കാക്കനാട്: തൃക്കാക്കര നഗരസഭാ കവാടത്തിനു മുന്നില്‍ പായ വിരിച്ച് കിടപ്പുസമരം നടത്തി വീട്ടമ്മ. കുന്നത്തുചിറ ഡിവിഷനില്‍ അടുക്കത്ത് ലൈനില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലേബര്‍ ക്യാമ്പില്‍ നിന്നുള്ള സെപ്റ്റേജ് മാലിന്യം മൂലം പൊറുതിമുട്ടിയതോടെയാണ് വീട്ടമ്മയുടെ കിടപ്പുസമരം.
അമ്പതിലേറെ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്ത് ആകെയുള്ള ടോയ്ലെറ്റ് പൊട്ടിയൊഴുകി, സമീപത്തു താമസിക്കുന്ന ഇരുപതോളം കുടുംബങ്ങള്‍ തീരാദുരിതത്തിലായിട്ടും നഗരസഭാ അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപവുമായി അടുക്കത്ത് വീട്ടില്‍ രാജമ്മയാണ് നഗര സഭാ കവാടത്തിനു മുന്നില്‍ കിടപ്പു സമരത്തിനെത്തിയത്.
കെട്ടിട നിര്‍മ്മാണചട്ടം പാലിക്കാതെ ചുറ്റുമതില്‍ ഉള്‍പ്പടെ പുറംഭിത്തിയാക്കി യാതൊരു ഉറപ്പും ഇല്ലാതെ മുറികള്‍ തിരിച്ചു വാടകയ്ക്കു നല്കിയ സ്വകാര്യ വ്യക്തി സമീപവാസികളെ വെല്ലുവിളിക്കുന്നതിനെതിരെ രാജമ്മ ബാബു തൃക്കാക്കര പൊലിസിലും പരാതി നല്‍കിയിരുന്നു.
റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് എടുത്ത് കൊമേഴ്സ്യല്‍ ബില്‍ഡിംഗുകള്‍ നിര്‍മ്മിച്ച് കെട്ടിട നമ്പര്‍ പോലും ഇല്ലാതെ വാടകക്കു കൊടുക്കുന്നവരുടെ എണ്ണം പെരുകിയിട്ടും നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് അടുക്കത്ത് നിവാസികള്‍ പറയുന്നു.
ഇവിടെ നിര്‍മ്മിച്ച കെട്ടിട നമ്പര്‍ ഇല്ലാത്ത മുറികള്‍ക്ക് ഇലകട്രിക് പോസ്റ്റില്‍ നിന്നും നേരിട്ട് കണക്ഷന് കൊടുത്തതിനെതിരെ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും വെദ്യുതി ബോര്‍ഡില്‍ നിന്നും നടപടി ഉണ്ടായിട്ടിലെന്നും രാജമ്മ ബാബു പറഞ്ഞു. സ്വന്തമായി ഭൂമിയും കെട്ടിടവുമുള്ള സ്വകാര്യ വ്യക്തി ഏഴു സെന്റ് ദൂമിക്ക് അനധികൃതമായി പട്ടയം തരപ്പെടുത്തിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
