മാന്നാർ: കുളിക്കടവില്‍ വീട്ടമ്മയെ പീഡിപ്പിച്ച് വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പിടികൂടാൻ കഴിയാതെ പോലീസ് ഇരുട്ടിൽത്തപ്പുന്നു. കൊലക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയിലില്‍നിന്നിറങ്ങിയ പരുമല കോട്ടയ്ക്കമാലില്‍ സബിറാണ് പോലീസിനെയും നാട്ടുകാരെയും വട്ടംചുറ്റിക്കുന്നത്.
നാലുമാസം മുമ്പാണ് വീടിനു സമീപത്തുള്ള കുളിക്കടവിൽ തുണി നനച്ചിരുന്ന വീട്ടമ്മയെ പിന്നിലൂടെ നീന്തി എത്തി തുണികൊണ്ട് മുഖംമൂടി വെള്ളത്തിലേക്ക് തള്ളിയിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മാന്നാർ കുരട്ടിക്കാട് തൊമ്മൻപറമ്പ് കടവിൽ പട്ടാപ്പകലായിരുന്നു സംഭവം.
പരിക്കേറ്റ വീട്ടമ്മ പരുമലയിലെ സ്വകാര്യ ആശുപതിയിൽ ചികിത്സ തേടിയിരുന്നു. ചെങ്ങന്നൂർ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് നാട്ടിലാകെ അരിച്ചു പെറുക്കിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
നാട്ടുകാരും സംഘടിച്ച് ഇയാൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ള നദീതീരങ്ങളിലും പൊന്തക്കാടുകളിലും അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.നിരവധി രാത്രികളിൽ പോലീസും നാട്ടുകാരും ഉറക്കമൊഴിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോൾ എല്ലാവരും ഷമീറിനെ മറന്ന മട്ടാണ്. ഈ അവസരത്തിലാണ് പോലീസ് ഷമീറിനായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഷമീർ ബംഗളൂരുവിന് കടന്നുകളഞ്ഞുവെന്നും ഇപ്പോൾ ബംഗളൂരുവിൽ ഉണ്ടെന്നുമാണ് പോലീസിന് ലഭിച്ച വിവരം. ഇത് സംബന്ധിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കൂടാതെ ഇയാളുടെ വിവിധ ഫോട്ടോകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9497990043, 94979 87066.
