്ടങ്ങളോടും ചേർന്ന് ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതും പുരയിടങ്ങളിലും പാതയോരങ്ങളിലും സിഗരറ്റ് കുറ്റികൾ അടക്കമുള്ളവ അലക്ഷ്യമായി വലിച്ചെറിയുന്നതും തീപിടിത്തത്തിന് കാരണമാകുന്നുണ്ട്.
വൈദ്യുതി പോസ്റ്റിലെ തൂണുകളിൽ പടർന്നുകയറിയിരിക്കുന്ന കാട്ടുവള്ളികളിൽനിന്നു തീ പടരാനുള്ള സാധ്യതയും ഏറെയാണ്. വനാതിർത്തി മേഖലകളിൽ കാട്ടുതീ പടരാതിരിക്കാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
