ചമ്പക്കുളം: കഴിഞ്ഞ പുഞ്ചക്കൊയ്ത്തിന് കൊയ്തെടുത്ത നെല്ലിന് ഒന്പതുമാസം കഴിഞ്ഞും പി ആർ രസീത് കിട്ടാതെ കർഷകനും ഭാര്യയും മങ്കൊമ്പ് പാഡി മാർക്കറ്റിംഗ് ഓഫീസ് പടിക്കൽ ഇരിപ്പു സമരത്തിന്. പുളിങ്കുന്ന് കൃഷിഭവന് കീഴിൽ വരുന്ന വടക്കേ മതികായിൽ പാടശേഖരത്തിലെ കൃഷിക്കാരായ ഉത്തമനും ഭാര്യ സുനിതകുമാരിയുമാണ് ഇന്നലെ ഉച്ചമുതൽ മങ്കൊമ്പ് പാഡി ഓഫീസിൽ ഇരുപ്പ് സമരം നടത്തുന്നത്…
കർഷകൻ പറയുന്നത്.
2024-2025 വർഷത്തെ പുഞ്ചകൃഷിയുടെ വിളവെടുപ്പ് 2025 മാർച്ച് അവസാനത്തോടെയാണ് നടന്നത്. കൃഷി ചെയ്ത നാല് ഏക്കർ നിലത്തിൽ നിന്നും 98.45 ക്വിന്റൽ നെല്ല് ലഭിച്ചു. നെല്ല് സംഭരിക്കാനെത്തിയ മില്ലുകാർ ക്വിന്റലിന് മൂന്നു കിലോ നിരക്കിൽ കിഴിവ് ആവശ്യപ്പെട്ടതോടെ പാടശേഖര സമിതി നെല്ലിന്റെ ഗുണമേന്മ പരിശോധന നടത്താതെ തന്നെ മൂന്ന് കിലോ കിഴിവ് നൽകാൻ തയാറായി. എന്നാൽ തങ്ങളുടെ നെല്ലിന്റെ ഗുണമേന്മ പരിശോധിക്കാൻ ആവശ്യപ്പെട്ടതോ ടെ പാഡി മാർക്കറ്റിംഗ് ഓഫിസർ ഗുണമേന്മ പരിശോധന നടത്തി.
1.5 കിലോഗ്രാം കിഴിവ് മാത്രം നല്കാൻ തക്കതരത്തിൽ ഗുണമേന്മയുള്ളതാണ് നെല്ല് എന്ന് പാഡി ഓഫീസർ സാക്ഷ്യപ്പെടുത്തി. എന്നിട്ടും പാടശേഖരത്തിന് നിശ്ചയിക്കപ്പെട്ട മില്ലുകാർ യഥാസമയം നെല്ല് സംഭരിക്കാൻ തയാറായില്ല. മൂന്നുകിലോ തന്നെ കിഴിവ് വേണമെന്ന് അവർ ആവശ്യട്ടു. അന്ന് ചുമതല വഹിച്ചിരുന്ന പാഡി ഓഫീസർ നെല്ല് സംഭരിക്കാൻ വേണ്ട നിർദേശം നൽകിയില്ലെന്നുമാത്രമല്ല തങ്ങളുടെ നെല്ല് എടുക്കേണ്ടത് അവരുടെ ആവശമല്ല എന്ന് പറഞ്ഞു അവഹേളിക്കുകയും ചെയ്തു.
തുടർന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം നെല്ല് വള്ളത്തിൽ കയറ്റി കുട്ടനാട്ടിൽ തന്നെ പ്രവർത്തിക്കുന്ന റൈസ് മില്ലിൽ എത്തിച്ചു. അവിടെ സംഭരിച്ച നെല്ലിന് നെല്ല് സംഭരണചീട്ട് നൽകുകയും ചെയ്തു. തുടർന്ന് പിആർഎസ് എഴുതുന്നതിന് സമീപിച്ചപ്പോൾ അന്ന് ഉണ്ടായിരുന്ന പാഡി മാർക്കറ്റിഗ് ഓഫീസർ പറഞ്ഞ പ്രകാരം മൂന്നു കിലോ കിഴിവ് ചേർത്ത് മാത്രമേ പിആർഎസ് എഴുതൂ എന്നു പറഞഞ്ഞു.
അന്നു മുതൽ പല ഓഫീസുകൾ കയറി ഇറങ്ങിയിട്ടും സംഭരിച്ച നെല്ലിന്റെ പിആർ രസീത് ഇതുവരെ ലഭിച്ചിട്ടില്ല. മനപൂർവ്വമായി അന്ന് പാഡി ഓഫിസറായിരുന്ന ഉദ്യോഗസ്ഥ പറഞ്ഞത് അനുസരിക്കാതിരുന്നതിന്റെ പേരിൽ മനഃപൂർവം ഉപദ്രവിക്കുകയായിരുന്നു. പിആർഎസ് ലഭിക്കാതെ നെല്ലിന്റെ വില ലഭിക്കില്ല.
അടുത്ത പുഞ്ചകൃഷിയുടെ നെല്ല് സംഭരണം ആരംഭിക്കാറായിട്ടും തങ്ങളുടെ നെല്ലിന് പിആർഎസ് ലഭിക്കാത്തതും നെല്ലുവില ലഭിക്കാത്തതും അന്ന് മങ്കൊമ്പ് പാഡി ഓഫീസറായിരുന്ന ഉദ്യോഗസ്ഥരുടെ പിടിവാശിയും ദ്രോഹവുമായിരുന്നുഎന്നാണ് ഇവർ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്ക് വരെ പരാതി കൊടുത്ത് കാത്തിരിപ്പിലാണ് ഇവർ. രണ്ടാം കൃഷിയുടെ നെല്ല് സംഭരണം പൂർത്തിയായി നെല്ലുവിലയും കൊടുത്തു തുടങ്ങിയെങ്കിലും സംഭരിച്ച് മുക്കാലാണ്ട് കഴിഞ്ഞിട്ടും തങ്ങളുടെ നെല്ല് വില തരാതെ, തങ്ങളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന ആവശ്യവുമായാണ് ഇവർ സമരത്തിനിരിക്കുന്നത്.
അതേസമയം, പരാതികക്ഷിയുടെ ആക്ഷേപം പൂർണമായും ശരിയല്ല എന്നാണ് പാഡി ഓഫീസ് പറയുന്നത്. ഉദ്യോഗസ്ഥർ ഓരോ പുഞ്ചകൃഷിയുടെയും നെല്ല് സംഭരണത്തിനും പ്രത്യേകം സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. പരാതി കക്ഷികളുടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ പുഞ്ചകൃഷിയുടെ പിആർഎസ് പൂർത്തിയാക്കേണ്ടത് 2025 ജൂലൈ 30ന് ആയിരുന്നു.
ഇപ്പോൾ നേരിട്ട് ഈ ഓഫീസിൽനിന്നും ഒന്നും ചെയ്യാനാവില്ല. പരാതിക്കാരെ ജൂലൈ 30ന് മുൻപ് പിആർഎസ് തയ്യാറാക്കാൻ വിളിച്ചെങ്കിലും യഥാസമയം കക്ഷികൾ എത്തിയില്ല. ഹെഡ് ഓഫീസിൽനിന്നും തീരുമാനം ഉണ്ടാകാതെ ഈ ഓഫീസിൽ നിന്നു മാത്രമായി ഇപ്പോൾ ഒന്നും ചെയ്യാനാവില്ല. പാഡി ഓഫീസ് അധികൃതർ വിശദീകരിക്കുന്നു.
