സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ വരുന്നു ! സ്വകാര്യ കമ്പനിയ്ക്ക് ടെണ്ടര്‍; പരിശോധനാ ചിലവ് കുത്തനെ കുറയും…

കേരളത്തില്‍ കോവിഡ് രൂക്ഷമായതോടെ ഇവിടെ നിന്നുള്ള സഞ്ചാരികള്‍ക്ക് മറ്റു സംസ്ഥാനങ്ങള്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സജ്ജമാക്കാനാണ് സംസ്ഥാനത്തിന്റെ പദ്ധതി. ഇതിനായി സ്വകാര്യ കമ്പനിയായ സാന്‍ഡോര്‍ മെഡിക്കല്‍സിന് ടെന്‍ഡര്‍ നല്‍കി.

ഇതിനൊപ്പം ആവശ്യമെങ്കില്‍ ടെണ്ടറില്‍ രണ്ടും മൂന്നും സ്ഥാനത്ത് വന്ന കമ്പനികളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ മൊബൈല്‍ ലാബുകള്‍ തുടങ്ങാനും ആലോചനയുണ്ട്. 448 രൂപ മാത്രമായിരിക്കും ഇവിടെ പരിശോധന നിരക്ക്.

ആര്‍ടി പിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയത്. സ്വകാര്യ ലാബുകളില്‍ പിസിആര്‍ പരിശോധക്ക് 1700 രൂപ ഈടാക്കുമ്പോള്‍ മൊബൈല്‍ ലാബില്‍ ചെലവ് വെറും 448 രൂപ മാത്രമെന്നത് കൂടുതല്‍ പേര്‍ക്ക് സൌകര്യമായിരിക്കും.

മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. ഇതോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുതിയ മാര്‍ഗ നിര്‍ദേശവും സര്‍ക്കാര്‍ പുറത്തിറക്കി.

സംസ്ഥാനത്ത് കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ് സൗകര്യം ഒരുക്കാനാണ് പുതിയ മാര്‍ഗ നിര്‍ദേശം .സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ പരിശോധന ഔട്ട് സോഴ്‌സ് ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്.

കോവിഡ് പരിശോധന ഫലത്തില്‍ വീഴ്ച ഉണ്ടായാല്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കും. 24 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം നല്‍കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കുവാനും നിര്‍ദ്ദേശമുണ്ട്.

കേരളത്തില്‍ കോവിഡ് കേസുകള്‍ രൂക്ഷമായതോടെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയ്ക്കും തമിഴ്‌നാടിനും പുറമേ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ഉത്തരാഖണ്ഡ്. ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം കടുപ്പിച്ചത്.

ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍നിന്നുളളവര്‍ക്ക് പ്രവേശനം നല്‍കൂവെന്ന് മഹാരാഷ്ട്ര, കര്‍ണാടക മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഒഡീഷ പശ്ചിമ ബംഗാള്‍ അടക്കമുളള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യാന്‍ സൗകര്യം ലഭിക്കുന്നത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാവും.

Related posts

Leave a Comment