തുടക്കത്തില്‍ തന്നെ ബൈഡന് ‘കോവിഡ് ടെസ്റ്റ്’ ! പുതിയ വകഭേദം അമേരിക്കയില്‍ പടരുന്നത് അതിവേഗത്തില്‍; ചില കാര്യങ്ങളില്‍ ട്രംപ് ശരിയായിരുന്നുവെന്ന വിലയിരുത്തലുമായി ബൈഡന്‍…

അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലേറിയ ഉടന്‍ തന്നെ കോവിഡ് പരീക്ഷണം നേരിട്ട് ജോ ബൈഡന്‍. കോവിഡിന്റെ അതിവേഗം പടരുന്ന വകഭേദം അമേരിക്കയില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.

ഇതേത്തുടര്‍ന്ന് വീണ്ടും വീണ്ടും യാത്രാവിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്ക. ബ്രിട്ടനും അയര്‍ലന്റും ഉള്‍പ്പെടെയുള്ള യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശത്ത് നിന്നും ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അമേരിക്കക്കാരല്ലാത്തവര്‍ക്ക് വിലക്ക് വന്നേക്കും.

മറ്റ് രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് എത്തുന്നവര്‍ക്ക് കര്‍ശന ക്വാറന്റീനും നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. രോഗം നിയന്ത്രിക്കാന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. ജനുവരി 26 മുതല്‍ വിലക്ക് വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ ആലോചിക്കുന്നത്.

ട്രംപില്‍ നിന്നും വ്യത്യസ്തമായി കോവിഡ് നിയന്ത്രിണത്തിനുള്ള നടപടികള്‍ക്ക് ബൈഡന്‍ ഭരണകൂടം കൂടുതല്‍ പ്രധാന്യം നല്‍കുന്നുണ്ട്. 100 ദിവസത്തിനുള്ള വാക്സിന്‍ 10 കോടിയിലധികം പേരിലേക്ക് എത്തിക്കാനാണ് ആലോചന. 100 ദിവസത്തേക്ക് എല്ലാവരും മാസ്‌ക്ക് ധരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതു കൂടാതെ 1.9 ട്രില്യണ്‍ ഡോളറിന്റെ സമാശ്വാസ പാക്കേജിന് അംഗീകാരം നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിനോട് അമേരിക്കന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 2.5 കോടി പേര്‍ക്ക് രോഗം ബാധിച്ചെന്നും നാലു ലക്ഷം മരണത്തിന് കീഴടങ്ങിയതായിട്ടുമാണ് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക്.

അടുത്തമാസത്തോടെ മരണം അഞ്ചുലക്ഷം കടക്കുമെന്നാണ് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. ഇപ്പോള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. നേരത്തേ യൂറോപ്പില്‍ നിന്നും എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് ട്രംപ് ഭരണത്തിന്റെ അവസാന കാലത്ത് എടുത്തുമാറ്റിയിരുന്നു.

ഇതാണ് ബൈഡന്‍ വീണ്ടും കൊണ്ടുവന്നത്. 2020 ആദ്യം ചൈനയില്‍ നിന്നുള്ള അമേരിക്കക്കാര്‍ അല്ലാത്തവര്‍ക്ക് ട്രംപ് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

മാര്‍ച്ച് 14 ന് അത് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ബാധകമാക്കുകയായിരുന്നു. എന്തായാലും ഇക്കാര്യത്തില്‍ ട്രംപിന്റെ നിലപാട് ശരി വയ്ക്കുന്നതാണ് ബൈഡന്റെ ഇപ്പോഴടത്തെ നടപടികള്‍.

Related posts

Leave a Comment