പത്തനംതിട്ട: സ്കൂൾ, കോളജ് കലോത്സവ വേദികളിൽ പാവനാടകം മത്സര ഇനമാക്കണമെന്ന് പത്മശ്രീ രാമചന്ദ്രപ്പുലവർ.കേരളത്തിലെ പാവനാടക കലാകാരന്മാർ സെന്റർ ഫോർ പപ്പട്രി ആൻഡ് പെർഫോമിംഗ് ആർട്സിന്റെ നേതൃത്വത്തിൽ കോഴിക്കോട്ടു നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ട്രിംഗ്സ് ഓഫ് ഇമേജിനേഷൻ എന്നു പേരിട്ട സമ്മേളനത്തിൽ പാവ നാടകത്തിന്റെ ആധുനിക സാധ്യതകളെപ്പറ്റി ചർച്ചകൾ നടന്നു.സമകാലിക വിഷയങ്ങൾ പാവ നാടകത്തിലൂടെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നത് ബോധവത്കരണം എളുപ്പമാക്കുമെന്ന് വിലയിരുത്തി.
ഡിജിറ്റൽ കാലഘട്ടത്തിൽ പാവകളിക്ക് എന്തെല്ലാം മാറ്റങ്ങളാകാം എന്നതു സംബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പാവനാടകപ്രവർത്തകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പത്തനംതിട്ട ജില്ലയുടെ അനുഷ്ഠാനകലയായ പടയണിയെ പാവനാടകവുമായി ബന്ധിപ്പിക്കാനുള്ള സാധ്യതകളെ സംബന്ധിച്ച് എം.എം. ജോസഫ് മേക്കൊഴുർ പ്രബന്ധം അവതരിപ്പിച്ചു.
ഡയറക്ടർ അജിത്ത് ആയഞ്ചേരി, പാവനാടകാചാര്യന്മാരായ ടി.പി. കുഞ്ഞിരാമൻ, പാവക്കഥകളി വിദഗ്ധൻ ശ്രീനിവാസ് കുന്നമ്പത്ത്, രാജീവ് പുലവർ, വേണുഗോപാലൻ നായർ നെടുമങ്ങാട്, സതീഷ് കെ. സതീഷ്, രാധാകൃഷ്ണൻ പേരാമ്പ്ര, പരമേശ്വരൻ, ഹനീഫ, അനിൽ ആയഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.
