ജീവന്‍നിലച്ച കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഒരമ്മയുടെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ ! വീഡിയോ വൈറലാവുന്നു…

കുഞ്ഞുങ്ങള്‍ എല്ലാ അമ്മമാരുടെയും ജീവശ്വാസമാണ്. കുഞ്ഞിന് എന്തെങ്കിലും പറ്റുന്നത് അമ്മയ്ക്ക് സഹിക്കാനാവില്ല. ജീവനറ്റ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന അമ്മ കുരങ്ങിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ആയിരക്കണക്കിന് ആളുകളെയാണ് കണ്ണീരിലാഴ്ത്തുന്നത്. രാജസ്ഥാനിലെ രത്തംഭോര്‍ ദേശീയ പാര്‍ക്കില്‍ നിന്നു പകര്‍ത്തിയതാണ് കരളലിയിക്കുന്ന ഈ ദൃശ്യങ്ങള്‍. ഡല്‍ഹി സ്വദേശിയായ അര്‍ച്ചന സിങ്ങാണ് പാര്‍ക്ക് സന്ദര്‍ശന വേളയില്‍ ഈ ദൃശ്യം കണ്ടത്.

ജൂണ്‍ മാസത്തിലാണ് അര്‍ച്ചന രത്തംഭോര്‍ സന്ദര്‍ശിച്ചത്. കടുത്ത ഉഷ്ണക്കാറ്റ് വീശിയടിക്കുന്ന സമയമായിരുന്നു അത്. കടുത്ത ചൂട് താങ്ങാന്‍ പറ്റാതെയാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിക്കുരങ്ങ് ജീവനറ്റത്. 49 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്നു അവിടെ രേഖപ്പെടുത്തിയ ചൂട്. രണ്ടു ദിവസം മാത്രം പ്രായമുള്ള കുട്ടിക്കുരങ്ങന്റെ മരണം കടുത്ത ചൂടു കാരണമാകാം സംഭവിച്ചതെന്നാണ് അര്‍ച്ചനയുടെ നിഗമനം.

അര്‍ച്ചന അമ്മക്കുരങ്ങിനെയും കുഞ്ഞിനെയും കാണുന്ന സമയത്ത് അതിന് ജീവനുണ്ടായിരുന്നു. രണ്ടു പേരെയും അലോസരപ്പെടുത്താതെയാണ് അര്‍ച്ചന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഏകദേശം രണ്ട് മണിക്കൂറോളം അര്‍ച്ചന ഇവരെ പിന്തുടര്‍ന്നു. ഇതിനിടെയിലെപ്പോഴോ ആണ് കുഞ്ഞിന്റെ ജീവനറ്റത്. കുഞ്ഞിന്റെ ജീവനറ്റെന്നു മനസ്സിലായെങ്കിലും അതിനെ ഉപേക്ഷിക്കാന്‍ ആ അമ്മക്കുരങ്ങ് തയാറായിരുന്നില്ല. ജീവനറ്റ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചായിരുന്നു അമ്മയുടെ നടത്തം.

ഇതിനിടയില്‍ പലപ്പോഴും കുഞ്ഞിനെ കളിപ്പിക്കാനും പാലൂട്ടാനും ശ്രമിക്കുന്നുണ്ടായിരുന്നു. മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും വേര്‍പാടുകളുടെ വേദനകള്‍ അതേ തീവ്രതയോടെ അനുഭവിക്കുന്നവരാണെന്ന് വ്യ്ക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. കുഞ്ഞുങ്ങളുടെ വേര്‍പാട് മനുഷ്യര്‍ക്കായാലും മൃഗങ്ങള്‍ക്കായാലും അത് താങ്ങാവുന്നതിലും അധികമാണ്. കണ്ണീരടക്കാനാവാതെയാണ് താന്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും അര്‍ച്ചന വ്യക്തമാക്കി.

ജീവനറ്റ കുഞ്ഞിനെയും തൂക്കിയെടുത്ത് മരത്തില്‍ കയറി ചാരിയിരുന്ന ആ അമ്മയുടെ അടുത്തേക്ക് മറ്റൊരു കുരങ്ങനുമെത്തിയിരുന്നു.ആ കുരങ്ങന്‍ കുഞ്ഞിന്റെ തലയിലും ശരീരത്തിലും പിടിച്ചു നോക്കി അത് ചത്തെന്നു മനസ്സിലാക്കി ആ അമ്മയുടെ ഇരു തോളിലും കൈകളും തലയും ചേര്‍ത്തു വച്ച് ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ആ ആശ്വാസവാക്കുകളൊന്നും അമ്മയുടെ സങ്കടത്തിനു പരിഹാരമായിരുന്നില്ല. ഏറെനേരം ജീവനറ്റ കുഞ്ഞുമായി മരത്തില്‍ ഇരുന്ന അമ്മ ഒടുവില്‍ അതില്‍ നിന്നിറങ്ങി കുഞ്ഞിനെയും ചേര്‍ത്തു പിടിച്ച് വനത്തിനുള്ളിലേക്കു തന്നെ മടങ്ങി. ഇതിനോടകം വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ചു കഴിഞ്ഞു.

Related posts